കള്ളമൊഴി നൽകി സ്വർണക്കടത്തിൽ കുരുക്കാൻ ശ്രമിച്ചതിന് എഡിജിപി അജിത്കുമാറിനെതിരേ എഡിജിപി പി. വിജയൻ നിയമനടപടിക്ക്. വിജയനെതിരേ താൻ പറഞ്ഞതായി മൊഴി നൽകിയതിന് എസ്‌പി സുജിത്ദാസും കേസിന്. കോവിഡ് കാലത്ത് പാവങ്ങളെ സഹായിച്ചതിനും വിജയനെ കുറ്റക്കാരനാക്കി അജിത്ത്. ജനപ്രീതിയിൽ ഒന്നാമതുള്ള പി. വിജയൻ ഐപിഎസിനെ കുരുക്കാൻ പറഞ്ഞ മൊഴി അജിത്കുമാറിനെ തിരിച്ചടിക്കുമ്പോൾ

അപകീർത്തികരമായ കാര്യം മൊഴിയായി പറഞ്ഞതിനും കേസിന് നീക്കമുണ്ട്. മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസാണ് വിജയനും തീവ്രവാദ വിരുദ്ധസ്ക്വാഡിലെ ചിലർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതെന്നാണ് അജിത്തിന്റെ മൊഴിയിലുള്ളത്.

New Update
p vijayan mr ajith kumar sujith das
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ, പോലീസ് തലപ്പത്ത് തമ്മിലടി രൂക്ഷമായി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ തനിക്ക്പങ്കുണ്ടെന്ന കള്ളമൊഴിക്കെതിരേ അജിത്തിനെതിരേ നിയമനടപടിക്ക് ഇന്റലിജൻസ് മേധാവി പി.വിജയൻ സർക്കാരിനെ സമീപിക്കുമെന്ന് അറിയുന്നു.

Advertisment

അപകീർത്തികരമായ കാര്യം മൊഴിയായി പറഞ്ഞതിനും കേസിന് നീക്കമുണ്ട്. മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസാണ് വിജയനും തീവ്രവാദ വിരുദ്ധസ്ക്വാഡിലെ ചിലർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതെന്നാണ് അജിത്തിന്റെ മൊഴിയിലുള്ളത്.

sp sujith das


എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് സുജിത്ത് വെളിപ്പെടുത്തി. ഇക്കാര്യത്തിൽ സുജിത്തും എ.ഡി.ജി.പിക്കെതിരേ നിയമനടപടിക്ക് തയ്യാറാവുമെന്നാണ് സൂചന. പിടിച്ചെടുക്കുന്ന സ്വർണം കസ്റ്റംസിന് കൈമാറണമെന്ന് കണ്ണൂർ മുൻ ഡി.ഐ.ജി നിർദ്ദേശിച്ചെന്നും മൊഴിയിലുണ്ടായിരുന്നു. ഇക്കാര്യം തന്നോട് ആരും നിർദ്ദേശിച്ചിട്ടില്ലെന്നും സുജിത്ത്ദാസ് വ്യക്തമാക്കിയിട്ടുണ്ട്.


എ.ഡി.ജി.പി പി.വിജയനെ ലക്ഷ്യമിട്ട് മനപൂർവ്വം ഇത്തരം ആരോപണങ്ങൾ അജിത്ത് മൊഴിയിലുൾപ്പെടുത്തുകയായിരുന്നെന്നാണ് അറിയുന്നത്. നേരത്തേ എലത്തൂർ തീവയ്പ്പ് കേസിലെ പ്രതിയെ പിടികൂടാൻ കേന്ദ്രഏജൻസികളുടെ സഹായം തേടിയത് പോലീസിന്റെ ക്രെഡിറ്റ് ഇല്ലാതാക്കിയെന്ന് വിലയിരുത്തി, വിജയനെതിരേ അജിത്ത് കള്ളക്കഥ മെനഞ്ഞിരുന്നു.

മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ കൊണ്ടുവന്ന വാഹനവ്യൂഹത്തിന് ഒപ്പമുണ്ടായിരുന്ന പോലീസുകാരെ വിജയൻ ഫോൺ വിളിച്ചെന്നും വരുന്ന വഴി പുറത്തറിഞ്ഞത് ഗുരുതര സുരക്ഷാ പാളിച്ചയായെന്നും റിപ്പോർട്ട് നൽകി വിജയനെ സസ്പെൻഷനിലാക്കിയിരുന്നു. പിന്നീട് ഡിജിപി കെ.പദ്മകുമാർ നടത്തിയ അന്വേഷണത്തിൽ വിജയനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.


ഐ.എ.എസുകാരുടെ അന്വേഷണത്തിലും വിജയനെതിരായ ആരോപണങ്ങൾ കളവാണെന്ന് കണ്ടെത്തി. വിജയനെ തിരിച്ചെടുക്കണമെന്ന് 3 വട്ടം ചീഫ്സെക്രട്ടറി ശുപാ‌ർശ നൽകിയ ശേഷമാണ് സസ്പെൻഷൻ റദ്ദാക്കിയത്. പോലീസ് തലപ്പത്തെ എതിർപ്പായിരുന്നു കാരണം. അന്ന് ഐ.ജിയായിരുന്ന വിജയന്റെ എ.ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തടയുകയായിരുന്നു ലക്ഷ്യം.


