/sathyam/media/media_files/7sbq1VZmNMV3EPExXant.jpg)
തിരുവനന്തപുരം: പാര്‍ട്ടിയിലെ വിമത ശബ്ദങ്ങളെ മുളയിലെ നുള്ളി പാര്‍ട്ടിയിലും സര്‍ക്കാരിലും താനാണ് അവസാന വാക്കെന്ന് അടിവരയിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആഭ്യന്തര വകുപ്പിനും തന്‍റെ ഓഫീസിനും നേരേ വാളോങ്ങിയ പഴയ ചാവേര്‍ പിവി അന്‍വര്‍ എംഎല്‍എയെയും മൂലയ്ക്കിരുത്താനുള്ള തന്ത്രങ്ങളും തകൃതിയാണ്.
നാവടക്കിയില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകും എന്ന മുന്നറിയിപ്പ് പരസ്യമായി തന്നെ നല്‍കിയ പിണറായി അന്‍വറിനെ ഒരു പരിധിവരെ ഒതുക്കി എന്നതാണ് ശരി.
മാത്രമല്ല, അന്‍വറിനെ പിന്തുണയ്ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത കണ്ണൂരിലെ പ്രബലരുടെ വിമതനീക്കങ്ങളെ മുളയിലെ നുള്ളാനും പിണറായിക്കായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയങ്ങളെ തുടര്‍ന്ന് ഭരണപക്ഷത്ത് ഉരുണ്ടുകൂടിയ അസ്വസ്ഥതകള്‍ ഇതോടെ ഒരു പരിധിവരെ ഒതുക്കാന്‍ പിണറായിക്കായി. അപ്പോഴും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളിലെ അസംതൃപ്തിയും തൃശൂര്‍ പൂരം കലക്കല്‍പോലുള്ള വിവാദ വിഷയങ്ങളും ബൂമറാങ്ങ് ആയി തുടരുകയുമാണ്.
അന്‍വര്‍ അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്ന് അടുത്ത ആഴ്ചയോടെ വ്യക്തമാകും. അന്‍വറിനെതിരെ പോലീസ് നീങ്ങിയാലും അല്‍ഭുതപ്പെടാനില്ല. അത്തരം ചില ചരടുവലികള്‍ ശക്തമാണ്.
എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും മാറ്റണമെന്ന അന്‍വറിന്‍റെയും അതിന് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയ പാര്‍ട്ടിയിലെ പ്രബലരുടെയും വാക്കിന് പുല്ലുവില കല്പിച്ച് മുന്നേറാന്‍ തക്ക ശേഷി ഇപ്പോഴും തനിക്കുണ്ടെന്ന് പിണറായി തെളിയിച്ചു കഴിഞ്ഞു.
തുടക്കത്തില്‍ അന്‍വറിന്‍റെ ആരോപണങ്ങള്‍ ഗൗരവതരമെന്ന് പറഞ്ഞ് അല്പം പ്രോല്‍സാഹനം നല്‍കിയ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും ഇപ്പോള്‍ പഴയ നിലപാട് തുടരുന്നില്ല. പിണറായിക്കെതിരെ നീങ്ങാന്‍ തക്ക ശേഷി സംഭരിക്കാന്‍ ഇപ്പോഴും പാര്‍ട്ടിയിലെ അസംതൃപ്തര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്.
ഇപ്പോഴും പാര്‍ട്ടിയിലെ ക്രൈസിസ് മാനേജരാകാന്‍ പിണറായിക്കപ്പുറം മറ്റൊരാള്‍ ഇല്ലെന്നതിന് തെളിവാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പേരില്‍ പിണങ്ങിയ ഇപി ജയരാജനെ അനുനയിപ്പിച്ച അദ്ദേഹത്തിന്‍റെ നീക്കം. പറയേണ്ടത് പറയേണ്ടപോലെ പറയാന്‍ പിണറായി അല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന് വ്യക്തം.
ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷമുള്ള ഇടവേളയില്‍ പിണറായിക്കെതിരെ നീങ്ങിയ ഭരണപക്ഷത്തെ പ്രബലരെ ഒറ്റയടിക്ക് ഒതുക്കി വീണ്ടും കരുത്തനായിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി.