/sathyam/media/media_files/2024/10/21/fgLTdMQMEqITPuZyP4ry.jpg)
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയായ ഡിഎംകെയും യുഡിഎഫുമായുള്ള സഹകരണത്തിനുള്ള പായ്‌ക്കേജ് തയ്യാറായതായി സൂചന.
പായ്‌ക്കേജ് പ്രകാരം യുഡിഎഫും ബിജെപിയുമായി കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് അന്‍വറിന്‍റെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ പകരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ നല്‍കി അന്‍വറിന്‍റെ പാര്‍ട്ടിക്കും യുഡിഎഫുമായി സഹകരണം ഉറപ്പാക്കാം എന്നതാണ് പായ്‌ക്കേജ്. അന്‍വറും പ്രതിപക്ഷ നേതാവും തമ്മിലുള്ള അടുത്ത ഘട്ടം ചര്‍ച്ചയില്‍ ഇതിന് അന്തിമരൂപം നല്‍കിയേക്കും.
എന്നാല്‍ ഒരു ഘട്ടത്തിലും ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ എഐസിസി അംഗവുമായ എന്‍കെ സുധീറിനെ പിന്‍വലിക്കാന്‍ അന്‍വര്‍ ഒരുക്കമല്ലെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ അന്‍വറിന്‍റെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിക്കുന്ന വിധമാണ് പായ്‌ക്കേജ്. ഇതില്‍ അന്തിമ തീരുമാനം താമസിയാതെ ഉണ്ടാകും.
ഇടതു മുന്നണി വിട്ട പിവി അന്‍വറിന് കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെങ്കില്‍ ഏതെങ്കിലും ഒരു മുന്നണിയുമായിസഹകരണം ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ അന്‍വറിന്‍റെ പാര്‍ട്ടിക്ക് സഖ്യം കൂടാന്‍ സാധിക്കുന്ന ഏക മുന്നണി യുഡിഎഫ് ആണ്.
പിന്തുണയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പരസ്പരമുള്ള പ്രസ്താവനകളും സംവാദങ്ങളും ഒക്കെ വാണിയന്‍ വാണിയത്തി കളിയാണെന്ന നിഗമനം ശക്തമാണ്. എല്ലാം സ്വാഭാവിക പരിണാമത്തിലേയ്ക്കെത്തി എന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും അന്‍വറിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍.