/sathyam/media/media_files/2024/10/21/iVQm2YM5enn5Yib7WrM8.jpg)
തിരുവനന്തപുരം: ചുവപ്പുകോട്ടയായ ചേലക്കര ഇത്തവണ എങ്ങോട്ട് മറിയുമെന്ന സസ്പെൻസ് നിലനിർത്തിയാണ് അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നത്. അതിശക്തമായ പോരാട്ടത്തിനാണ് ചേലക്കരയിൽ കളമൊരുങ്ങുന്നത്.
പരമ്പരാഗത ഇടത് കോട്ടയായ ചേലക്കര മുൻ എം.എൽ.എ കൂടിയായ യു.ആർ പ്രദീപിലൂടെ നിലനിൽത്താമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. രമ്യഹരിദാസിലൂടെ പാട്ടും പാടി മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
സംസ്ഥാന സർക്കാരിനെതിരായ അതിശക്തമായ വികാരം ചേലക്കരയിൽ രമ്യയ്ക്ക് അനുകൂലമാവുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക തലത്തിൽ കരുത്തുറ്റ നേതാവായ കെ.ബാലകൃഷ്ണനിലൂടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കുകയാണ ബി.ജെപി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ പെട്ട ചേലക്കരയിൽ ബിജെപി കരുത്തുകാട്ടിയിരുന്നു. മൂന്ന് മുന്നണികളും അതിശക്തമായ പ്രചാരണമാണ് ചേലക്കരയിൽ നടത്തുന്നത്.
ചേലക്കരയിലാര് കരകയരും ?
ത്രികോണപോരാട്ടത്തിന്റെ പ്രചാരണച്ചൂടിലാണ് ചേലക്കര. പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുമ്പോൾ ഭൂരിപക്ഷം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ്.
പഴുതടച്ച പ്രചാരണവും പ്രവർത്തനവും കൊണ്ട് മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. പട്ടികജാതി സംവരണ മണ്ഡലമായി 1965ലാണ് ചേലക്കര രൂപീകരിക്കപ്പെട്ടത്.
ഇതുവരെ നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 8 തവണ എൽ.ഡി.എഫും 6 വട്ടം യു.ഡി.എഫും വിജയക്കൊടി പാറിച്ചു. 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനായിരുന്നു ജേതാവ്. സി.പിഎമ്മിലെ സി.കെ. ചക്രപാണിക്കെതിരെ 106 വോട്ടിന്റെ ഭൂരിപക്ഷം.
പിന്നീട് 67ൽ നടന്ന തിരഞ്ഞെടുപ്പിൽ ബാലകൃഷ്ണന് അടിപതറി. സി.പി.എമ്മുകാരനായ പി. കുഞ്ഞന്റെ വിജയം 2052 വോട്ടിന്. 1970ൽ 2306 വോട്ടുകൾക്ക് പി. ശങ്കരനെ (സി.പി.എം) പരാജയപ്പെടുത്തി കെ.കെ. ബാലകൃഷ്ണനിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം (1977) നടന്ന അഞ്ചാമത് നിയമസഭാ പൊതുതിരഞ്ഞെടുപ്പിലും 1980ലെ തിരഞ്ഞെടുപ്പിലും ബാലകൃഷ്ണനിലൂടെ തന്നെയായിരുന്നു കോൺഗ്രസ് വിജയപതാക ഉയർത്തിയത്. ഇരുവട്ടവും മത്സരിച്ച സി.പി.എമ്മിലെ കെ.എസ്. ശങ്കരനെതിരെ 9935, 1125 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം.
വ്യാഴവട്ടക്കാലം കോൺഗ്രസ് കൈവശം വച്ച ചേലക്കര 1982ലെ തിരഞ്ഞെടുപ്പിൽ ഇടത്തോട്ട് ചാഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി.കെ.സി. വടുതലയെ 2123 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു സി.പി.എം സ്ഥാനാർത്ഥിയായ സി.കെ. ചക്രപാണിയുടെ വിജയം.
എന്നാൽ 87ൽ കെ.വി. പുഷ്പയെ (സി.പി.എം) പരാജയപ്പെടുത്തി എം.എ. കുട്ടപ്പൻ (കോൺഗ്രസ്) ചേലക്കര വീണ്ടും വലതിനൊപ്പമാക്കി. 7751 വോട്ടായിരുന്നു കുട്ടപ്പന്റെ ഭൂരിപക്ഷം.
1991ലും കോൺഗ്രസിന്റെ താമി ചേലക്കര നിലനിർറുത്തി. സി.പി.എമ്മിലെ കുട്ടപ്പനെ 4361 വോട്ടിനായിരുന്നു തോൽപ്പിച്ചത്.
