/sathyam/media/media_files/2024/10/21/6XBDaSWS8ZsZRzmxphIq.jpg)
തിരുവനന്തപുരം: ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രം കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള മേഖലയാണ്. എല്ലാ നിലവറകളിലെയും സ്വർണശേഖരത്തിന്റെ കണക്കെടുത്തിട്ടില്ലെങ്കിലും ഒരുലക്ഷം കോടിയുടെ സ്വർണ ശേഖരം ഇവിടെയുണ്ടെന്നാണ് വിലയിരുത്തൽ.
ഏറ്റവും സുരക്ഷയുള്ള അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെയാണ്, ഓസ്ട്രേലിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ ഡോക്ടർ നിവേദ്യത്തിനുള്ള ഉരുളി അടിച്ചുകൊണ്ടുപോയത്. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്‌പി, ഡിവൈഎസ്‌പി, നാല് സിഐമാർ, 200 പോലീസുകാർ എന്നിവരെയാണ് സുരക്ഷയ്ക്ക് അവിടെ നിയോഗിച്ചിട്ടുള്ളത്.
മെറ്റൽ ഡിറ്റക്ടറുകൾ, നൈറ്റ് വിഷനടക്കമുള്ള സിസിടിവി ക്യാമറാ സംവിധാനങ്ങൾ, മറ്റ് അതീവസുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം നോക്കുകുത്തിയാക്കിയാണ് ഈ മോഷണം നടന്നത്. ഇതോടെ കേരളാ പോലീസിന്റെ കാര്യക്ഷമതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഇത്രയും പോലീസുകാർ കാവൽ നിൽക്കവേയാണ് ക്ഷേത്രത്തിനുള്ളിൽ നിന്ന് ഓട്ടുരുളി മോഷണം പോയത്. 150 വർഷം പഴക്കമുള്ളതും വിലമതിക്കാനാവാത്തതുമായ ഉരുളിയാണ് നഷ്ടമായത്. മോഷണ വിവരം കണ്ടെത്തിയിട്ടും അത് പുറത്തറിയിക്കാതെ രഹസ്യമായി വയ്ക്കാനായിരുന്നു പോലീസിന് ധൃതി.
മോഷണവിവരം പുറത്തറിഞ്ഞതോടെ, കേസെടുക്കാതെ നിവൃത്തിയില്ലെന്നായി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്‌ടാക്കളെ കണ്ടെത്തിയത്. ക്ഷേത്രത്തിൽ അന്നേ ദിവസം സുരക്ഷാ ചുമതല വഹിച്ചിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന. സുരക്ഷാ വീഴ്‌ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഓസ്ട്രേലിയൻ പൗരത്വമുള്ള പഞ്ചാബ് സ്വദേശിയും ഓസ്ട്രേലിയൻ ഡോക്ടറുമായ ഗണേഷ് ഝായും ഭാര്യയും ഇവരുടെ സുഹൃത്തും ദർശനത്തിനെത്തിയപ്പോഴാണ് ഉരുളി കവർന്നത്. ഗണേഷ് ഝാ മൈക്രോബയോളജിസ്റ്റും ഭാര്യയും സുഹൃത്തും നഴ്സുമാണ്.
ഒറ്റക്കൽമണ്ഡപത്തിന് താഴെ പൂജാദ്രവ്യങ്ങളുമായി ദർശനത്തിനായി ക്യൂ നിൽക്കുമ്പോൾ തിരക്കിൽപ്പെട്ട് ഗണേഷ് ഝാ നിലത്തുവീണു. ഉടൻ സമീപത്തുണ്ടായിരുന്നവർ ഗണേഷിനെ പിടിച്ച് എഴുന്നേൽപ്പിച്ച ശേഷം നിലത്തു വീണ പൂജാദ്രവ്യങ്ങൾ അവിടെ നിരത്തി വച്ചിരുന്ന പാത്രങ്ങളിലൊന്നിലാക്കി കൈയ്യിൽ നൽകി.
