ഡൽഹിയിലും മുഖ്യമന്ത്രി കഴിയുക ഈച്ചപോലും കടക്കാത്ത കരിമ്പൂച്ചകളുടെ കാവലിൽ. സുരക്ഷയൊരുക്കാൻ ഏഴംഗ കമാൻഡോ സംഘം ഡൽഹിയിൽ. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം, മൊബൈൽ ജാമർ ഘടിപ്പിച്ച വണ്ടി പിന്നാലെ. അരഡസൻ അകമ്പടി വാഹനങ്ങളും. ഡൽഹിയിൽ കാലുകുത്തുന്നതു മുതൽ തിരിച്ചുപോരും വരെ മുഖ്യമന്ത്രി കരിമ്പൂച്ചകളുടെ വലയത്തിൽ. സുരക്ഷ കൂട്ടിയത് കേന്ദ്രാനുമതിയോടെ. ഡൽഹിയിലും മുഖ്യമന്ത്രിക്കായി ഉയരുന്നത് സുരക്ഷാകോട്ട

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏതാനും വർഷങ്ങളായി മുഖ്യമന്ത്രിക്ക് ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai vijayan escort commandos
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരളാ പോലീസ് കമാൻഡോകളുടെ കടുത്ത സുരക്ഷയുണ്ടാവും. മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കാനുള്ള എസ്കോർട്ട് കമാൻഡോകളെ ഡൽഹിയിലെത്തിച്ചു കഴിഞ്ഞു. 


Advertisment

ഏഴംഗ എസ്കോർട്ട് സംഘം 15 മുതൽ 20 വരെ ഡൽഹി കേരളഹൗസിൽ താമസിക്കുന്നതിന്റെ രേഖ പുറത്തുവന്നു. ഇവർക്ക് കേരളാഹൗസിലെ താമസം സജ്ജീകരിക്കാനുള്ള ഉത്തരവുമിറങ്ങി. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയെ കമാൻഡോകൾ കേരളത്തിൽ നിന്നേ അനുഗമിക്കാനും ഇടയുണ്ട്. 


മുൻപ് അന്യസംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പോവുമ്പോൾ അവിടുത്തെ പോലീസിന്റെ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സുരക്ഷാ ഏകോപനത്തിന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ അങ്ങോട്ട് അയയ്ക്കുമായിരുന്നു. 

കർണാടകത്തിൽ പോയപ്പോൾ എസ്.പി കെ.കാർത്തിക്കിനെയും ആന്ധ്രയിൽ പോയപ്പോൾ എ.ഡി.ജി.പി എച്ച്. വെങ്കിടേശിനും അവിടങ്ങളിലേക്ക് അയച്ചിരുന്നു.

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏതാനും വർഷങ്ങളായി മുഖ്യമന്ത്രിക്ക് ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുകയായിരുന്നു.


ഡൽഹിയിൽ പിണറായിക്ക് സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനമുണ്ട്. ഒപ്പം മൊബൈൽ ജാമറുള്ള മറ്റൊരു വാഹനവും. നാല് കമാൻഡോകളടക്കം 15 സുരക്ഷാ ഉദ്യോഗസ്ഥർ പിണറായിയെ അനുഗമിക്കും. അകമ്പടി വാഹനങ്ങളുടെ എണ്ണവും കാര്യമായി കൂട്ടിയിരുന്നു. 


ഡൽഹിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടാൻ രണ്ട് എസ്.യുവികൾ വാങ്ങിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ആവശ്യം കണക്കിലെടുത്താണിത്. ഇതിനെല്ലാം പുറമെയാണ് പഴുതടച്ച സുരക്ഷയ്ക്കായി മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘം ഡൽഹിയിലുള്ളത്. ഡൽഹി വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഇറങ്ങുന്നതു മുതൽ തിരിച്ചു പോവും വരെ ഈ ഏഴംഗ സംഘം കരിമ്പൂച്ചകളായി മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.

chief ministers escort details

മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ എസ്.ഐ മഞ്ജുനാഥ്, എ.എസ്.ഐ സജുകുമാർ, സി.പി.ഒ സബീർ, കമാൻഡോകളായ സുമേഷ്, സബീർ, അഭിറാം, രഞ്ജു, ശ്രീരാജ് എന്നിവരാണ് 15മുതൽ 20വരെ ഡൽഹിയിൽ തുടരുക. ഇവർക്കായി കേരളഹൗസിൽ 7 കിടക്കകൾ  പൊതുഭരണ വകുപ്പ് സജ്ജമാക്കി. 

