കേരളത്തെ ഞെട്ടിച്ച ഉരുള്‍പൊട്ടലുകളുണ്ടായ മലനിരകൾക്കിടയിലൂടെ വയനാട്ടിലേക്ക് തുരങ്കപ്പാത ? യാതൊരു പഠനവും നടത്താതെ ടെൻഡർ വിളിച്ച് സർക്കാർ. തുരക്കുന്നത് പശ്ചമഘട്ടത്തിലെ ഏറ്റവും ദു‌ർബലമായ മലനിരകൾ. പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ലെന്ന് തുറന്നടിച്ച് സിപിഐ. പഠനങ്ങളെല്ലാം നടത്തിയോയെന്ന് ഹൈക്കോടതി. ഒന്നും കേൾക്കാതെ സർക്കാർ മലകൾ തുരക്കാനിറങ്ങുന്നു

കേരളത്തെ ഞെട്ടിച്ച രണ്ട് ഉരുള്‍പൊട്ടലുകള്‍ നടന്ന മലകള്‍ക്ക് ഇടയിലാണ് തുരങ്ക പാതയ്ക്ക് നിശ്ചയിച്ച സ്ഥലം. അന്തിമ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ സംസ്ഥാനതല വിദഗ്ദ്ധസമിതിയുടെ പരിഗണനയിലാണ്. അനുമതി ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും.

New Update
wayanad churam-5
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലുകൾ മറന്ന്, പശ്ചിമഘട്ട മലനിരകൾ തുരന്ന് വയനാട് തുരങ്കപ്പാതയുണ്ടാക്കാൻ ഒരുങ്ങി സർക്കാർ. ഇന്ന് നിയമസഭയിലാണ് തുരങ്കപാതയുടെ ടെൻഡർ തുറന്നത് സർക്കാർ വെളിപ്പെടുത്തിയത്. പരിസ്ഥിതി അനുമതി കൂടി കിട്ടിക്കഴിഞ്ഞാൽ തുരങ്ക നിർമ്മാണം ആരംഭിക്കുകയാണ്.


Advertisment

പാതയ്ക്കായി കോഴിക്കോട് ജില്ലയിലെ 8.052 ഹെക്ടർ സ്വകാര്യഭൂമി, വയനാട്ടിലെ 8.122 ഹെക്ടർ സ്വകാര്യഭൂമിയും മരാമത്ത് വകുപ്പ് ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോട്ട് 1.854 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


പദ്ധതിക്ക് ആകെ വേണ്ട ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഉരുൾപൊട്ടലിന് ശേഷം പദ്ധതിയുടെ ആഘാത പഠനം നടത്തിയിട്ടില്ല.

കേരളത്തെ ഞെട്ടിച്ച രണ്ട് ഉരുള്‍പൊട്ടലുകള്‍ നടന്ന മലകള്‍ക്ക് ഇടയിലാണ് തുരങ്ക പാതയ്ക്ക് നിശ്ചയിച്ച സ്ഥലം. അന്തിമ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ സംസ്ഥാനതല വിദഗ്ദ്ധസമിതിയുടെ പരിഗണനയിലാണ്. അനുമതി ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും.

wayanad churam-6


ടണൽ പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളായി എൻജിനിയറിംഗ് മാനേജ്മെന്റ് പ്രൊക്യുർമെന്റ് രീതിയിൽ നടത്തും. ഒന്നാം പാക്കേജിന്റെ സാമ്പത്തിക ബിഡ് ജൂലായ് എട്ടിനും രണ്ടാം പാക്കേജിന്റേത് സെപ്തംബർ നാലിനും തുറന്നു. അന്തിമപാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും.


2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയുടെയും ഇപ്പോൾ ദുരന്തമുണ്ടായ ചൂരൽമലയുടെയും സമീപത്തായാണ് തുരങ്കപ്പാത വരുന്നത്. ഇതിനായി പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബലമായ മലകൾ തുരക്കേണ്ടി വരും.

അപൂർവമായ പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണിവിടം. പ്രകൃതി ദുരന്തങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കണമെന്ന ആവശ്യം നിലനില്‍ക്കെ, പശ്ചിമഘട്ടം തുരന്നുകൊണ്ടുള്ള പദ്ധതി അപകടകരാണ്. 


മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു. സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി.


തുരങ്കപാതക്കായി തുരക്കുന്ന മലകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സമീപകാല ഉരുൾപൊട്ടലുകളിൽ നിന്ന് സർക്കാർ പാഠം പഠിക്കുന്നില്ലെന്നും വെള്ളരിമല, ചെമ്പ്ര മലകളിലും അതിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിലും നിരവധിതവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നും അവർ പറ‌ഞ്ഞു.

vallari mala


ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ, നിർദിഷ്ട ആനക്കാംപൊയിൽ–മേപ്പാടി തുരങ്ക പാതയെക്കുറിച്ച് ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു. ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.


ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. വയനാട്ടിൽ തുരങ്കം നിർമിക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു.

സർക്കാരും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂലമാണെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുരങ്ക പദ്ധതിക്ക് കോടതി എതിരല്ല. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. വയനാട്ടിലെ ദുരന്ത മേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ അനുമതി വേണമെന്ന് നേരത്തേ കോടതി നിർദേശം നൽകിയിരുന്നു. 

തുരങ്കപ്പാതയ്ക്ക് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ എതിരാണ്. തുരങ്കപാത നിർമാണത്തെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. 

തുരങ്കപാതയെ സംബന്ധിച്ച് മൂന്നുവട്ടമെങ്കിലും ചിന്തിക്കണം. ശാസ്ത്രീയപഠനം ആവശ്യമാണ്. വയനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി ബോധമുണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു.

bonoy viswam press meet


‘‘പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ല. വികസനത്തിന് സ്ഥായിയായ നിലനിൽപ്പുവേണം. അല്ലെങ്കിൽ വികസനത്തിന്റെ പേരിൽ മുടക്കിയ കോടികളെല്ലാം നഷ്ടപ്പെട്ടുപോകും. ഭൂമി സർവംസഹയല്ല, അതിന്റെ ക്ഷമയ്ക്ക് അതിരുണ്ട്’’ - ബിനോയ് വിശ്വം പറഞ്ഞു.


പശ്ചിമഘട്ടമേഖലയിലെ നിയമവിരുദ്ധമായ എല്ലാപ്രവർത്തനങ്ങളും അനധികൃതനിർമാണങ്ങളും തടയും. പശ്ചിമഘട്ടത്തിന്റെ ദുർബലമേഖലകളിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment