/sathyam/media/media_files/Xe6FBs3e3So5CUbfBLU2.jpg)
തിരുവനന്തപുരം: നിയമസഭ ഇന്ന് ശൂന്യവേളയിലേക്ക് കടന്നപ്പോൾ ട്രഷറി ബഞ്ചിന്റെ പിൻസീറ്റിലിരുന്ന കൊല്ലം എം.എൽ.എയും നടനുമായ മുകേഷിനെയായിരുന്നു സഭയിലുണ്ടായിരുന്നവരെല്ലാം ശ്രദ്ധിച്ചത്.
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടികൾ നാലുവർഷത്തിലേറെ വൈകിയത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസായിരുന്നു ശൂന്യവേളയിൽ ആദ്യം പരിഗണിച്ചത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ മുകേഷിനെതിരേ കൊച്ചിയിലെ നടി ലൈംഗിക ആരോപണം ഉന്നയിക്കുകയും പ്രത്യേക പോലീസ് സംഘം മുകേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നോട്ടീസ് പരിഗണിക്കവേ ചെവിയിൽ ഹെഡ്ഫോണും വച്ച് ആരോടും ഒന്നും മിണ്ടാതെ ശാന്തനായിരിക്കുകയായിരുന്നു മുകേഷ്.
പ്രതിപക്ഷത്തെ കെ.കെ.രമയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. മുകേഷിന്റെ കേസും അറസ്റ്റുമടക്കം നോട്ടീസ് അവതരണ വേളയിൽ രമ ചർച്ചയാക്കുമെന്ന ആശങ്കയിലായിരുന്നു ഭരണപക്ഷം ഒന്നാകെ. മതിയായ തയ്യാറെടുപ്പുകൾ നടത്തിയായിരുന്നു രമയും പ്രതിപക്ഷ അംഗങ്ങളും സഭയിൽ എത്തിയിരുന്നത്.
അടിയന്തര പ്രമേയം പരിഗണിക്കുമ്പോൾ പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീതാ ബീഗവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥ ഗ്യാലറിയിലും ഉണ്ടായിരുന്നു. എന്നാൽ നോട്ടീസ് അവതരിപ്പിക്കാൻ പോലും സ്പീക്കർ എ.എൻ.ഷംസീർ അനുവദിച്ചില്ല.
ഹൈക്കോടതിയുടെ സജീവ പരിഗണനയിലുള്ള വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാനാവില്ലെന്നായിരുന്നു നിലപാട്. മാത്രമല്ല, നോട്ടീസ് നിഷേധിച്ചത് സ്പീക്കറാണെന്നും ആരും വാക്കൗട്ട് പ്രസംഗം നടത്തേണ്ടെന്നും സ്പീക്കർ പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ച കീഴ്‌വഴക്കമുണ്ടെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാത്തത് സഭയ്ക്ക് അപമാനമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
"ഹേമാകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യം ചോദിച്ചപ്പോൾ സബ്മിഷനായി കൊണ്ടുവരാൻ സ്പീക്കറാണ് നേരത്തേ പറഞ്ഞിരുന്നത്. നോട്ടീസിന് അനുമതി നൽകാത്ത സ്പീക്കറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ പ്രതിരോധത്തിലായതിനാലാണ് സഭയിൽ ചർച്ച അനുവദിക്കാത്തത് " - സതീശൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശൻ വാക്കൗട്ടിനു ശേഷം പുറത്ത് പറഞ്ഞു. സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം നിയമസഭയിൽ അല്ലെങ്കിൽ എവിടെയാണ് ചർച്ച ചെയ്യുക. നോട്ടീസിന് അനുമതി നിഷേധിച്ചത് ഞെട്ടലുണ്ടാക്കുന്നതാണ്.
റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ പറഞ്ഞത്. അതിനെയാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുന്നത്. ലൈംഗികാതിക്രമ പരമ്പര തന്നെയുണ്ടായെന്ന് വ്യക്തമായിട്ടും നാലരവർഷം സർക്കാർ റിപ്പോർട്ട് കൈയിൽവച്ചത് നിയമവിരുദ്ധമാണ്.
ആറുമാസം തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചെയ്തിരിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഈ സർക്കാരിനെ എങ്ങനെ സ്ത്രീകൾ വിശ്വസിക്കും.
ഇരകൾക്ക് ആത്മവിശ്വാസം നൽകുന്ന നിലപാടെടുത്തെങ്കിൽ എല്ലാവരും മൊഴിനൽകാൻ തയ്യാറാവുമായിരുന്നു. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്താനൊരുങ്ങുകയാണെന്നും സതീശൻ പറഞ്ഞു.
ചർച്ച അനുവദിക്കാതിരുന്നത് തികഞ്ഞ വഞ്ചനയാണെന്നും കേരളത്തിലെ സ്ത്രീസമൂഹത്തെ പച്ചയായി പറ്റിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു. ജസ്റ്റിസ് ഹേമയുടേത് പഠനറിപ്പോർട്ട് മാത്രമാണെന്നും അതിന് നിയമസാധുതയില്ലെന്നും രമ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്മേൽ സർക്കാരിന് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടെന്ന് എം.കെ.മുനീർ പറഞ്ഞു.