കൈക്കൂലി ചോദിച്ചെങ്കിൽ വിജിലൻസിന് വിവരം നൽകിയാൽ അവർ ട്രാപ്പ് ഓപ്പറേഷനിലൂടെ പിടികൂടും ? മുഖ്യമന്ത്രിക്ക് നൽകിയെന്ന മട്ടിൽ പ്രചരിപ്പിക്കുന്ന പരാതിയും വ്യാജം ? പരാതിയുടെ രസീതോ നമ്പറോ ഇല്ല. എഡിഎമ്മിനെ വിജിലൻസ് ചോദ്യം ചെയ്തെന്ന പ്രചാരണവും കെട്ടിച്ചമച്ചത്. വിളിക്കാത്ത യോഗത്തിലെത്തി ഉന്നത ഉദ്യോഗസ്ഥനെ അപമാനിച്ച ദിവ്യയും പരാതിക്കാരനും നടത്തിയത് വൻ ഗൂഡാലോചനയോ

പണം നൽകാത്തതിനാൽ അനുമതി വൈകിപ്പിക്കുന്നെന്ന് ഫോൺ വിളിച്ച് അറിയിച്ചാൽ വിജിലൻസ് ഉദ്യോഗസ്ഥർ എ.ഡി.എമ്മിനെ കുടുക്കാനുള്ള ട്രാപ്പ് ഓപ്പറേഷൻ തയ്യാറാക്കുമായിരുന്നു. വിജിലൻസ് നൽകുന്ന നോട്ടുകൾ എ.ഡി.എമ്മിന് കൈമാറുകയും കൈയോടെ പിടികൂടുകയും ചെയ്യാമായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
prasanthan naveen babu divya
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ജനപ്രതിനിധികൾ നിയമം നടപ്പാക്കാനിറങ്ങിയാൽ പിന്നെങ്ങനെ കേരളത്തിൽ നിയമവാഴ്ച ഉറപ്പാക്കാനാവുമെന്നാണ് ഉദ്യോഗസ്ഥ സമൂഹമാകെ ചോദിക്കുന്ന ചോദ്യം. ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെങ്കിൽ പരാതിപ്പെടേണ്ടിയിരുന്നത് വിജിലൻസിലായിരുന്നു.

Advertisment

പണം നൽകാത്തതിനാൽ അനുമതി വൈകിപ്പിക്കുന്നെന്ന് ഫോൺ വിളിച്ച് അറിയിച്ചാൽ വിജിലൻസ് ഉദ്യോഗസ്ഥർ എ.ഡി.എമ്മിനെ കുടുക്കാനുള്ള ട്രാപ്പ് ഓപ്പറേഷൻ തയ്യാറാക്കുമായിരുന്നു. വിജിലൻസ് നൽകുന്ന നോട്ടുകൾ എ.ഡി.എമ്മിന് കൈമാറുകയും കൈയോടെ പിടികൂടുകയും ചെയ്യാമായിരുന്നു.


ഇത്രയും നിയമപരമായ സാദ്ധ്യതകൾ മുന്നിലുള്ളപ്പോഴാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ, എ.ഡി.എമ്മിനെ യാത്ര അയപ്പ് യോഗത്തിലെത്തി അപമാനിച്ചത്. കളക്ടർ കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് അഡി. ജില്ലാ മജിസ്ട്രേറ്റായ എ.ഡി.എം.


ക്രൂരമായ അധിക്ഷേപത്തിൽ മനംനൊന്ത് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതിന് പിന്നാലെ പെട്രോൾ പമ്പിന് അനുമതി നൽകാൻ തന്റെ പക്കൽനിന്ന് പണം വാങ്ങിയിരുന്നെന്ന് ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ പമ്പുടമ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും പുറത്തുവന്നു.

naveen babu

ഈ പരാതി വ്യാജമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ കൊടുത്തു. പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കഴിഞ്ഞ പത്തിന് നൽകിയെന്നു പറയുന്ന പരാതിയിലുള്ളത്.


പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വച്ചാണ് പണം നൽകിയത്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്ക് ഇ-മെയിലിലൂടെ കഴിഞ്ഞ പത്താം തീയതി പരാതി നൽകി.


