പാലക്കാട്, ചേലക്കര സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ആശങ്ക ബാക്കി. സാധ്യത രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും ആണെങ്കിലും പാലക്കാടിന്‍റെ കാര്യത്തില്‍ സന്ദേഹം തുടരുന്നു. കെപിസിസി തിരഞ്ഞെടുപ്പ് സമിതി 'കൂടിയത്' സാങ്കേതികമായി മാത്രം. നടന്നത് കൂടിക്കാഴ്ചകള്‍. രാവിലെ ചാനലുകളില്‍ വാര്‍ത്ത ചോര്‍ത്തിയതും നിയുക്ത സ്ഥാനാര്‍ഥി തന്നെ

വി.കെ.ശ്രീകണ്ഠൻ, ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍ എന്നിവര്‍ രാഹുല്‍ മത്സരിച്ചാല്‍ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരെ ഇവരുമായി നടന്ന വെവ്വേറെ കൂടിക്കാഴ്ചകളില്‍ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rahul mankoottathil vd satheesan k sudhakaran ramya haridas
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: പാലക്കാട് സീറ്റിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുളള നീക്കത്തിൽ കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതിയിലും വിയോജിപ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. 

Advertisment

മണ്ഡലത്തിലെ മുൻ എം.എൽ.എയും ഇപ്പോൾ വടകര എം.പിയുമായ ഷാഫി പറമ്പിലിൻെറ നോമിനിയായി പാലക്കാട് സീറ്റിൽ മത്സരിക്കാൻ ഇറങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിന്‍റെ ജയസാധ്യത സംബന്ധിച്ച്  പാലക്കാട് ജില്ലാ നേതൃത്വത്തിൽ നിന്ന് തന്നെയാണ് ആശങ്ക ഉയർന്നത്. ചേലക്കരയിലെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ കാര്യത്തിലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഒടുവില്‍ അവര്‍ക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

പാലക്കാട് നിന്നുളള ലോകസഭാംഗമായ വി.കെ.ശ്രീകണ്ഠൻ, ഡിസിസി പ്രസിഡന്‍റ്  എ തങ്കപ്പന്‍ എന്നിവര്‍ രാഹുല്‍ മത്സരിച്ചാല്‍ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരെ ഇവരുമായി നടന്ന വെവ്വേറെ കൂടിക്കാഴ്ചകളില്‍ അറിയിച്ചു.

k muraleedharan-1


തെക്കന്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ഥി പാലക്കാട് മത്സരിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങള്‍ ഇവര്‍ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. പകരം കെ മുരളീധരന്‍ മത്സരിക്കണമെന്നാണ് ഇവരുടെ നിലപാട്. മുരളീധരന്‍ തയ്യാറല്ലെങ്കില്‍  2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ച ഡോ. പി സരിനെ പരിഗണിക്കട്ടെ എന്നാണ് ജില്ലയിൽ നിന്നുളള നേതാക്കളുടെ അഭിപ്രായം.


ഇതോടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും ചുമതലപ്പെടുത്തി കൂടിക്കാഴ്ചകള്‍ അവസാനിക്കുകയായിരുന്നു. രാഹുലും രമ്യയും തന്നെ മത്സരിക്കാനാണ് മുന്‍തൂക്കം എങ്കിലും മറ്റ് സാധ്യതകളും നേതൃത്വം പരിഗണിക്കുന്നുണ്ട്. 

തെരെഞ്ഞെടുപ്പ് സമിതി പ്രഹസനം 

ഉപതെരെഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തീരുമാനിച്ച കെപിസിസി തെരെഞ്ഞെടുപ്പ് സമിതി യോഗം സാങ്കേതികമായി മാത്രമാണ് നടന്നത്. രണ്ടു ജില്ലകളില്‍ നിന്നുമുള്ള പ്രധാന നേതാക്കളെയാണ് യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നത്. പാലക്കാടിനെ പ്രതിനിധീകരിച്ച്  വി.കെ. ശ്രീകണ്ഠൻ എംപിയും, ഡിസിസി പ്രസിഡന്‍റ്  എ തങ്കപ്പനും ആണ് എത്തിയത്. തൃശൂരിനെ പ്രതിനിധീകരിച്ച് ടി എന്‍ പ്രതാപനും അനില്‍ അക്കരയും എത്തിയിരുന്നു.

vk sreekandan a thankappan

മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരുന്നത്. അതില്‍ പങ്കെടുക്കാന്‍ ആദ്യം എത്തിയ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആദ്യം മിനിറ്റ്സില്‍ ഒപ്പിട്ട് മടങ്ങി. പിന്നാലെ എ പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ എസ് യു അദ്ധ്യക്ഷന്‍ അലോഷ്യസ് എന്നിവരും എത്തി ഒപ്പിട്ട് മടങ്ങി. തുടര്‍ന്നു ജോസഫ് വാഴയ്ക്കനും ലാലി വിന്‍സെന്‍റും എത്തി. 

തുടര്‍ന്ന് എം ലിജുവും എത്തി. ഇതിനിടെ നിയമസഭയില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ദിരാ ഭവനിലെത്തി. പ്രതിപക്ഷ നേതാവ് എത്തിയപ്പോള്‍ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ രണ്ടോ മൂന്നോ നേതാക്കളെ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഹൈക്കമാണ്ടിനെ ചുമതലപ്പെടുത്തുന്ന പ്രമേയത്തില്‍ ഒപ്പിട്ട് മടങ്ങി.