ഇത്തരത്തിൽ പാത്രത്തിലാക്കി നൽകിയത് ജീവനക്കാരാണോയെന്ന് ഉറപ്പിച്ച് പറയാനാകുന്നില്ലെന്നും ഇവർ പൊലീസിന് മൊഴി നൽകി. ഇത് ശ്രീകോവിലേക്ക് നൽകിയപ്പോൾ പൂജ ചെയ്ത് തിരികെ നൽകി.
ശ്രീകോവിൽ പരിസരത്തിന് നിന്ന് മാറി പാത്രത്തിലെ പൂജസാധനങ്ങൾ മാറ്റുന്നതിനിടെ ഇത് തങ്ങളുടേത് അല്ലെന്ന് മനസിലാക്കി. എന്നാൽ ഭഗവാന്റെ പാത്രം ലഭിച്ചത് അനുഗ്രഹമായി കണ്ട് തിരികെ നൽകാൻ തയ്യാറായില്ല.
എന്നാൽ പുറത്തേക്ക് ഇറങ്ങുമ്പോൾ പിടിക്കപെടാതിരിക്കാൻ മുണ്ടുകൊണ്ട് മറച്ചു. പുറത്തേക്ക് പോയപ്പോൾ ആരും ഇത് കണ്ടതുമില്ല. ഓസ്ട്രേലിയിലെ വീട്ടിലെ പൂജാമുറിയിൽവച്ച് പൂജിക്കുകയായിരുന്നു ഉദ്ദേശം.
ഉരുളി മോഷണം പോയതായി വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രം അധികൃതർ ഫോർട്ട് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുളി മുണ്ടിനിടയിൽ ഒളിപ്പിക്കുന്ന ദൃശൃങ്ങൾ സി.സി.ടി.വികളിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്നാണ് മോഷണത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തത്.
ദൃശ്യങ്ങളിൽ കണ്ടയാൾ വിദേശിയാണെന്ന് വ്യക്തമായതോടെ സമീപത്തെയും നഗരത്തിലെയും പ്രധാന ഹോട്ടലുകളിലെത്തി പൊലീസ് ഈ ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് സ്റ്റാച്യുവിലെ ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ തിരിച്ചറിഞ്ഞത്. റൂമെടുക്കാൻ നൽകിയ ഓസ്ട്രേലിയൻ പാസ്‌പോർട്ടിന്റെ പകർപ്പും ഫോൺ നമ്പരും ഉൾപ്പെടെ ലഭിച്ചു.
ഫോൺ നമ്പർ നിരീക്ഷിച്ചപ്പോൾ ആദ്യം ഉടുപ്പിയിലായിരുന്നു. പിന്നാലെ ഹരിയാനയിലെത്തിയത്. ഇതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഹരിയാന പൊലീസിന് വിവരം കൈമാറിയപ്പോഴാണ് മൂവരും ഗുഡ്ഗാവ് സ്റ്റേഷന്റെ പരിധിയിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ബി.എൻ.എസ് 314 വകുപ്പ് ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിന് എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളാണുള്ളത്. എന്നാൽ ബി നിലവറ ഇതുവരെയും തുറക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിൽ ഏറ്റവുമധികം സമ്പത്ത് ഉണ്ടെന്ന് കരുതപ്പെടുന്ന മേഖലകളിൽ ഒന്നാണ് ബി നിലവറ.
മറ്റു അഞ്ച് നിലവറകളിൽ നിന്നായി കണ്ടെത്തിയ സമ്പത്തിന്റെ ഏകദേശ മൂല്യം ഒരു ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇവിടെയാണ് മോഷണം നടന്നത്. അതിനാൽ അതീവ ഗൗരവമായാണ് പോലീസ് നേതൃത്വം ഇതിനെ കാണുന്നത്.
മോഷണം നടന്ന ദിവസം ഡ്യൂട്ടിയിലുള്ള പോലീസുകാർക്കെതിരേ അന്വേഷണവും നടപടിയുമുണ്ടാവുമെന്നാണ് സൂചന. ക്ഷേത്രത്തിലെ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത കൂട്ടുമെന്നും അറിയുന്നു. സുരക്ഷാ ഓഡിറ്റ് നടപ്പാക്കാനും നീക്കമുണ്ട്.