/sathyam/media/media_files/OwMF0seMfgy3WQYzQAye.jpg)
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി തോമസ്.കെ തോമസിനെ മന്ത്രിയാക്കാനുളള നീക്കം പൊളിഞ്ഞെങ്കിലും എൻ.സി.പി കേരള ഘടകത്തിലെ ആഭ്യന്തര യുദ്ധത്തിന് അയവില്ല.
സാമ്പത്തിക ഇടപാട് ചൂണ്ടിക്കാട്ടി തോമസ് കെ. തോമസിൻെറ മന്ത്രിസഭാ പ്രവേശനത്തിന് മുഖ്യമന്ത്രി തടയിട്ടെങ്കിലും പിൻവാങ്ങാനില്ലെന്ന നിലപാടിലാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ.
പാർട്ടിയുടെ കത്ത് ഉണ്ടായിട്ടും തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രിയുടെ സമീപനം ദേശിയ അധ്യക്ഷൻ ശരത് പവാറിനെ അറിയിക്കുന്നതിനായി പി.സി.ചാക്കോ മുംബൈയ്ക്ക് പോയി.
അടുത്ത ആഴ്ച കേരളത്തിൽ തിരിച്ചെത്തുന്ന ചാക്കോ 14ന് എൻ.സി.പി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻറുമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. എറണാകുളം കലൂരിലാണ് യോഗം. മന്ത്രി ശശീന്ദ്രനോട് ഒപ്പം നിൽക്കുന്ന നേതാക്കൾക്കെതിരായ നടപടിയുമായി മുന്നോട്ട് പോകാനാണ് ചാക്കോയുടെ തീരുമാനം.
വിഭാഗീയ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു എന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ രാജനെ നേരത്തെ സസ്പെൻറ് ചെയ്തിരുന്നു.
ഇത് കൂടാതെ ജില്ലകളിൽ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചു ചേർത്ത് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റസാക്ക് മൗലവി, എ.വി വല്ലഭൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, ആർ.കെ ശശിധരൻ പിള്ള, അഡ്വ രഘു കെ. മാരാത്ത് എന്നിവരോട് വിശദീകരണവും ആരാഞ്ഞിരുന്നു.
വിശദീകരണം നൽകാനുളള കാലാവധി തിങ്കളാഴ്ച അവസാനിക്കുകയാണ്. ഷോകോസ് നോട്ടിസ് ലഭിച്ച നേതാക്കളെല്ലാം ശശീന്ദ്രൻ പക്ഷക്കാരാണ്. പി.സി ചാക്കായുടെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളിൽ സംശയം ഉളളതിനാൽ ഷോ കോസ് നോട്ടീസിന് മറുപടി നൽകേണ്ടെന്നാണ് ശശീന്ദ്രൻ പക്ഷത്തിൻെറ തീരുമാനം.
സർക്കാരിനും ഇടത് മുന്നണിക്കും എതിരായ നീക്കം നടത്തുന്ന പി.വി അൻവറിനോട് അടക്കം അനുഭാവം പുലർത്തുന്ന പി.സി ചാക്കോ, പാർട്ടിയെ യു.ഡി.എഫിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് ശശീന്ദ്രൻ പക്ഷത്തിൻെറ സംശയം. അതുകൊണ്ടാണ് ഷോകോസ് നോട്ടീസിന് മറുപടി നൽകേണ്ടെന്ന് തീരുമാനം എടുത്തത്.
സംസ്ഥാന അധ്യക്ഷൻെറ നീക്കങ്ങളിൽ സംശയം ഉയരുന്ന സാഹചര്യത്തിൽ സമാന്തര സംസ്ഥാന കൗൺസിൽ യോഗം വിളിക്കാനാണ് ശശീന്ദ്രൻ പക്ഷത്തിൻെറ തീരുമാനം. ചാക്കോ വിളിക്കുന്ന യോഗത്തിന് മുൻപ് സമാന്തര യോഗം ചേരാനാണ് ധാരണ. അതുകൊണ്ട് തന്നെ വരുന്നയാഴ്ച തന്നെ യോഗം ചേർന്നേക്കും.
പാർട്ടിയെ യുഡിഎഫ് പാളയത്തിൽ എത്തിക്കാൻ നീക്കമുണ്ടെന്ന് സംശയം ശക്തമായതോടെ നിലവിൽ പി.സി ചാക്കോയ്ക്ക് ഒപ്പം നിൽക്കുന്ന സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡൻറുമാരും അകൽച്ചയിലാണ്. 14ന് ചാക്കോ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കണോ എന്ന ആലോചനയിലാണ് ഈ നേതാക്കൾ.
ചാക്കോ പക്ഷത്തുളള അസ്വസ്ഥത മനസിലാക്കി ശശീന്ദ്രൻ നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ താൻ വിളിക്കുന്ന സമാന്തര യോഗത്തിൽ തൽക്കാലം പങ്കെടുക്കേണ്ടെന്നാണ് ശശീന്ദ്രൻെറ നിർദ്ദേശം. വിഭാഗീയത ചൂണ്ടിക്കാട്ടി സസ്പെൻഷൻ പോലുളള നടപടികൾ ഉണ്ടാകുമെന്ന കണക്കൂട്ടലിലാണ് സമാന്തര യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് നിർദ്ദേശിച്ചത്.
മന്ത്രിയാകാൻ തോമസ് കെ.തോമസിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി കൊണ്ടാണ് മുഖ്യമന്ത്രി മന്ത്രിമാറ്റം തടഞ്ഞത്. നേരത്തെ എൻ.സി.പിക്ക് അകത്ത് പ്രചരിച്ചിരുന്ന ആക്ഷേപം മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിച്ചത് ആരാണെന്ന സംശയത്തിലാണ് പി.സി ചാക്കോയും തോമസ് കെ.തോമസും.
സാമ്പത്തിക ആരോപണം കൂടാതെ തോമസ് കെ. തോമസിനെതിരെ മറ്റ് പരാതികളും മുഖ്യമന്ത്രിക്ക് മുന്നിൽ ഉണ്ട്. തോമസ് കെ. തോമസിൻെറ ജ്യേഷ്ഠനും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് പരാതിയെന്നാണ് സൂചന.
കുടുംബത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചാണ് പരാതിയന്നാണ് എൻ.സി.പി നേതാക്കൾ നൽകുന്ന വിവരം. മുഖ്യമന്ത്രിയുടെ എതിർപ്പോടെ മന്ത്രിമാറ്റം പൊളിഞ്ഞതിൽ എ.കെ.ശശീന്ദ്രൻ വലിയ സന്തോഷത്തിലാണ്.
തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥിരീകരിക്കുന്നുമുണ്ട്. മന്ത്രി മാറ്റത്തിൽ മുഖ്യമന്ത്രിയുമായി ഇനിയൊരു ചർച്ച ഇല്ലെന്നും ശശീന്ദ്രൻ പറയുന്നുണ്ട്.