/sathyam/media/media_files/i8CkXGdag4YK6drS6SA3.jpg)
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കം സംസ്ഥാനത്തെ ബാധിക്കുന്ന, പ്രതിപക്ഷം ഉന്നയിച്ച 49 ചോദ്യങ്ങൾ നിയമസഭയിൽ നേരിട്ട് മറുപടി നൽകേണ്ട നക്ഷത്രചിഹ്നമിട്ട ഗണത്തിൽ നിന്ന് ഒഴിവാക്കിയത് സഭയിൽ ബഹളത്തിന് വഴിവച്ചു.
പ്രതിപക്ഷാംഗങ്ങൾ നൽകിയ 49 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തിയതോടെ നിയമസഭയുടെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവും സ്‌പീക്കറും നേർക്കുനേർ ഏറ്റുമുട്ടി.
പ്രതിപക്ഷനേതാവ് സ്‌പീക്കറെ വിമർശിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി.രാജേഷും സതീശനെതിരെ രംഗത്തെത്തിയോടെ ചോദ്യത്തരവേള ബഹളത്തിൽ മുങ്ങി.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷനേതാവ് ആരോപണവുമായി എഴുന്നേറ്റു. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ വെട്ടിനിരത്തുന്ന രീതിയാണെങ്കിൽ തങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാൽ യാതൊരു വിവേചനവും കൂടാതെ ചട്ടപ്രകാരമാണ് ചോദ്യങ്ങളെ തരംതിരിച്ചിട്ടുള്ളതെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും തദ്ദേശീയ പ്രാധാന്യമുള്ളതും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.
ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനു മുൻപ് പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രതിപക്ഷം അവയെ വിമർശിച്ചത് അവകാശ ലംഘനമാണെന്നും ശക്തർ ആൻഡ് കൗളിനെ ഉദ്ധരിച്ച് സ്‌പീക്കർ വിശദീകരിച്ചു.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്‌പീക്കർ പറയുന്നതെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. പിന്നാലെ, പ്രതിപക്ഷം പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്കിറങ്ങി. സർക്കാരിനെതിരെയുള്ള ചോദ്യങ്ങളെ ഭയന്നിട്ടില്ലെന്നും ഉത്തരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് കെട്ടിട സമുച്ചയങ്ങൾക്കുള്ള പാർക്കിംഗ് ഇളവുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യത്തിന് ടി. സിദ്ധിഖിനെ സ്പീക്കർ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല.
ഇതോടെ ദുരിതാശ്വാസനിധി സംബന്ധിച്ച ഭരണപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയുടെ മറുപറയുന്നതിനിടെ ഹ.ഹ..ഹ എന്ന് പൊട്ടിച്ചിരിച്ചും ഭരണപക്ഷത്തുള്ളവരെ പ്രകോപിപ്പിച്ചും പ്രതിപക്ഷാംഗങ്ങൾ 17 മിനിട്ട് ചോദ്യോത്തരവേള തടസപ്പെടുത്തി.
ബഹളത്തിൽ ചോദ്യോത്തരവളേ പുരോഗമിക്കുന്നിടെ 9.18ന് വി.ഡി.സതീശൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും സ്പീക്കർ മൈക്ക് അനുവദിച്ചില്ല. പ്രതിപക്ഷ അംഗങ്ങൾ സീറ്റിലേക്ക് മടങ്ങാതെ മൈക്ക് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്പീക്കർ.
ഇതോടെ ഒരുവിഭാഗം അംഗങ്ങൾ സീറ്റിലേക്ക് മടങ്ങി. എന്നാൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാത്തതിൽ മാത്യു കുഴൽനാടൻ സ്‌പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് കയർത്തതോടെ ആരാണ് പ്രതിപക്ഷനേതാവ് എന്ന് സ്‌പീക്കർ ചോദിച്ചു.
ആരാണ് ലീഡർ, പ്രതിപക്ഷത്തിന് ഒരുപാട് ലീഡർമാരുണ്ടോ ? ഇത് വി.ഡി.സതീശനെ പ്രകോപിച്ചു. പക്വതയില്ലാതെ പെരുമാറിയ ഷംസീർ സ്പീക്കർ പദവിയ്ക്ക് അപമാനമെന്നായി സതീശൻ. പിന്നാലെ ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
പ്രതിപക്ഷം പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ കേരളം കണ്ട അപക്വമതിയായ പ്രതിപക്ഷനേതാവ് വി.ഡി സതീശനെന്ന് മന്ത്രി എം.ബി രാജേഷ് ആഞ്ഞടിച്ചു. ശാക്തർ ആൻഡ് കൗളിന് മുകളിൽ പ്രതിക്ഷനേതാവ് തന്നെ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രതിക്ഷനേതാവിന്റെ പെരുമാറ്റം അഹന്തയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് സ്വയം നിലവാരമില്ലാത്ത ആളാണെന്ന തെളിയിച്ചെന്ന് മുഖ്യമന്ത്രിയും പരിഹസിച്ചു. അവജ്ഞയോടെ ആ വാക്കുകൾ തള്ളിയുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. പ്രതിക്ഷനേതാവിന്റെ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ സ്‌പീക്കർ വി.ഡി.സതീശൻ സ്പീക്കർക്ക് നേരെ നടത്തിയ പരാമർശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കം ചെയ്യുന്നതായും അറിയിച്ചു.
എന്നാൽ ചോദ്യങ്ങൾക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെയും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയും ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും വിധേയമായാണ് പരിശോധിക്കുന്നതെന്ന് സ്പീക്കർ റൂളിംഗ് നൽകി.
ഭരണപക്ഷ എം.എൽ.എ-മാർ സമർപ്പിക്കുന്ന നക്ഷത്രചിഹ്നമിട്ട ചോദ്യ നോട്ടീസുകളും ചട്ടം 36(2) പ്രകാരം നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി അനുവദിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളുടെ നോട്ടീസുകളും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതും തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളും ആണെന്ന വസ്തുത പരിഗണിച്ചാണ് അവ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചുള്ളത്. ഇക്കാര്യത്തിൽ മനഃപൂർവ്വമായ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല.
നിയമസഭാ ചട്ടം 266-ന്റെ ക്ലിപ്ത നിബന്ധന പ്രകാരം 'ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയിൽ ചോദ്യത്തിന് മറുപടി നൽകുന്ന ദിവസം വരെ യാതൊരു പ്രചാരണവും നൽകാൻ പാടില്ല' എന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അംഗങ്ങൾ സമർപ്പിച്ച നോട്ടീസുകൾ നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി അനുവദിച്ച നടപടിയെ വിമർശിച്ചതിലൂടെ പ്രസ്തുത നോട്ടീസുകൾക്ക് നൽകിയ പ്രചാരണം സഭയുടെ അവകാശത്തിന്റെ ലംഘനം ആയിട്ടുകൂടി പരിഗണിക്കാവുന്നതാണ്.
അതിനാല്‍ ഇക്കാര്യത്തില്‍ തികച്ചും സ്വാഭാവികമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ക്രമരഹിതമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും സഭയെ അറിയിക്കാന്‍ ചെയര്‍ ആഗ്രഹിക്കുന്നു.