കോൺഗ്രസിന് വേരുറപ്പുണ്ടായിരുന്ന ചേലക്കര സ്വന്തമാക്കാൻ ആ മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന ഇടതുതന്ത്രത്തിന്റെ വിജയമായിരുന്നു പിന്നീട് കണ്ടത്. ചേലക്കരക്കാരനായ കെ. രാധാകൃഷ്ണനായിരുന്നു ഇതിനായി 1996ൽ നിയോഗിക്കപ്പെട്ടത്.
2323 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ടി.എ. രാധാകൃഷ്ണനെ പരാജയപ്പെടുത്തി ചേലക്കരയെ സി.പി.എം ചുവപ്പിച്ചു.
പിന്നീട് 2001, 2006, 2011, 2021 വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ചേലക്കരയ്ക്കൊപ്പം വിജയരഥത്തിലേറിയത് ഒരാൾ മാത്രം, കെ. രാധാകൃഷ്ണൻ. 96ലെ നായനാർ മന്ത്രിസഭയിൽ മന്ത്രിയും 2006ൽ പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറുമായി പിന്നീട് ഈ ചേലക്കരക്കാരൻ.
2001ൽ കെ.എ. തുളസിയെയും (ഭൂരിപക്ഷം - 1475), 2006ൽ പി.സി. മണികണ്ഠനെയും (ഭൂരിപക്ഷം - 14629), 2011ൽ കെ.ബി. ശശികുമാറിനെയും (ഭൂരിപക്ഷം - 24676) പരാജയപ്പെടുത്തിയ രാധാകൃഷ്ണൻ തന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടുവന്നു.
2016 തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ചുമതലകളിലേക്ക് മാറിയ രാധാകൃഷ്ണന് യു.ആർ. പ്രദീപ് പകരക്കാരനായി എത്തിയപ്പോഴും മണ്ഡലം ചുവന്ന് തന്നെയിരുന്നു.
വനിതാ കമ്മിഷൻ അംഗം കൂടിയായിരുന്ന പ്രൊഫ. കെ.എ. തുളസിയെ 10200 വോട്ടിനായിരുന്നു പ്രദീപ് 2016ൽ മറികടന്നത്. ഇത്തവണ മന്ത്രിയായിരിക്കെ, പാർലമെന്റിലേക്ക് ജയിച്ച രാധാകൃഷ്ണന് പകരമാണ് പ്രദീപ് വീണ്ടും അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു രാധാകൃഷ്ണൻ ചേലക്കരയിൽ ജയിച്ചുകയറിയത്.
ചേലക്കരയുടെ 'രാധേട്ടൻ്റെ' 39400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം റെക്കാഡായി. തൃശൂർ ജില്ലയുടെ ചരിത്രത്തിൽ തന്നെ ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. 2016 ൽ ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം പുതുക്കാട് നിന്ന് സി.രവീന്ദ്രനാഥ് നേടിയതായിരുന്നു, 38478.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഓളത്തിലാണ് ചേലക്കര. മൂന്നു മുന്നണികളും അങ്കത്തട്ടിലിറങ്ങിയതോടെ ചേലക്കരയിലെ പോരാട്ടം മുറുകുകയാണ്. കഴിഞ്ഞ ദിവസം എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണനെ കൂടി പ്രഖ്യാപിച്ചതോടെ ചേലക്കരയിലെ പോരാട്ട ചൂടിന് വാശിയേറി.
അതിരാവിലെ രംഗത്തിറങ്ങുന്ന സ്ഥാനാർത്ഥികൾ രാത്രി വൈകി വരെയും വോട്ടർമാർക്കൊപ്പമാണ്. വരും ദിവസങ്ങളിൽ കേന്ദ്ര സംസ്ഥാന നേതാക്കളെ വരെ രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.
കഴിഞ്ഞ ദിവസം റോഡ് ഷോയോടെ രംഗത്തിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ് ഇതിനൊടകം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹ്രസ്വസന്ദർശനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പഞ്ചായത്ത്, ബൂത്ത്തല കൺവെൻഷനുകളിലേക്ക് കടക്കുകയാണ്.
ഇതിന് ശേഷം കുടുംബ സംഗമത്തിലേക്കും പൊതുയോഗങ്ങളിലേക്കും പ്രവേശിക്കാനാണ് യു.ഡി.എഫ് തീരുമാനം. എൻ.ഡി.എ ക്യാമ്പും സജീവമാണ്. മോദി സർക്കാരിന്റെ നേട്ടങ്ങളും തൃശൂരിലെ വിജയവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ഉയർത്തിയാണ് എൻ.ഡി.എ പ്രചാരണം.