പമ്പിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറുമാസമായി കളക്ടറേറ്റിൽ കയറിയിറങ്ങുകയായിരുന്നു. ഒ.ബി.സി സംവരണത്തിലാണ് ബി.പി.സി.എൽ പമ്പ് ലഭിച്ചത്. രേഖകളെല്ലാം ക്ലിയർ ആയിരുന്നു. 

tv prasanthan

ആഴ്ചയിൽ രണ്ടു ദിവസംവച്ച് എ.ഡി.എമ്മിനെ കാണാൻ പോകുമായിരുന്നു. ഫയൽ പഠിക്കട്ടെയെന്നായിരുന്നു മറുപടി. നാലുമാസം കഴിഞ്ഞപ്പോൾ, സാറിന് തരാൻ പറ്റില്ലെങ്കിൽ അതു പറഞ്ഞോളൂ, ബാക്കി വഴി ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ എ.ഡി.എമ്മുമായി സംസാരിച്ച് തീരുമാനം ആക്കിത്തരണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനോട് താൻ ആവശ്യപ്പെട്ടിരുന്നു.


ഒക്ടോബർ അഞ്ചിന് വൈകുന്നേരം എ.ഡി.എമ്മിനെ കാണാൻ പോയി. നമ്പർ ആവശ്യപ്പെട്ടപ്പോൾ കൊടുത്തു. ഞായറാഴ്ച രാവിലെ 11ന് തന്നെ വിളിച്ചു. ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഒരു ലക്ഷം രൂപ ക്യാഷ് ആയി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഒരുതരത്തിലും എൻ.ഒ.സി ലഭിക്കില്ലെന്ന് പറഞ്ഞു.


കിട്ടാത്ത രീതിയിൽ ആക്കിയിട്ടേ ഇവിടെനിന്ന് പോകൂവെന്ന് ഭീഷണിപ്പെടുത്തി. വിളിച്ചുസംസാരിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. പൈസ ചോദിക്കുന്നതിന്റെ തെളിവില്ല. അത് നേരിട്ട് ചോദിച്ചതാണ്. ക്വാർട്ടേഴ്സിൽ വരണം എന്നത് മാത്രമാണ് ശബ്ദരേഖയിൽ ഉള്ളത്. ചൊവ്വാഴ്ചയാണ് എൻ.ഒ.സി അനുവദിച്ച് ഫയൽ ഒപ്പിട്ട് തന്നത്.

എന്നാൽ ഈ പരാതി വ്യാജമാണെന്നും സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാൻ കെട്ടിച്ചമച്ചതാണെന്നുമാണ് ആരോപണമുയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പ് പരാതിക്കാരനായ ടി.വി. പ്രശാന്തൻ മാധ്യമങ്ങൾക്ക് ഇന്നലെ കൈമാറി.

പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ കയ്യിലുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ–മെയിലിൽ ലഭിക്കും.


പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലേ എന്നതും സംശയകരമാണ്. എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി തയാറാക്കി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്ന് പ്രതിപക്ഷവും നാട്ടുകാരും ആരോപിക്കുന്നു.


സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ സംരംഭം തുടങ്ങാൻ സാധിക്കുമെന്നാണു മറ്റൊരു ചോദ്യം. കൈക്കൂലി നൽകിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

pp dibya prasanthan

എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന് മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് അഭിഭാഷകൻ‌ കൂടിയായ പ്രവീൺ ബാബു പറഞ്ഞു.

പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പരാതിയിലുണ്ട്.


പരിയാരം ഗവ. മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾക്ക് കച്ചവട സ്ഥാപനം നടത്തുന്നതിനും നിയമപരമായി അനുവാദമില്ല. അതിനാൽ, അദ്ദേഹത്തെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.


അതേസമയം, ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ വിജിലൻസ് ഉദ്യോഗസ്ഥർ നവീൻ ബാബുവിനെ ഓഫീസിലെത്തി കണ്ടുവെന്ന തരത്തിൽ അഭ്യൂഹം പരന്നിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പെട്രോൾ പമ്പ് ഉടമയിൽ നിന്ന് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് സമർപ്പിക്കും.

Advertisment