/sathyam/media/media_files/HleNJbIuXkbef4XdDfKg.jpg)
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നതോടെ, വിരമിച്ച ശേഷം ബിജെപിയിലെത്തിയ ഐ.പി.എസുകാർ മൂന്നായി.
ടി.പി. സെൻകുമാറും ഡോ. ജേക്കബ് തോമസുമാണ് മുൻഗാമികൾ. ഇരുവരും ഡിജിപി റാങ്കിൽ വിരമിച്ചവരാണ്. ബി.ജെ.പിയിൽ ചേർന്നെങ്കിലും ഇവർക്കൊന്നും കാര്യമായ സ്ഥാനങ്ങളോ ചുമതലകളോ ബി.ജെ.പി നൽകിയിട്ടില്ല.
സെൻകുമാറിനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാൻ പരിഗണിച്ചെങ്കിലും അതുണ്ടായില്ല. ജേക്കബ് തോമസിനെ ഗവർണറാക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. സെൻകുമാറിനെ തിരുവനന്തപുരം ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗമാക്കിയത് മാത്രമാണ് ഏക ആശ്വാസം.
ഇവർക്കെല്ലാം മുൻപേ മുൻ പി.എസ്.സി ചെയർമാനും സംസ്കൃത യൂണിവേഴ്സിറ്റി വൈസ്ചാൻസലറുമായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിയായിരുന്ന ഡോ. അബ്ദുൾ സലാം എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.
ഇരുവരെയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യഥാക്രമം എറണാകുളത്തും മലപ്പുറത്തും മത്സരിപ്പിച്ചു. ഇവർക്കും ഔദ്യോഗിക പദവികളൊന്നും നൽകിയില്ല. പക്ഷേ ഡോ.കെ.എസ് രാധാകൃഷ്ണനെ സംസ്ഥാന ഉപാദ്ധ്യക്ഷനാക്കിയിരുന്നു.
ശ്രീലേഖ ബിജെപിയിലെത്തുന്നത് അത്ര ആകസ്മികമല്ല. നേരത്തേ തന്നെ അവരുടെ ബിജെപി അനുകൂല മനസ് വ്യക്തമായിരുന്നു. വിരമിച്ച ശേഷം പോലീസിനെയും സർക്കാരിനെയും പലവട്ടം അവർ ആക്രമിച്ചെങ്കിലും അതെല്ലാം തിരിച്ചടിച്ചു.
നടിയെ ആക്രമിച്ച കേസിൽ വ്യാജതെളിവുകളുണ്ടാക്കിയെന്ന് ആരോപണമുന്നയിച്ച് പോലീസിനെ കുരുക്കിയിരുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥർ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നെന്നും കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നെന്നുമുള്ള തുറന്നടിക്കൽ സേനയുടെ അപ്രീതി വിളിച്ചുവരുത്തി.
ഒരു ഡി.ഐ.ജി വനിതാ എസ്.ഐയെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ദുരുപയോഗിച്ചത് നേരിട്ടറിയാമെന്ന ഉദാഹരണ സഹിതമായിരുന്നു ശ്രീലേഖയുടെ പരാമർശം.
ഡി.ഐ.ജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ലെന്നും രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ശ്രീലേഖയുടെ വിമർശനമെന്നും ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
മോശമായി പെരുമാറിയ ഡി.ഐ.ജിയുടെ പേരുപറയാൻ പൊലീസ് സംഘടന വെല്ലുവിളിച്ചെങ്കിലും ശ്രീലേഖ അനങ്ങിയില്ല. കിളിരൂർ കേസിലെ പ്രതി ലതാനായരെ തല്ലിയെന്ന് വിരമിച്ചശേഷം ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
പക്ഷേ, ഒരടി കൂടി ബാക്കിയുണ്ട്. തല്ലുന്നത് നിയമപരമല്ല, എന്നാൽ പലപ്പോഴും അതിനൊരു ന്യായമുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് രണ്ടടി കൊടുക്കാനാവത്തതിൽ ഇന്നും ദു:ഖമുണ്ട് - ഇതായിരുന്നു വാക്കുകൾ.
ആലുവ ജയിലിൽ റിമാൻഡിലായിരിക്കെ, നടൻ ദിലീപിനെ സഹായിച്ചെന്ന ആരോപണത്തെക്കുറിച്ച് ശ്രീലേഖയുടെ മറുപടി ഇങ്ങനെയായിരുന്നു:- ''ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണ്. ജയിൽ ഡി.ജി.പി എന്ന നിലയിൽ നൽകിയത് റിമാൻഡ് പ്രതി അർഹിക്കുന്ന പരിഗണന മാത്രം''.
പോലീസിലെ മാനസിക പീഡനം സഹിക്കാനാവാതെ ഐ.പി.എസിൽ നിന്ന് രാജിവയ്ക്കാെനൊരുങ്ങിയെന്നും ഒരു ഘട്ടത്തിൽ രാജിക്കത്ത് എഴുതിയതാണെന്നും അവർ വിരമിച്ച ശേഷം വെളിപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം. ഡി.ജി.പി ഉൾപ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം - ഇതാണ് പോലീസിലെ സ്ഥിതിയെന്ന് ശ്രീലേഖ തുറന്നടിച്ചു.
വിദ്യാർത്ഥിനികൾ സ്വയരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ കൈയിൽ കരുതണമെന്ന് സാങ്കേതികസർവകലാശാലയിലെ പരിപാടിയിലെ ശ്രീലേഖയുടെ പരാമർശവും വിവാദമായി.
ജയിൽ മേധാവിയായിരിക്കെ തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങൾക്കു ജയിൽ ഉദ്യോഗസ്ഥർ ഡിജിപിയെ വിളിക്കരുതെന്ന് ശ്രീലേഖ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു.
ഒരു വർഷത്തിനിടെ മൂന്നു തവണയാണ് ശ്രീലേഖ ഇക്കാര്യത്തിൽ സർക്കുലർ ഇറക്കിയത്. ജയിലുകളിൽ അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ മാത്രം വിളിക്കാമെന്നായിരുന്നു ശ്രീലേഖയുടെ സർക്കുലർ.
പിന്നാലെ ജയിൽ മേധാവിയായ ഋഷിരാജ് സിംഗ് ശ്രീലേഖയുടെ ഉത്തരവ് തിരുത്തി. ജയിലിലെ വിവരങ്ങൾ അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് തന്നെ എപ്പോഴും ഫോണിൽ വിളിക്കാമെന്നായിരുന്നു സിംഗിന്റെ ഉത്തരവ്.
തടവുകാർക്കു പൊലീസ് അകമ്പടി ലഭിച്ചില്ലെങ്കിൽ ഏതു സമയത്തും സൂപ്രണ്ടുമാർക്കു തന്നെ നേരിട്ടു വിളിക്കാമെന്നായിരുന്നു ജയിൽ വകുപ്പ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ഋഷിരാജ് സിങ്ങിന്റെ ആദ്യ സർക്കുലർ.
ജയിലുകളിൽ അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ ജയിൽ ഉദ്യോഗസ്ഥർക്കു ജയിൽ മേധാവിയെയോ മേഖലാ ഡിഐജിയോ വിളിക്കാമെന്നും ഇവർ മാത്രമേ തന്നെ വിളിക്കാൻ പാടുള്ളൂവെന്നുമായിരുന്നു ശ്രീലേഖയുടെ സർക്കുലർ.
ക്രമസമാധാന പ്രശ്‌നം, ജയിൽചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ശ്രീലേഖ ചൂണ്ടിക്കാട്ടിയത്. എന്നാൽ ജയിൽ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടത്തിയ ആദ്യ യോഗത്തിൽ തന്നെ ജയിലിലെ ഏതു വിവരവും തന്നെ വിളിച്ചറിയിക്കാമെന്ന് ഋഷിരാജ് പറഞ്ഞിരുന്നു.
പിന്നാലെ ഇത് സർക്കുലറാക്കി പുറത്തിറക്കി. ഔദ്യോഗിക ഫോണിനു പുറമേ തന്റെ സ്വകാര്യ മൊബൈൽ നമ്പറിലും വിളിക്കാം. പോലീസ് അകമ്പടി ലഭിക്കാത്തതുമൂലം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കഴിയാതെ വന്നാൽ അതിന്റെ ഉത്തരവാദിത്തം സൂപ്രണ്ടുമാർക്കാണെന്നും ഋഷിരാജിന്റെ സർക്കുലറിലുണ്ടായിരുന്നു.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമാണ് ആർ.ശ്രീലേഖ. സാധാരണ കുടുംബത്തിൽ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയർന്ന്, 1987ൽ ഇരുപത്തിയാറാം വയസിൽ ഐ.പി.എസ് നേടിയപ്പോൾ അതൊരു റെക്കാർഡായിരുന്നു.
സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷകയായി. അപകടങ്ങൾ കുത്തനെ കുറച്ച ഗതാഗത കമ്മിഷണറായി. ഇന്റലിജൻസ്, ഫയർഫോഴ്സ് മേധാവിയായി. ജയിലുകളുടെ ആദ്യ വനിതാ മേധാവിയായി.
പതിനാറാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട ശ്രീലേഖ, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കരുത്താർജ്ജിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ പാട്ട്,നാടകം, എൻ.സി.സി, എൻ.എസ്.എസ് എന്നിവയിലെ താരമായിരുന്നു.
തിരുവനന്തപുരം വനിതാകോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഇഗ്‌നോവിൽ നിന്ന് എംബിഎ എന്നിവ നേടി. ആദ്യം വിദ്യാധിരാജ കോളേജിൽ അധ്യാപികയായിരുന്നു.
രാജിവച്ച് റിസർവ് ബാങ്കിൽ ജോലിചെയ്യവേ സിവിൽസർവീസ് പരീക്ഷയെഴുതി. ഐ.പി.എസ് ലഭിച്ചു. പീഡിയാട്രിക് സർജൻ ഡോ.സേതുനാഥാണ് ഭർത്താവ്. മകൻ ഗോകുൽനാഥ്.