/sathyam/media/media_files/BkL1dwC2Ld1I9O3cIOgK.jpg)
തിരുവനന്തപുരം: ആർഎസ്എസിന്റെ രണ്ട് ഉന്നത നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഏജൻസിക്ക് വേണ്ടിയാണെന്ന് വരുത്തിതീർത്ത് കൂടിക്കാഴ്ചയുടെ യഥാർത്ഥലക്ഷ്യം മറയ്ക്കാൻ കള്ളക്കളി.
മലയാളിയായ അഭിജിത്ത് കോ-ഓർഡിനേറ്ററായ വരാഹി അനലറ്റിക്സ് ഏജൻസിക്ക് വേണ്ടിയാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്ന് വരുത്താനാണ് ഇപ്പോഴത്തെ ശ്രമം.
രാഷ്ട്രീയ കാര്യങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് വരുത്തി ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെതെന്നാണ് പ്രതിപക്ഷ ആരോപണം.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നും തിരുവനന്തപുരത്തും തൃശൂരിലും ബിജെപിയെ ജയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആർഎസ്എസ് നേതൃത്വവുമായി എഡിജിപി ചർച്ച നടത്തിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതിന്റെ പ്രത്യുപകാരമായാണ് ഉന്നതരായ സിപിഎം നേതാക്കൾക്കെതിരേ ആരോപണമുയർന്ന കരുവന്നൂർ കേസ് കേന്ദ്രം ഉഴപ്പിയതെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപി - സിപിഎം ധാരണയുടെ ഭാഗമായാണ് എഡിജിപിയുടെ കൂടിക്കാഴ്ചയെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്ക് ഒപ്പമുണ്ടായിരുന്ന ആർഎസ്എസ് നേതാവിന് പോലീസ് ഉടൻ നോട്ടീസ് നൽകും.
കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആർഎസ്എസ്, ബിജെപി ഉന്നതനേതാവ് റാംമാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഡിജിപിക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ബന്ധുവും ഒരു സിനസുകാരനുമുണ്ടായിരുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.
കേന്ദ്രസർക്കാരുമായും പ്രധാനമന്ത്രിയുമായും ഉറ്റബന്ധമുള്ളയാളാണ് റാംമാധവ്. തൃശൂരിൽ ആർഎസ്എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായാണ് അജിത് കൂടിക്കാഴ്ച നടത്തിയത്.
ആർഎസ്എസ് മേധാവി മോഹൻഭാഗവതിന്റെ പിൻഗാമിയായേക്കാവുന്ന ഹൊസബളെ ആർഎസ്എസ് നേതൃത്വത്തിലെ രണ്ടാമനാണ്. രാഷ്ട്രീയപരമായ ചർച്ചകളിൽ സിവിൽ സർവീസുകാർ പങ്കെടുക്കരുതെന്ന ചട്ടം പാലിക്കാതെയായിരുന്നു അജിത്തിന്റെ കൂടിക്കാഴ്ചകൾ.
ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കണ്ടെത്തിയാൽ അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കും. കോവളത്തെ കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം 3 ഗുരുതര വഞ്ചനാക്കേസുകളിലെ പ്രതിയുമുണ്ടായിരുന്നു. ചെന്നൈയിൽ ധനകാര്യ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിന് കണ്ണൂരിലും തിരുവനന്തപുരത്തുമായി 3 ബാർ ഹോട്ടലുകളുണ്ട്.
ദുബായിലും വൻകിട ബിസിനസുകളുണ്ട്. ബിസിനസിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് സജീവമായിരിക്കെയാണ്, എഡിജിപി ഇദ്ദേഹത്തിനൊപ്പം ആർഎസ്എസ് നേതാവിനെ കാണാൻപോയത്.
അടുത്തിടെ തലസ്ഥാനത്ത് അനുവദിച്ച ആറ് ബാറുകളിൽ രണ്ടെണ്ണം വിവാദ വ്യവസായിക്കാണ് കിട്ടിയത്. നേരത്തേ തമിഴ്നാട്ടിലും വ്യവസായിക്ക് ബാർ ഹോട്ടലുകളുണ്ടായിരുന്നു. തലശേരി ടൗണിനടുത്തെ ഫോർസ്റ്റാർ ഹോട്ടലും സ്വന്തം. കണ്ണൂർ വിമാനത്താവളത്തിലും വൻ നിക്ഷേപമുണ്ട്. ദുരൂഹ ഇടപാടുകൾക്ക് പണം മുടക്കിയത് വിവാദ വ്യവസായിയാണെന്നാണ് ഇന്റലിജൻസിനുള്ള വിവരം.
ദത്താത്രേയ ഹൊസബളെയുമായി നടത്തിയത് സ്വകാര്യ സന്ദർശനമാണെന്ന് എഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സഹപാഠിയായ ആർഎസ്എസ് നേതാവ് കൈമനം ജയകുമാറിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം.
പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാമ്പിനിടെ 2023 മേയ് 23നായിരുന്നു കൂടിക്കാഴ്ച. രേഖയൊഴിവാക്കാൻ ഔദ്യോഗിക വാഹനമുപേക്ഷിച്ച് ആർഎസ്എസ് നേതാവിന്റെ കാറിലായിരുന്നു യാത്രയെന്ന് സ്പെഷ്യൽബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഹൊസബളെയുമായുള്ള കൂടിക്കാഴ്ച എഡിജിപി സമ്മതിച്ചത്. 2023 മേയ് 23ന് തൃശൂരിൽ ആർഎസ്എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂൺ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച.
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് തന്റെ ഇടനിലക്കാരനായാണെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. തനിക്കു വേണ്ടി ഇടനില പിടിക്കാനും വഴിവിട്ട കാര്യത്തിന് കൂട്ടുനിൽക്കാനും ആർക്കും കഴിയില്ല.
ഒരിക്കലും വഴിവിട്ട ഒരു കാര്യത്തിനും നടക്കുന്നയാളല്ല താൻ. രാഷ്ടീയ താൽപര്യത്തിന് പോലീസുകാരെ ഇടനിലക്കാരായി ഉപയോഗിക്കുന്നത് കോൺഗ്രസ് ശൈലിയാണെന്നും ഇടതുമുന്നണിക്ക് അതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.