സസ്പെൻഷനിൽ കുരുക്കി ആറുമാസം പുറത്തുനിർത്തിയ വിജയനെ തിരിച്ചെടുത്ത സർക്കാർ അദ്ദേഹത്തിന് എ.ഡി.ജി.പി റാങ്ക് നൽകി. പോലീസ് അക്കാഡമിയുടെ ഡയറക്ടറാക്കി നിയമിച്ചു. ഇപ്പോൾ ആർ.എസ്.എസ് കൂടിക്കാഴ്ചയിലും പി.വി.അൻവറിന്റെ വിവാദ ആരോപണങ്ങളിലും കുരുങ്ങി അജിത്കുമാർ പുറത്തായപ്പോൾ വിജയനെ ഇന്റലിജൻസ് മേധാവിയായും നിയമിച്ചു.

p vijayan-3

അജിത്തിന്റെ മൊഴിയടങ്ങിയ ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന്റെ കൈയിലിരിക്കെയാണ് വിജയനെ ഇന്റലിജൻസ് മേധാവിയാക്കിയത്. അതിനാൽ ഈ മൊഴിയിലെ ആരോപണങ്ങൾ സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.


അതിനാൽ എഡിജിപി പി.വിജയനും എസ്.പി സുജിത്തിനും എ.ഡിജിപി അജിത് കുമാറിനെതിരേ കേസിനു പോവാൻ സർക്കാർ അനുമതി നൽകിയേക്കാനിടയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.


ചില ഉന്നത പോലീസുദ്യോഗസ്ഥർ, കീഴുദ്യോഗസ്ഥർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് അജിത് മൊഴിയിൽ ആരോപിക്കുന്നത്.

താൻ നിയമപരമായി നടപടിയെടുത്ത ഏതാനും വ്യക്തികൾക്കും ഏതാനും പൊലീസുദ്യോഗസ്ഥർക്കും തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്നതായി അജിത്തിന്റെ മൊഴിയിലുണ്ട്.


തന്നെയും കുടുംബത്തെയും അപമാനിക്കുകയും തന്നെ ശാരീരികമായും മാനസികമായും തളർത്തുകയും ഔദ്യോഗിക ജീവിതം നശിപ്പിക്കാനുമാണ് ലക്ഷ്യമിട്ടത്. മറ്റുള്ളവരുടെ പ്രേരണയാലാണ് അൻവർ തനിക്കെതിരേ ആരോപണമുന്നയിച്ചത്. അൻവറിന് നേരിട്ടോ പരോക്ഷമോ ആയ വൈരാഗ്യം തന്നോടുണ്ട് - അജിത്ത് മൊഴിയിൽ ചൂണ്ടിക്കാട്ടി. അൻവറിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. 


അജിത്തിന്റെ വലംകൈയാണെന്ന് അൻവർ ചൂണ്ടിക്കാട്ടിയ മുജീബുമായുള്ള ബന്ധത്തിന്റെ പേരിലും മുതിർന്ന ഉദ്യോഗസ്ഥരെ അജിത്ത് മൊഴിയിൽ വലിച്ചിഴച്ചിട്ടുണ്ട്. മുജീബ് പി.വിജയൻ, ശങ്കർറെഡ്ഡി എന്നിവരുടെയും സുഹൃത്താണ്.

adgp ajith kumar

കൊവിഡ് കാലത്ത് വിജയനും മുജീബുമായി ചേർന്ന് ആരംഭിച്ച സൗജന്യഭക്ഷണ വിതരണ പദ്ധതി അന്നത്തെ ഡിജിപിയും ഭാര്യയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. തനിക്ക് മുജീബുമായി 45 വർഷത്തെ പരിചയമുണ്ടെന്നും അജിത്ത് പറയുന്നു.


എന്നാൽ തന്റെ പേര് മൊഴിയിൽ അനാവശ്യമായി വലിച്ചിഴച്ചതിനെതിരേ പി.വിജയൻ സർക്കാരിനെ സമീപിക്കുമെന്നറിയുന്നു. കോവിഡ് കാലത്ത് പല സന്നദ്ധസംഘടനകളുമായി ചേർന്നും പോലീസ് ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ എന്താണ് തെറ്റെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ചോദിക്കുന്നത്.


കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമിയുടെ തിരോധാനക്കേസിൽ ഇടപെട്ട ആഷിഖ് പി.വിജയന്റെ സുഹൃത്താണെന്നും ഇരുവരും മലപ്പുറത്തെ നന്മ എന്ന സംഘടനയിലെ അംഗങ്ങളാണെന്നും മൊഴിയിലുണ്ട്. എസ്.പി ശശിധരൻ കേസ് അന്വേഷിക്കണമെന്ന് ആഷിഖ് താത്പര്യമറിയിച്ചിരുന്നെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതിലൊന്നും തനിക്ക് പങ്കില്ലെന്ന് പി.വിജയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തന്നെ മനപൂർവ്വം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരേ എഡിജിപി പി വിജയൻ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് അറിയുന്നു.

Advertisment