പ്രതിപക്ഷ നേതാവിന്റെ രൗദ്രഭാവം ആവാഹിച്ച് വിഡി സതീശൻ. മുഖ്യമന്ത്രി അഴിമതിക്കാരനെന്നും അങ്ങനെ ആവരുതെന്നാണ് നിത്യേന താൻ പ്രാർത്ഥിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മുഖത്തേക്ക് വിരൽചൂണ്ടി സതീശൻ. മറുപടിയില്ലാതെ, 'സതീശനല്ല വിജയൻ' എന്ന പതിവു തള്ളുമായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് സതീശൻ. ഇന്ന് സഭയിൽ കണ്ടത് കേരള രാഷ്ട്രീയത്തിന്റെ ദിശമാറ്റത്തിന്റെ തുടക്കം

മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നും അങ്ങനെ ആവരുതെന്നാണ് താൻ നിത്യേന പ്രാർത്ഥിക്കുന്നതെന്നും സതീശൻ തുറന്നടിച്ചതോടെ, മുഖ്യമന്ത്രി ക്ഷുഭിതനായി. കാപട്യത്തിന്റെ മൂർത്തീഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

New Update
pinarai vijayan vd satheesan niyamasabha
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സമീപകാല വിവാദങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്  സർക്കാരിനെ അതിരൂക്ഷമായി ആക്രമിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശനെയാണ് ഇന്ന് നിയമസഭയിൽ കണ്ടത്. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നും അങ്ങനെ ആവരുതെന്നാണ് താൻ നിത്യേന പ്രാർത്ഥിക്കുന്നതെന്നും സതീശൻ തുറന്നടിച്ചതോടെ, മുഖ്യമന്ത്രി ക്ഷുഭിതനായി. കാപട്യത്തിന്റെ മൂർത്തീഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

Advertisment

എന്നാൽ മുഖ്യമന്ത്രി എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ അദ്ദേഹത്തെക്കൊണ്ട് പറയിക്കുന്നതാണിതെന്നും ചുറ്റിലുമുള്ള അവതാരങ്ങൾ പറയുന്നത് മാത്രമേ മുഖ്യമന്ത്രിക്ക് അറിയാവൂ എന്നും അതിരൂക്ഷണായി തിരിച്ചടി നൽകി സതീശൻ.

നിയമസഭയിൽ ഇന്നലെ ശൂന്യവേളയുടെ തുടക്കം മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും വാക്കുകളാൽ ഏറ്റുമുട്ടുകയായിരുന്നു. ഒരിക്കലുമില്ലാത്ത വിധത്തിൽ വ്യക്തിപരമായ ആരോപണങ്ങളുമായി ഇരുവരും ഏറ്റുമുട്ടി.

സതീശൻ - "ചോദ്യോത്തര വേളയിൽ സഭാനടപടി ബഹിഷ്കരിച്ച് പുറത്തുപോയപ്പോൾ ഞാൻ നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കി. എന്നാൽ മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും തനിക്കെതിരേ വ്യക്തിപരമായ പരാമർശങ്ങൾ നടത്തി". 


"മുഖ്യമന്ത്രി പറഞ്ഞത് താൻ നിലവാരമില്ലാത്തവനായി എന്നാണ്. എന്നെക്കുറിച്ച് നല്ല വാക്ക് പറഞ്ഞെങ്കിൽ വിഷമിച്ചു പോയേനെ. ഞാൻ ഭയങ്കര വിശ്വാസിയാണ്. എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ആളാണ്. പ്രാർത്ഥനയിൽ വിചാരിക്കുന്ന കാര്യം അങ്ങയെപ്പോലെ ഒരു അഴിമതിക്കാരനാവരുതെന്നും നിലവാരമില്ലാത്തവൻ ആവരുതെന്നുമാണ്. അതുകൊണ്ട് എന്റെ നിലവാരമളക്കാൻ മുഖ്യമന്ത്രി വരേണ്ട". 


സതീശൻ - "എനിക്കെതിരായി മന്ത്രി രാജേഷും പരാമർശം നടത്തി. എല്ലാവരേയും കൂട്ടിയോജിപ്പിക്കേണ്ട ആളാണ് പാർലമെന്ററികാര്യമന്ത്രി. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് വകുപ്പുപോലും ഭരിക്കാൻ ശേഷിയില്ല. വേറെ ആളുകളാണ് ഭരിക്കുന്നത്". 

