നഴ്സുമാർക്ക് ലോകം മുഴുവൻ അവസരങ്ങളുടെ കലവറ. 2030 നകം ലോകത്തിന് വേണ്ടത് ഒരുകോടി നഴ്സുമാരെ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി എൻ.ആ‌ർ.ഐ നഴ്സുമാർ. എന്നിട്ടും നഴ്സിംഗ് പ്രവേശനത്തിന് മുട്ടാപ്പോക്കുമായി സർക്കാർ. ഒഴിഞ്ഞുകിടക്കുന്ന മെരിറ്റ് സീറ്റുകളിൽ മാനേജ്മെന്റുകളെ പ്രവേശനത്തിന് അനുവദിക്കില്ല, സർക്കാർ നികത്തുകയുമില്ല. ഇതെന്ത് അനീതി

2030 നകം ഒരു കോടി നഴ്സുമാരെ അധികമായി വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതു മലയാളി നഴ്സുമാർക്കു മുന്നിൽ ആഗോള സാധ്യതകൾ തുറക്കുകയാണ്. കോവിഡിനുശേഷം, 2022ൽ മാത്രം 25,000 നഴ്സുമാരാണ് തൊഴിൽതേടി കേരളത്തിൽനിന്നു വിദേശത്തേക്കു പോയത്.

New Update
nurses-3
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ലോകത്ത് ഏറ്റവുമധികം തൊഴിൽ സാദ്ധ്യതയുള്ളതും കേരളത്തിലേക്കുള്ള പ്രവാസിപ്പണത്തിന്റെ വലിയൊരളവ് സംഭാവന ചെയ്യുന്നതുമായ നഴ്സിംഗ് മേഖലയിൽ കെടുകാര്യസ്ഥതയ്ക്ക് വഴിവച്ച് സർക്കാരിന്റെ അലംഭാവം. ഇക്കൊല്ലത്തെ നഴ്സിംഗ് ബിരുദ പ്രവേശനം തുടക്കം മുതൽ കല്ലുകടിയായിരുന്നു. ഒക്ടോബർ മാസം തീരാറായിട്ടും നഴ്സിംഗ് പ്രവേശനം പൂർത്തിയാക്കാനായിട്ടില്ല.


Advertisment

മാത്രമല്ല, നൂറുകണക്കിന് ബിഎസ്സി നഴ്സിംഗ് സീറ്റുകൾ നഷ്ടപ്പെടുന്ന സ്ഥിതിയും ഇപ്പോഴുണ്ട്. സ്വാശ്രയ കോളേജുകളിൽ ഒഴിവ് വരുന്ന ബി.എസ്.സി നഴ്സിംഗ് മെരിറ്റ് സീറ്റുകളിൽ മുൻവർഷങ്ങളിലെ പോലെ മാനേജ്മെന്റുകൾക്ക് പ്രവേശനത്തിന് സർക്കാർ ഇത്തവണ വിട്ടു നൽകുന്നില്ല. ഇതോടെ ആ സീറ്റുകൾ കാലിയായി കിടക്കും. ബിഫാം അടക്കമുള്ള കോഴ്സുകളിൽ പ്രവേശനം നേടാത്ത മെരിറ്റ് സീറ്റുകൾ മാനേജ്മെന്റുകൾക്ക് പ്രവേശനത്തിന് വിട്ടുനൽകിയിരുന്നു.


1 കോടി അവസരങ്ങള്‍

2030 നകം ഒരു കോടി നഴ്സുമാരെ അധികമായി വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതു മലയാളി നഴ്സുമാർക്കു മുന്നിൽ ആഗോള സാധ്യതകൾ തുറക്കുകയാണ്. കോവിഡിനുശേഷം, 2022ൽ മാത്രം 25,000 നഴ്സുമാരാണ് തൊഴിൽതേടി കേരളത്തിൽനിന്നു വിദേശത്തേക്കു പോയത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് നഴ്സിംഗ് പ്രവേശനത്തിൽ മാനേജ്മെന്റുകളുമായി സർക്കാർ ഏറ്റുമുട്ടുന്നത്. 


ഒഴിവു വരുന്ന മെരിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നടക്കാതെ നാലുവർഷം ഒഴിഞ്ഞു കിടന്നാൽ മാനേജ്മെന്റുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനും സർക്കാരിന് കത്ത് നൽകിയിരുന്നു.