ഇതോടെ പ്രതിപക്ഷ നേതാവ് ആദ്യം പാലക്കാടിന്‍റെ പ്രതിനിധികളെയും തുടര്‍ന്ന് ചേലക്കരയുടെ പ്രതിനിധികളെയും മുറിയില്‍ വിളിച്ച് സംസാരിച്ചു. നേതാക്കള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേള്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. പിന്നീട് അദ്ദേഹം ഇവിടെ നിന്നും മടങ്ങി. അതിനു ശേഷം ആറര മണിയോടെ ഇന്ദിരാ ഭവനിലെത്തിയ കെ സുധാകരനും ഇരു മണ്ഡലങ്ങളിലെയും നേതാക്കളുമായി വെവ്വേറെ ചര്‍ച്ച നടത്തി. 


പിന്നീട് ഇന്നാണ് പ്രതിപക്ഷ നേതാവും പാര്‍ട്ടി അധ്യക്ഷനും നേരില്‍ കാണുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ ആയി എന്ന നിലയില്‍ ഇതിലൊരു സ്ഥാനാര്‍ഥി തന്നെ ചാനലുകളില്‍ വിളിച്ച് പറഞ്ഞ് വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്തു.

വിഡിയുടെ നിലപാട് നിര്‍ണായകം

വടകരയിൽ നിന്ന് പാർട്ടി നിർദ്ദേശപ്രകാരം തൃശൂരിൽ പോയി മത്സരിച്ച് തോറ്റ കെ.മുരളീധരന് അർഹമായ പരിഗണന നൽകേണ്ടതുണ്ടെന്നും അതിന് പാലക്കാട് സീറ്റിൽ മത്സരിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എ.തങ്കപ്പൻ അടക്കമുളളവർ മുരളീധരന് വേണ്ടി വാദിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ പിന്തുണ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനാണ്.

vd satheesan


എ ഗ്രൂപ്പുകാരനാണെങ്കിലും കോൺഗ്രസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഷാഫി പറമ്പിൽ വി.ഡി. സതീശനൊപ്പമാണ്. നിയമസഭയിൽ കൂട്ടായി പ്രവർത്തിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഷാഫി, പഴയ ഐ ഗ്രൂപ്പുകാരനായ സതീശൻെറ പാളയത്തിലെത്തിയത്. ഷാഫി പറമ്പിലുമായുളള അടുപ്പമാണ് സതീശനെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നതിലേക്കും എത്തിച്ചത്.


ഷാഫിയുടെ ഏറ്റവും അടുത്ത അനുയായി എന്ന ലേബലിലാണ് എ ഗ്രൂപ്പിൻെറ എതിർപ്പ് അവഗണിച്ച് മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയത്. പാലക്കാട് ഉപേക്ഷിച്ച് വടകരയിലേക്ക് പോകുന്നതിന് മുൻപ് തൻെറ സ്ഥാനാർത്ഥിയെ പാലക്കാട് പരിഗണിക്കണമെന്ന് ഷാഫി പറമ്പിൽ, നേതൃത്വത്തിൽ നിന്ന് ഉറപ്പ് വാങ്ങിയിരുന്നു. 

shafi parambil

രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയാണ് ഷാഫി ഉറപ്പ് വാങ്ങിയതെന്ന് അന്നുതന്നെ പുറത്തുവന്നിരുന്നു. പാലക്കാട് സീറ്റിലേക്ക് പേര് വന്നിട്ടുണ്ടെങ്കിലും കെ.മുരളീധരന് അവിടെ മത്സരിക്കാൻ താൽപര്യമില്ല. തൃശൂർ തോൽവിയുടെ ക്ഷീണം മാറ്റിയശേഷം പഴയ തട്ടകമായ വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് മുരളിയുടെ താൽപര്യം.

അന്‍വര്‍ ഇഫക്ട് 

 പാലക്കാട് സീറ്റിൽ ബി.ജെ.പിയെ ജയിപ്പിക്കാനും പകരം ചേലക്കര സീറ്റിൽ സി,പി.എമ്മിനെ വിജയിപ്പിക്കാനും ധാരണയുണ്ടെന്ന് പി.വി.അൻവർ ആക്ഷേപം ഉന്നയിച്ചത് ചർച്ചയായിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ക്യാംപിൽ മറ്റൊരു ചർച്ചയാണ് നിറയുന്നത്. പാലക്കാട് സീറ്റിൽ മത്സരിക്കാൻ തയാറെടുക്കുന്നതിൻെറ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിൽ അടുത്തകാലത്തായി മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും വിമർശിക്കുന്നതിൻെറ മൂർച്ച കുറച്ചു എന്നതാണ് ആ ആക്ഷേപം.

pv anvar-3


ഇത് ബി.ജെ.പിയെ മറികടന്ന് പാലക്കാട് സീറ്റിൽ വിജയിക്കാനുളള ധാരണയുടെ ഭാഗമാണെന്നാണ് കോൺഗ്രസിലെ അടക്കം പറച്ചിൽ. നേരത്തെ ഡി.വൈ.എഫ്.ഐക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ അതിൽ നിന്നും പിന്മാറിക്കഴിഞ്ഞു.


താഴെത്തട്ടിൽ കാര്യമായ സംഘടനാ പ്രവർത്തന പാരമ്പര്യമില്ലാത്ത രാഹുൽ ടെലിവിഷൻ ചർച്ചകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിക്കേണ്ടി വരുമെന്ന് ഭയന്ന് ഇപ്പോൾ ടിവി ചർച്ചകളിലും രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് പരാതി. ഇതെല്ലാം ഇടത് വോട്ടുകൾ ലക്ഷ്യമിട്ടുളള നീക്കമാണെന്നും നേതാക്കൾ ആരോപിക്കുന്നു.

Advertisment