/sathyam/media/media_files/7sbq1VZmNMV3EPExXant.jpg)
തിരുവനന്തപുരം: അതീവ ഗുരുതര ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ച് സർക്കാരിനെയും പോലീസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയ പി.വി. അൻവർ എം.എൽ.എയെ ഫോൺചോർത്തൽ അടക്കം കേസെടുകളെടുത്ത് പൂട്ടാൻ തന്ത്രങ്ങൾ തയ്യാർ.
സർക്കാർ, പോലീസ് തലത്തിലാണ് ഈ നീക്കങ്ങൾ സജീവമായത്. സംസ്ഥാന ഇന്റലിജൻസ് വിഭാഗം അൻവറിനെതിരേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അൻവറിന് പിന്നിൽ ആരൊക്കെയാണ്, ഫോൺചോർത്തലിനുള്ള സാങ്കേതിക സംവിധാനം എവിടെ നിന്ന് കിട്ടി അടക്കം കാര്യങ്ങൾ കണ്ടെത്താൻ വിശദാന്വേഷണമാണ് നടത്തുന്നത്.
സ്വർണക്കടത്ത് സംഘങ്ങൾ ആരോപണത്തിന് പിന്നിലുണ്ടോയെന്നും വിശദമായി അന്വേഷിക്കും. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ഗവർണറും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം വാർത്താ സമ്മേളനത്തിൽ എണ്ണിപ്പറഞ്ഞ് തള്ളിയ മുഖ്യമന്ത്രി, ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്തുകാരാണെന്ന ധ്വനിയും നൽകിയിരുന്നു.
സ്വർണക്കടത്തുകാർ പോലീസിനെതിരേ ആരോപണമുന്നയിക്കുമ്പോൾ അവരെ മഹത്വവത്കരിക്കരുതെന്ന മാദ്ധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ ഉപദേശം അൻവറിനെതിരായതാണെന്നും വിലയിരുത്തപ്പെടുന്നു.
സ്വർണക്കടത്തു പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിർവീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
സ്വർണക്കടത്ത് പിടികൂടുന്ന പോലീസിന്റെ നടപടിക്ക് തത്കാലമെങ്കിലും അവസാനമാവുമെന്ന കണക്കുകൂട്ടലിലാണ് ആരോപണങ്ങൾ എന്നാണ് പോലീസ് തലപ്പത്തെ വിലയിരുത്തൽ.
തനിക്കെതിരായ ആരോപണങ്ങളുന്നയിച്ച പി.വി.അൻവർ എം.എൽ.എയ്ക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്നാണ് എ.ഡി.ജി.പി അജിത് കുമാർ ഡി.ജി.പിക്ക് മൊഴിനൽകിയിട്ടുള്ളത്. വ്യക്തമായ ഗൂഢാലോചന ആരോപണങ്ങൾക്ക് പിന്നിലുണ്ട്.
സ്വർണക്കടത്ത്, കുഴൽപ്പണ - മയക്കുമരുന്ന് മാഫിയകളും നിരോധിത തീവ്രവാദ സംഘടനകളും ഗൂഢാലോചനയിലുള്ളതായി സംശയിക്കുന്നു. ഔദ്യോഗിക സ്ഥാനത്തിരുന്ന് ഇവർക്കെതിരേ ശക്തമായ നിയമനടപടികളെടുത്തതിന്റെ പകയാണ് തീർക്കുന്നത്.
ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം - അജിത് വിശദീകരിച്ചത് ഇങ്ങനെ.
തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരേ കേസുകൊടുക്കാൻ സർക്കാർ അനുവദിക്കണമെന്ന് എ.ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥന് ഇത്തരം നിയമനടപടികൾക്ക് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് അജിത് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അജിത്ത് ഹൈക്കോടതിയെ സമീപിക്കാനാണ് എല്ലാ സാദ്ധ്യതയും. പോലീസിനെതിരേയും ആരോപണങ്ങൾ ഉള്ളതിനാൽ സി.ബി.ഐ പോലെ പുറമെയുള്ള ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്ന വിവരത്തിലും ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം എസ്.പിയടക്കം ഒരു കൂട്ടം ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ പരാതി ഉന്നയിച്ചതിലും വൻ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മുട്ടിൽ മരംമുറിക്കേസ് പ്രതികൾക്ക് അടക്കം ഇതിൽ പങ്കുണ്ടാവാമെന്ന നിഗമനത്തിലാണ് ഇന്റലിജൻസ് അന്വേഷണം പുരോഗമിക്കുന്നത്.
അനധികൃത ഫോൺ ചോർത്തൽ 5വർഷം ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്. കുറേ പണം ചെലവായെങ്കിലും നിരവധി ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാവും അന്വേഷണം.
അതേസമയം, മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) ടെലികമ്യൂണിക്കേഷൻ സംവിധാനം ഉപയോഗിച്ച് മുൻ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ മന്ത്രിമാരടക്കമുള്ളവരുടെ ഫോൺ ചോർത്തിയതായാണ് പി.വി.അൻവറിന്റെ ആരോപണം.
അരീക്കോട് പഴയ എംഎസ്പി ക്യാംപ് ആസ്ഥാനത്താണ് എടിഎസ് പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് കമൻഡാന്റ് അജിത്, ജീവനക്കാരായ കെ.കെ.ജിനീഷ്, എൻ.എസ്.ശരത്, ജയപ്രസാദ്, രൂപേഷ് എന്നിവരുടെ സഹായത്തോടെയാണു ഫോൺ ചോർത്തിയത്.
സ്വർണക്കടത്തു കേസിൽ പിടിയിലായ കാരിയറെ ഭീഷണിപ്പെടുത്താൻ സുജിത് ദാസ് ലാപ്ടോപിൽ മന്ത്രിമാരടക്കമുള്ളവരുടെ ഫോൺ ചോർത്തിയതിന്റെ വിവരങ്ങൾ കാണിച്ചെന്നും അൻവർ വ്യക്തമാക്കിയിരുന്നു.