നേരത്തേ മുഖ്യമന്ത്രി ഡൽഹിയിലെത്തുമ്പോൾ അവിടെ സുരക്ഷയ്ക്ക് പോലീസിന്റെ സ്ഥിരം സംവിധാനം ഉണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ടവരല്ല ഈ ഏഴംഗ സംഘമെന്നാണ് അറിയുന്നത്. 


മുൻപ് കേരളത്തിലെ മുഖ്യമന്ത്രിമാർ ഡൽഹിയിൽ എത്തുമ്പോൾ ഡൽഹി പോലീസായിരുന്നു സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിയുടെ അതേ സുരക്ഷാ കാറ്റഗറിയുള്ള ഗവർണർക്കും നേരത്തേ ഡൽഹി പോലീസായിരുന്നു സുരക്ഷയൊരുക്കിയിരുന്നത്. 


ഇപ്പോൾ ഗവർണർക്ക് സി.ആ‌ർ.പി.എഫാണ് സുരക്ഷ നൽകുന്നത്. മുഖ്യമന്ത്രിയുടെ ഡൽഹിയിലെ സ്ഥിരം സുരക്ഷാ സംവിഘാനത്തിൽ നാല് കോൺസ്റ്റബിൾമാരാണുണ്ടായിരുന്നത്. 

ഇപ്പോൾ എസ്.ഐ, എ.എസ്.ഐ റാങ്കിലെ ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തുകയാണ്. സ്ഥിരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ട്രാവൻകൂർ ഹൗസിൽ ക്വാർട്ടേഴ്സ് അനുവദിച്ചിട്ടുണ്ട്. പുതുതായെത്തുന്ന ഏഴംഗ സംഘത്തിന് കേരളാ ഹൗസിൽ പുതിയ താമസമാണ് അനുവദിച്ചത്. മുൻപുണ്ടായിരുന്ന നാല് കോൺസ്റ്റബിൾമാരിൽ രണ്ടു പേർക്ക് 15 ദിവസം വീതം എന്ന ക്രമത്തിലായിരുന്നു ഡ്യൂട്ടി.


കേരളത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. 


ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് എസ്.പി. റാങ്കുള്ള ഡെപ്യൂട്ടി കമ്മീഷണറുമുണ്ട്.  മുഖ്യമന്ത്രിയുടെ യാത്രകളിലെയും ഓഫീസിലെയും ക്ലിഫ്ഹൗസിലെയും താമസസ്ഥലങ്ങളിലെയുമടക്കം സുരക്ഷാ ചുമതല ഈ എസ്.പിക്കായിരിക്കും. 

മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും സി.ഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിനെയും വിന്യസിക്കുന്നുണ്ട്. ഒന്നര മണിക്കൂർ മുൻപ് ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പോലീസ് നിയന്ത്രണത്തിലാക്കും. 


വേദികളേലേക്കുള്ള വഴികൾ പൊലീസ് അടയ്ക്കും. കർശന പരിശോധനയ്ക്ക് ശേഷമേ ആളുകളെ കടത്തിവിടൂ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുന്ന പാതയിലേക്കെത്തുന്ന എല്ലാ ചെറുവഴികളും അടച്ചിടും. വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഗതാഗതം നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രി നഗരത്തിൽ യാത്രചെയ്യുമ്പോൾ പത്തു മീറ്റർ ഇടവിട്ട് പൊലീസിനെ നിയോഗിക്കും. 


പ്രധാന ജംഗ്ഷനുകളിൽ സി.ഐമാരുടെ നേതൃത്വത്തിൽ പൊലീസ് സംഘത്തെ നിയോഗിക്കും. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളാക്കി, ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ക്ലിഫ്ഹൗസിന് ചുറ്റും രാത്രിയും പകലും ഫ്ലൈയിംഗ് സ്ക്വാഡ് റോന്തുചുറ്റും.

Advertisment