കണ്ണൂരിലെ വിവാദ പമ്പ് ആരംഭിക്കാൻ നാലുകോടിയുടെ നിക്ഷേപം വേണ്ടിവരും. മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യന് ഇത്രയും പണം എവിടെനിന്ന് ? സർക്കാർ ജീവനക്കാരന് ബിസിനസ് നടത്താനാവില്ലെന്നിരിക്കെ, പമ്പിന് എങ്ങനെ അനുമതി കിട്ടി ? ബിനാമി ഇടപാടുകൾ സംശയിച്ച് വിജിലൻസ്. പമ്പ് അനുവദിപ്പിക്കാൻ കേന്ദ്രത്തിലും ഉന്നത ഇടപെടൽ. ബിനാമി, കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡിയും വന്നേക്കും

കണ്ണൂ‌ർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ മാത്രമായ പമ്പുടമ ടി.വി പ്രശാന്തന് ഇതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നതിലേക്കാണ് അന്വേഷണം വഴിമാറുന്നത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
tv prasanthan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവം കണ്ണൂരില പെട്രോൾ പമ്പിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ വഴിത്തിരിവിലേക്ക് വഴിമാറുന്നു. 

Advertisment

ചെങ്ങളായിലെ നിർദ്ദിഷ്ട പമ്പ് പൂർണമായും സ്വകാര്യ വ്യക്തിയുടെ നിക്ഷേപത്തിൽ വരുന്നതാണ്. അതായത് നാലു കോടി രൂപയിലേറെ ഈ പമ്പിന് നിക്ഷേപം നടത്തേണ്ടതുണ്ട്. കണ്ണൂ‌ർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ മാത്രമായ പമ്പുടമ ടി.വി പ്രശാന്തന് ഇതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നതിലേക്കാണ് അന്വേഷണം വഴിമാറുന്നത്. 


ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് പ്രശാന്തൻ എന്നാണ് പുറത്തുവരുന്ന വിവരം. ബിനാമിയിടപാട് നടന്നിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇതേക്കുറിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണത്തിനും സാദ്ധ്യതയുണ്ട്.


കേന്ദ്രസർക്കാരിൽ നിന്ന് പമ്പ് അനുവദിപ്പിക്കാനും എൻ.ഒ.സി നേടിയെടുക്കാനുമടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ക്രമക്കേടുകളും ബിനാമി ഇടപാടുകളും കണ്ടെത്തിയാൽ പമ്പിന് കേന്ദ്രം അനുവദിച്ച ലൈസൻസ് റദ്ദാക്കപ്പെടും.

പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി.വി പ്രശാന്തന്‍ എ.കെ.ജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടകൈയുടെ പിതൃ സഹോദരന്റെ മകനാണ്. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥിന്റെ അമ്മാവന്റെ മകന്‍ കൂടിയാണ് പ്രശാന്തന്‍. 


കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ ടി.വി. പ്രശാന്തന്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്തിന്റെ അടുത്ത സുഹൃത്തും സര്‍വ്വീസ് സംഘടനയില്‍ സഹപ്രവര്‍ത്തകനുമാണ്. ഇതു ചൂണ്ടിക്കാട്ടി അജിത്തിന്റെ ബിനാമിയാണ് പ്രശാന്തന്‍ എന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. 


സി.പി.എം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമുണ്ടെന്ന ആരോപണമുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കണ്ണൂര്‍ ഡി.സി.സി. അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. 

പ്രശാന്ത് പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായിരുന്നു. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സർക്കാ‌ർ ജീവനക്കാരനായി മാറി. സർക്കാർ ജീവനക്കാർക്ക് ബിസിനസ് നടത്താൻ നിയമപരമായി കഴിയില്ല. പിന്നെ എങ്ങനെ പ്രശാന്തന് പമ്പ് അനുവദിച്ചുകിട്ടി എന്നതിലടക്കം അന്വേഷണം നടത്തേണ്ടതുണ്ട്. 

plot for pump

ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ പള്ളി വക സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോള്‍ പമ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനും വൻതുക മുടക്കിയിട്ടുണ്ട്. ഈ പണത്തിന്റെ സ്രോതസിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുന്നുണ്ട്.


എ.ഡി.എം ജീവനൊടുക്കിയതിന് ശേഷമാണ് അദ്ദേഹത്തിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച് കള്ളപ്പരാതി ചമച്ചത് എന്ന വ്യക്തമായിട്ടുണ്ട്. എഡിഎമ്മിനെതിരായ കൈക്കൂലിപ്പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കി. 


ഇത്തരമൊരു പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിജിലൻസിനും ലഭിച്ചിട്ടില്ല. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന പരാതി പുറത്തുവിട്ടത് എ.ഡി.എമ്മിനെതിരേ കള്ളത്തെളിവ് ഉണ്ടാക്കലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി ലഭിച്ചിരുന്നെങ്കിൽ അത് കൈയ്യോടെ വിജിലൻസിന് കൈമാറേണ്ടതാണ്ടതായിരുന്നു. പരാതി കിട്ടിയിരുന്നെങ്കിൽ അതിനുള്ള ഡോക്കറ്റ് നമ്പർ അപ്പോൾ തന്നെ എസ്എംഎസ്, ഇ മെയിൽ എന്നിവ മുഖേന പരാതിക്കാരനു കൈമാറുമായിരുന്നു. പരാതിയുടെ രസീത് കിട്ടിയില്ലെന്നാണ് പ്രശാന്തൻ പറയുന്നത്.

Advertisment