"അതുകൊണ്ട് അവരൊന്നും ഞങ്ങളെ അളവെടുക്കേണ്ട. ഈ സഭയിൽ എം.വി.രാഘവനെ തല്ലിച്ചതച്ചിട്ടുണ്ട്. സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് ഒത്താശ കൊടുത്തതാര്. അന്നൊക്കെ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ്" ?

എം.ബി രാജേഷ് - "പ്രതിപക്ഷനേതാവിനെക്കുറിച്ച് ഒരു വ്യക്തിപരമായ പരാമർശവും നടത്തിയില്ല. ശക്തൻ ആൻഡ് കൗളിന് മുകളിൽ അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചു എന്നാണ് പറഞ്ഞത്. സ്പീക്കർക്കെതിരേ നടത്തിയത് അധിക്ഷേപകരമായ പരാമർശങ്ങൾ. അതുവഴി അപക്വമതിയാണെന്ന് തെളിയിച്ചു".

vd satheesan niyanasabha-2

മുഖ്യമന്ത്രി - "സതീശൻ തീർത്തും നിലവാരമില്ലാത്ത രീതിയിലാണ് സ്പീക്കർക്കെതിരായ അധിക്ഷേപ വാക്കുകൾ പറഞ്ഞത്. ആ നിലവാരമില്ലാത്ത നില അദ്ദേഹം സ്വീകരിക്കുന്നത് ഈ ഘട്ടത്തിൽ മാത്രമല്ല, നേരത്തേ പല ഘട്ടങ്ങളിലും ഇതുണ്ടായിട്ടുണ്ട്".  

"എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് സ്പീക്കർക്കെതിരേ കടുത്ത അധിക്ഷേപം ചൊരിഞ്ഞപ്പോൾ സതീശന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പറയേണ്ടി വന്നു. ആ നിലവാരമില്ലായ്മ സഭയിൽ വീണ്ടും വെളിവാക്കി".

"സതീശൻ എല്ലാദിവസും പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ നല്ലതുതന്നെ. ആ പ്രാർത്ഥന എന്താകാനാണ് ? എന്താണ് അദ്ദേഹം വെളിപ്പെടുത്തിയത് ? ഇവിടെ അഴിമതിക്കാരനാവരുതേ എന്നാണുപോലും അദ്ദേഹത്തിന്റെ പ്രാർത്ഥന". 


"നമ്മുടെ സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ്, വി.ഡി സതീശൻ ആരാണ് എന്നതിനെക്കുറിച്ചൊക്കെ എല്ലാവർക്കും ധാരണയുണ്ട്. വി.ഡി സതീശന്റെ പ്രാർത്ഥനയിൽ എന്താണ് ഉള്ളതെന്ന് എനിക്കറിയില്ല. പക്ഷേ, പിണറായി വിജയൻ അഴിമതിക്കാരനെന്ന് പറഞ്ഞാൽ ഈ സമൂഹം അംഗീകരിക്കുമെന്ന് കരുതേണ്ട".


"പ്രതിപക്ഷത്തിന് വേണ്ടത് എൽ.ഡി.എഫിനെയാകെ മോശക്കാരായി ചിത്രീകരിക്കണം. അതിന്റെ ഭാഗമായി മുന്നണിയുടെയും സർക്കാരിന്റെയും പ്രതീകമായി നിൽക്കുന്ന എന്നെ ഏതെല്ലാം തരത്തിൽ അധിക്ഷേപിക്കാനുള്ള അവസരമാണ് നോക്കുന്നത്". 

pinarai vijayan niyanasabha

"എത്ര കാലമായി തുടങ്ങിയിട്ട്. സമൂഹം അംഗീകരിച്ചോ. സമൂഹത്തിന് ഏതെങ്കിലും തരത്തിലെ പിന്തുണയുണ്ടായോ ? ഇത്തരം അപവാദപ്രചാരണത്തിലൂടെ ആളുകളെ തകർത്തു കളയാമെന്ന് വിചാരിക്കേണ്ട. നിങ്ങളും ഞങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സമൂഹം വിലയിരുത്തുന്നുണ്ട്".

