സർക്കാരുമായി ഗുസ്തി പിടിച്ച്  പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച ഹരി എസ് കർത്താ ഗവർണറെ വഴിതെറ്റിച്ചോ ? സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടിംഗിന് ഉപയോഗിക്കുന്നെന്ന് പോലീസിന്റെ വെബ്സൈറ്റിൽ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്രെ. ഗവർണറെ എതിർത്ത് പോലീസ് പത്രക്കുറിപ്പ് ഇറക്കി. പിന്നാലെ ഗവർണർക്ക് തിരുത്തേണ്ടി വന്നു. കൃത്യമായ വിവരം നൽകാതെ കുഴപ്പിച്ചതിന് ഹരിയെ അതൃപ്തിയറിയിച്ച് ഗവർണർ

സ്വർണക്കടത്തിലൂടെയുള്ള പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടിംഗിന് ഉപയോഗിക്കുന്നെന്ന് പോലീസിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നെന്ന ഗവർണറുടെ പ്രസ്താവന ഹരിയുടെ വാക്ക് വിശ്വസിച്ചായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
‘ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരൂ’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഒവൈസി
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള നേർക്കുനേർ യുദ്ധത്തിൽ ഗവർണറുടെ അഡിഷണൽ പി.എ ആയ ബി.ജെ.പി സംസ്ഥാനസമിതി അംഗം ഹരി എസ് കർത്താ തെറ്റായ വിവരം നല്‍കി ഗവര്‍ണറെ തെറ്റദ്ധരിപ്പിച്ചതായി ആരോപണം.

Advertisment

സ്വർണക്കടത്തിലൂടെയുള്ള പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടിംഗിന് ഉപയോഗിക്കുന്നെന്ന് പോലീസിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നെന്ന ഗവർണറുടെ പ്രസ്താവന ഹരിയുടെ വാക്ക് വിശ്വസിച്ചായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഗവർണറെ എതിർത്ത് പോലീസ് പരസ്യമായി വാർത്താക്കുറിപ്പിറക്കിയതോടെ ഗവർണർ പ്രതിരോധത്തിലായി.

arif muhammad khan-4


പോലീസ് വെബ്സൈറ്റിലെ വിവരമല്ല, ഇക്കണോമിക് ടൈംസിലെ വാർത്ത ഉദ്ധരിച്ചാണ് താൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നും പോലീസിന്റെ എതിർപ്പും നിഷേധവും താൻ അംഗീകരിക്കുകയാണെന്നും ഗവർണർക്ക് പിന്നീട് പറയേണ്ടി വന്നു.


ഇക്കണോമിക്സ് ടൈംസിന്റെ കേരളത്തിലെ കറസ്പോണ്ടാന്റായി ഏറെക്കാലം പ്രവർത്തിച്ചിട്ടുള്ളയാളാണ് ഹരി എസ് കർത്ത. തനിക്ക് തെറ്റായ വിവരം നൽകിയതിന്റെ പേരിൽ ഹരി എസ് കർത്തായെ ഗവർണർ അതൃപ്തി അറിയിച്ചു എന്നാണ് വിവരം.

ഇത് കേട്ടുകേള്‍വി ഇല്ലാത്തത്


ഗവർണറെ പോലീസ് തിരുത്തുന്നതും അക്കാര്യമറിയിച്ച് പത്രക്കുറിപ്പ് ഇറക്കുന്നതും കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്.  സാധാരണ ആഭ്യന്തര സെക്രട്ടറി വഴിയാണ് പോലീസ് ഗവർണറുമായി ആശയവിനിമയം നടത്താറുള്ളത്. അല്ലെങ്കിൽ ഡിജിപിയോ ഇന്റലിജൻസ് മേധാവിയോ നേരിട്ടെത്തി വിവരമറിയിക്കും.


എന്നാൽ ഗവർണർ പറഞ്ഞതായി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ  വന്ന പ്രസ്താവനയ്ക്കുള്ള വിശദീകരണം എന്ന രീതിയിലാണ് പോലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഓഫീസർ വാർത്താക്കുറിപ്പ് ഇറക്കിയത്.  സംസ്ഥാനത്ത് സ്വർണക്കടത്തിലൂടെ വരുന്ന പണം നിരോധിത സംഘടനകൾക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കേരളാ പോലീസിന്റെ വെബ്‌സൈറ്റിൽ പറഞ്ഞിട്ടില്ലെന്നാണ് വിശദീകരണത്തിലുള്ളത്.

പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരം പ്രസ്താവനകൾ ഒരു സമയത്തുമുണ്ടായിട്ടില്ല. പിടികൂടിയ സ്വർണത്തിന്റെയും പണത്തിന്റെയും കണക്കുകൾ മാത്രമാണ് വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചത് - ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

വാശിപിടിച്ച നിയമനം

ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ്.കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെച്ചൊല്ലിയാണ് സർക്കാരും ഗവർണറുമായുള്ള അടി തുടങ്ങിയത്.  


സജീവ രാഷ്ട്രീയത്തിലുള്ളവരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് ഓർമ്മിപ്പിച്ച് പൊതുഭരണ സെക്രട്ടറിയായിരുന്ന കെ.ആർ.ജ്യോതിലാൽ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്തിന് കത്ത് നൽകിയത് ഗവർണറെ ചൊടിപ്പിച്ചു.


ഗവർണറുടെ അഡിഷണൽ പി.എയായാണ് ഹരി എസ് കർത്തയെ നിയമിച്ചത്. ഗവർണർ ആവശ്യപ്പെട്ടത് പരിഗണിച്ചാണ് നിയമനം നൽകിയത്.  സജീവ രാഷ്ട്രീയത്തിലുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്‌വഴക്കമില്ല.

hari s kartha

രാഷ്ട്രീയ പാർട്ടികളുമായി നേരിട്ട് ബന്ധം പുലർത്തുകയോ രാഷ്ട്രീയ പാർട്ടികളോടോ രാഷ്ട്രീയ ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ല. ഇത്തരത്തിലുള്ള പരമ്പരാഗത രീതികൾ പാലിക്കപ്പെടേണ്ടതാണ്.

ഗവർണർ ഇക്കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടു മാത്രം നിയമനം അംഗീകരിക്കുന്നുവെന്നും പൊതുഭരണ സെക്രട്ടറിയുടെ കത്തിൽ പറയുന്നു. ദീർഘകാലത്തെ പത്രപ്രവർത്തന പരിചയമുള്ള ഹരി എസ്. കർത്ത, ജന്മഭൂമി ചീഫ് എഡിറ്ററായും ഇക്കണോമിക്സ് ടൈംസിന്റെ കേരളത്തിലെ പ്രഗത്ഭനായ കറസ്പോണ്ടാന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. കുമ്മനം രാജശേഖരൻ മത്സരിച്ചപ്പോഴെല്ലാം മീഡിയ സെൽ കൺവീനറായിരുന്നു. എ.ബി.വി.പിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളാണ് കർത്താ.

കര്‍ത്താ ഇന്‍ ആയപ്പോള്‍ ജ്യോതിലാല്‍ ഔട്ട്

കർത്തായുടെ നിയമനത്തിൽ അതൃപ്തിയറിയിച്ച് നോട്ട് നൽകിയതിന് ജ്യോതിലാലിനെ മാറ്റണമെന്ന് ഗവർണർ വാശിപിടിച്ചു. പിറ്റേന്ന് നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിസമ്മതിച്ചു.

kr jyothilal

പിന്നാലെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗമായ ഹരി.എസ്.കർത്തയെ നിയമിച്ചത് കീഴ്‌വഴക്കം തെറ്റിച്ചാണെന്ന് കത്ത് നൽകിയ പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കി. ഇതോടെയാണ് ഗവർണർ മെരുങ്ങിയത്.

ഹരി എസ് കർത്തായുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ഇതായിരുന്നു- ഒരു രാഷ്ട്രീയ സംഘടനയിലും അംഗമല്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പകർപ്പ് സഹിതമാണ് ഹരി എസ്. കർത്തയുടെ നിയമന ശുപാർശ സർക്കാരിലേക്ക് അയച്ചത്.

നിയമനത്തിൽ കീഴ്‌വഴക്കം പാലിച്ചില്ലെന്ന് സെക്രട്ടറിയെക്കൊണ്ട് കത്തയച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചു. ഇക്കാര്യം മുഖ്യമന്ത്രിക്ക് നേരിട്ട് പറയാമായിരുന്നു. തന്നെ ഉപദേശിക്കാൻ സെക്രട്ടറിക്ക് അധികാരമില്ല, രാഷ്ട്രപതിക്ക് മാത്രമാണ് അതിനുള്ള അധികാരം. സ്റ്റാഫംഗത്തെ നിയമിച്ചത് തന്റെ തീരുമാനമാണ് - ഗവര്‍ണറുടെ നിലപാട് ഇങ്ങനെയായിരുന്നു.

Advertisment