എൽ.ബി.എസ് അഞ്ച് അലോട്ട്മെന്റ് നടത്തിയിട്ടും പല കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഒഴിവുള്ള സീറ്റുകൾ മാനേജ്മെന്റുകൾക്ക് പ്രവേശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. 

nursing class room

ഈ ആവശ്യം തള്ളിയ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഒഴിവുള്ള സീറ്റുകൾ എൽ.ബി.എസ് തന്നെ നികത്തിയാൽ മതിയെന്നും ആവശ്യമായ അലോട്ട്മെന്റുകൾ നടത്തി ഈമാസം 31നകം നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചിരിക്കുകയാണ്. സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റുകളിലാണ് സർക്കാർ എൽ.ബി.എസ് വഴി പ്രവേശനം നടത്തുന്നത്.

പ്രവേശന പരീക്ഷ ഒരു കടമ്പ

സംസ്ഥാനത്ത് ആകെയുള്ള 9355 സീറ്റുകളിൽ 7105 എണ്ണവും സ്വകാര്യമേഖലയിലാണ്. സ്വകാര്യ സീറ്റുകളിൽ 50% മാനേജ്മെന്റിനുള്ളതും. സംസ്ഥാനത്തെ 119 സ്വകാര്യ കോളജുകളിൽ 82 എണ്ണം രണ്ടു മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലാണ്. അസോസിയേഷനുകളിൽ അംഗത്വമില്ലാത്ത 37 കോളജുകൾ നിലവിൽ സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്നുണ്ട്.


നഴ്സിങ് പ്രവേശനപരീക്ഷ വേണമെന്നു മൂന്നു വർഷമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഈ വർഷം പ്രവേശനപരീക്ഷ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു സർക്കാർ പിന്മാറുകയായിരുന്നു.


പ്രവേശനപരീക്ഷ വേണമെന്ന് മാനേജ്മെന്റ് അസോസിയേഷനുകള്‍ വാദിക്കുമ്പോഴാണു സർക്കാർ ഒളിച്ചോടുന്നത്. സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന കോളജുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ഓഗസ്റ്റ് ഒന്നിനു പ്രവേശനം ആരംഭിക്കണമെന്നും സെപ്റ്റംബർ 30ന് പൂർത്തിയാക്കണമെന്നുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം. കേരളത്തിൽ ഈ മാസം അവസാനം വരെ സമയം നീട്ടി നൽകിയിരിക്കുകയാണ്.

ലോകം കാത്തിരിക്കുന്നത് മലയാളികളെ

അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ എന്നു വേണ്ട എല്ലാ വികസിത, വികസ്വര രാജ്യങ്ങളിലും നഴ്സുമാർക്ക് അവസരങ്ങളുണ്ട്. മലയാളികൾക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. പശ്ചാത്യ രാജ്യങ്ങളിലടക്കം മലയാളി നഴ്സുമാർക്ക് അവസരം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ കോളേജുകൾ ആരംഭിച്ച് ബിഎസ്.സി നഴ്സിംഗ് സീറ്റുകൾ കൂട്ടുകയാണ് സർക്കാർ ചെയ്യേണ്ടത്.

nurses abroad


കേരളത്തിൽ അവസരം കുറഞ്ഞതോടെ നഴ്സിംഗ് പഠനത്തിന്  വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. 2030 നകം ജർമ്മനിക്ക് 1.6 ലക്ഷം നഴ്സുമാരെ ആവശ്യമുണ്ട്. നോർക്കയുമായി ചേർന്ന് റിക്രൂട്ട്മെന്റ് പുരോഗമിക്കുന്നു. 2.3 ലക്ഷം രൂപ ശമ്പളം. റിക്രൂട്ട്മെന്റിന് ജപ്പാനും സംസ്ഥാന സർക്കാരുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. 


അമേരിക്ക, കാനഡ, ബ്രിട്ടൺ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഇറ്റലി, ഹോളണ്ട്, ഇസ്രയേൽ, മാൾട്ട രാജ്യങ്ങളും നഴ്സുമാരെ വിളിക്കുന്നു. ഗൾഫ് രാജ്യങ്ങളിലും അവസരമുണ്ട്. ഐ.ഇ.എൽ.ടി.എസ് പോലുള്ള യോഗ്യതാ പരീക്ഷകൾ പല രാജ്യങ്ങളും ഒഴിവാക്കുന്നു. പ്രവൃത്തി പരിചയമില്ലെങ്കിലും കെയർ ഗിവർ നിയമനം നൽകുന്നുണ്ട്. വിദേശത്ത് ശരാശരി  മൂന്നുലക്ഷം മുതല്‍ മാസ ശമ്പളമുണ്ട്. അതിനാൽ കൂടുതൽ കുട്ടികൾക്ക് പഠനാവസരമൊരുക്കേണ്ടത് അത്യാവശ്യമാണ്.

Advertisment