"ഇത്തരം അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് തീർക്കേണ്ട കാര്യമല്ല. അഴിമതിയുടെ പര്യായങ്ങളായി എങ്ങനെയൊക്കെ മാറുന്നെന്ന കഥകളിലേക്ക് ഞാനിപ്പോൾ കടക്കുന്നില്ല. അതിനുള്ള അവസരമമായി ഇതിനെ മാറ്റുന്നില്ല. സമൂഹം എല്ലാം കാണുന്നുണ്ടെന്ന് മനസിലാക്കികൊള്ളണം".

സതീശൻ - "മുഖ്യമന്ത്രി പലപ്രാവശ്യം ആവർത്തിച്ച് നിലവാരമില്ലെന്ന് പറഞ്ഞു. അത് സ്വയം കണ്ണാടിയിൽ നോക്കിയാൽ മതി. ചെകുത്താൻ വേദമോദുന്നത് പോലെയാണ് പിണറായി വിജയൻ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയത്". 


"മുഖ്യമന്ത്രി പ്രതിപക്ഷത്തിനെയും ഏതുസമയവും അവഹേളിക്കുന്നു. അതിൽ തെറ്റില്ല, കാരണം അദ്ദേഹം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ അദ്ദേഹത്തെക്കൊണ്ട് പറയിക്കുന്നതാണത്. കേരളത്തിലെ ജനങ്ങൾ സർക്കാരിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. കാരണം ചുറ്റുപാടും നിൽക്കുന്ന അവതാരങ്ങൾ പറയുന്നത് മാത്രമേ നിങ്ങൾക്കറിയൂ. നിങ്ങൾ അഴിമതിക്കാരനാണെന്ന് ജനങ്ങൾ പറയുന്നു. നിങ്ങളുടെ നിലവാരത്തിലേക്ക് താഴരുതെന്നാണ് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്".


മുഖ്യമന്ത്രി - "പ്രതിപക്ഷനേതാവ് അതൊക്കെ മനസിൽ വച്ചാൽ മതി. അതൊന്നും എന്റടുത്ത് ഏശില്ല കേട്ടോ. കണ്ണാടിയിൽ നോക്കേണ്ടത് നിങ്ങളാണ്. ഞാനല്ല കണ്ണാടിയിൽ നോക്കേണ്ടത്. അതാദ്യം മനസിലാക്കണം". 

"ഈ നാട് എന്താണെന്ന് ആദ്യം മനസിലാക്കണം. ഈ നാടാകെ ഞങ്ങളെ ഉപേക്ഷിച്ചു എന്നാണല്ലോ നിങ്ങൾ കരുതുന്നത്. എന്താണ് നിങ്ങൾക്കിത്ര വെപ്രാളം. എന്തിനാണ് തീർത്തും അധിക്ഷേപം ചൊരിയുന്നത്. എന്തുകൊണ്ടാണ് ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ് കാണിക്കാത്തത്".


"എന്തിനാണ് പ്രതിപക്ഷാംഗങ്ങളെ തള്ളിവിടുന്നത്. അതിനാലല്ലേ സ്പീക്കർ ചോദിച്ചത് ആരാണ് പ്രതിപക്ഷ നേതാവെന്ന്. നിങ്ങളുടെ വാക്കിന് വല്ല വിലയുമുണ്ടോ ? നിങ്ങൾ കാണിക്കുന്ന കാപട്യത്തിന്റെ മറ്റൊരു ഭാഗമല്ലേ അത്. നിങ്ങളൊരു നിലയെടുക്കുക, മറ്റുള്ളവരെ പറഞ്ഞുവിടുക. നിങ്ങളുടെ കാപട്യം സമൂഹം കാണുന്നില്ലെന്നാണോ".


"നല്ല വാചകത്തിൽ പറഞ്ഞാൽ കാര്യങ്ങൾ തീർത്തുപോകുമെന്നാണോ കരുതുന്നത്. ആ ധാരണ വേണ്ട. അത്തരമൊരു ധാരണയിൽ തുടരുകയും വേണ്ട. സതീശനല്ല, പിണറായി വിജയൻ. അത് മനസിലാക്കികൊള്ളണം". 

"സതീശൻ കാപട്യത്തിന്റെ മൂർത്തീകരണമാണ്. അതല്ല ഞാൻ. ഞാനീ നാടിന്റെ മുന്നിൽ എപ്പോഴും നിന്നിട്ടുണ്ട്. എല്ലാ ഘട്ടത്തിലും ഞാനിത് പറഞ്ഞിട്ടും. അങ്ങനെതന്നെ പോവുകയും ചെയ്യും. അത് മനസിലാക്കിയാൽ മതി".

Advertisment