/sathyam/media/media_files/W7KP77cOI4rXHrWfrrea.jpg)
തിരുവനന്തപുരം: ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധൈര്യം കാണിക്കില്ലെങ്കിലും, മുഖ്യമന്ത്രിക്കെതിരേ രാജ്യവിരുദ്ധ പരാമർശത്തിന്റെ പേരിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് വഴിയൊരുക്കാനാണ് ഡൽഹിയിൽ തിരക്കിട്ട ശ്രമം.
കേരളത്തിൽ 3 വർഷമായി സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടായി മാറുന്നെന്ന് അറിയാമായിരുന്നിട്ടും നടപടിയെടുത്തില്ലെന്നും ഇത് 'രാജ്യവിരുദ്ധ'മാണെന്ന് പത്രസമ്മേളനം വിളിച്ച് പറയുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരേ എൻ.ഐ.എ അടക്കം ഏതെങ്കിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകാൻ സാദ്ധ്യതയുണ്ട്.
ഇന്നലെ ഡൽഹിയിലേക്ക് പോയ ഗവർണർ അവിടെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നടക്കം ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് ഗവർണർ ആവർത്തിക്കുന്നുണ്ട്.
സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾക്ക് ലഭിക്കുന്നത് അറിയാമായിരുന്നിട്ടും തടഞ്ഞില്ലെന്നും വിവരം തന്നെ അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന് ഗവർണർ നീക്കം നടത്തുന്നത്.
സ്വർണക്കടത്ത് ദേശവിരുദ്ധ കുറ്റകൃത്യമായതിനാൽ ഇക്കാര്യത്തിൽ എൻ.ഐ.എ അന്വേഷണത്തിന് നിഷ്‍പ്രയാസം കഴിയും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരൻ പ്രതിയായ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ചത് എൻ.ഐ.എയായിരുന്നു.
നിരോധിത സംഘടനകളുടെ രക്ഷാധികാരിയാണ് മുഖ്യമന്ത്രിയെന്നും അവരുടെ പിന്തുണ മുഖ്യമന്ത്രിക്ക് കിട്ടുന്നുണ്ടെന്നും തുറന്നടിച്ച ഗവർണർ, മുഖ്യമന്ത്രി വിവരം പുറത്തായപ്പോൾ അവരെ കൈവിട്ടെന്നും എല്ലാം നിഷേധിക്കുകയാണെന്നും തുറന്നു പറഞ്ഞിരുന്നു. സ്വർണക്കടത്തിനെ നിരോധിത തീവ്രവാദ സംഘടനകളുമായി കൂട്ടിക്കെട്ടുന്നതിലൂടെ വീണ്ടുമൊരു എൻ.ഐ.എ അന്വേഷണത്തിനാണ് ഗവർണർ കോപ്പുകൂട്ടുന്നതെന്ന് വ്യക്തം.
കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത് താൻ ഗൗരവപൂർവം പരിഗണിക്കുകയാണെന്ന് ഡൽഹിയിലേക്ക് പോവും മുൻപ് തിരുവനന്തപുരത്ത് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേരളത്തിലെ പൊതു സംഭവ വികാസങ്ങളെക്കുറിച്ച് ഗവർണർ എല്ലാ മാസവും റിപ്പോർട്ട് നൽകാറുണ്ട്.
എന്നാൽ സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമർശം, ദി ഹിന്ദുവിലെ അഭിമുഖവും പി.ആർ ഏജൻസിയുടെ ഇടപെടലും, ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിൽ പോവാതെ തടഞ്ഞത് അടക്കം സംഭവങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രപതിക്ക് സ്പെഷ്യൽ റിപ്പോർട്ട് നൽകാനാണ് ഗവർണറുടെ നീക്കം.
ഗവർണർ റിപ്പോർട്ട് നൽകിയാലും കേന്ദ്രസർക്കാർ എൻ.ഐ.എ പോലുള്ള ഏജൻസികളുടെ അന്വേഷണം ഇക്കാര്യത്തിൽ പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ലാവ്‍ലിൻ പോലെ കേന്ദ്രസർക്കാരിന് പിണറായിക്കു മേൽ പിടിമുറുക്കാനും വിറപ്പിച്ചു നിർത്താനുമുള്ള ഒരു ആയുധമായി ഗവർണറുടെ റിപ്പോർട്ട് മാറുമെന്ന് ഉറപ്പാണ്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നാണ് ഗവർണർ പറയുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയുംകുറിച്ച് വിവരംതേടിയിട്ടും നൽകാതെ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം തന്നിൽനിന്ന് മറച്ചുവച്ചെന്നാണ് ഗവർണറുടെ കുറ്റപ്പെടുത്തൽ.
ക്രമസമാധാനപാലനം സംസ്ഥാന വിഷയമായിരിക്കെ ഇത് തടയാതെ, മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് ഗവർണർ ആവർത്തിക്കുന്നുണ്ട്. അതിനാണ് ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും തടഞ്ഞതെന്നും ആരോപിക്കുന്നു. 'രാജ്യവിരുദ്ധ' പ്രവർത്തനങ്ങൾ എന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി തനിക്കെഴുതിയ കത്തിൽ വിശദീകരിക്കുന്നത്.
എന്നാൽ കത്തിന്റെ രണ്ടാംപേജിൽ 'രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ' നടക്കുന്നതായി പറയുന്നു. ഇത് കുറേക്കൂടി ഗൗരവമുള്ളതാണ്, ഇതൊരു സാധാരണ ക്രമസമാധാന പ്രശ്നവുമല്ല. രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്നതാണ്. എന്നിട്ടും വിവരം തന്നെ അറിയിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു.
വിവരങ്ങൾ ആവശ്യപ്പെട്ട കത്തിന് 27 ദിവസം മറുപടി തന്നില്ല. ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ശേഷമാണ് മറുപടി ലഭിച്ചത്. അവർ രാജ്ഭവനിൽ ഹാജരാവുന്നത് തടഞ്ഞത് എന്തോ ഒളിക്കാനുള്ളതിനാലാണ്. 3 വർഷം മുൻപ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ പിടിയിലായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ദുരൂഹവും സംശയകരവുമാണ്- ഗവർണർ തുറന്നടിച്ചു.
രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ കേരളത്തിൽ നടക്കുന്നെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ പൊലീസ് ഇടപെട്ടോ ? രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ രാജ്യദ്രോഹമല്ലാതെ എന്താണ്? ഒരു നടപടിയുമെടുക്കാത്തത് രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ചുമതലയാണ്.
ചീഫ്സെക്രട്ടറിയും ഡിജിപിയും എന്ത് ആവശ്യത്തിനും രാജ്ഭവനിൽ വരുന്നവരാണ്. രാജ്യത്തിനെതിരായ കുറ്റങ്ങളെക്കുറിച്ച് ഗവർണർ അന്വേഷിക്കേണ്ടേ ? ഗവർണറെ വിവരങ്ങളറിയിക്കാനുള്ള ഭരണഘടനാപരമായ ചുമതല മുഖ്യമന്ത്രിക്കുണ്ട്. ഭരണപരമായ സാധാരണ കാര്യങ്ങളല്ല ഇവിടെ നടക്കുന്നത് - ഗവർണർ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത് കേന്ദ്ര അന്വേഷണം ലക്ഷ്യമിട്ടു തന്നെയാണെന്ന് ഉറപ്പ്.