/sathyam/media/media_files/2024/10/21/6lCxkynd4U95DNUxAs8q.jpg)
തിരുവനന്തപുരം: ആഗോള ഭീമനായ എൽ.ആൻഡ് ടിയെ ടെൻഡറിൽ തോൽപ്പിച്ച് കേരളത്തിന്റെ അഭിമാനമായി മാറുകയാണ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ മിഷനുകളായ ആദിത്യയിലും ചന്ദ്രയാനിലും ഗഗൻയാനിലും ഭാഗമായിരുന്ന കെൽട്രോൺ, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടിയെടുത്തിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് റോഡപകടങ്ങൾ കുറയ്ക്കാനായി കെൽട്രോൺ വികസിപ്പിച്ച ഇന്റലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ ട്രാഫിക് സിഗ്നൽ ഡിവിഷനാണ് 197കോടിയുടെ ഓർഡർ നേടിയെടുത്തത്. കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെൽട്രോൺ സ്ഥാപിച്ച എ.ഐ അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങളാണ് ഇനി നാഗ്പൂരിലും സ്ഥാപിക്കുക.
പദ്ധതിയിലൂടെ 171 ജംഗ്ഷനുകളിൽ അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം, ട്രാഫിക് വയലേഷൻ ഡിറ്റക്ഷൻ ആൻഡ് മാനേജ്‌മെന്റ്, വേരിയബിൾ മെസ്സേജിങ് സിസ്റ്റം, സെൻട്രലൈസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം, വീഡിയോ മാനേജ്‌മെന്റ് ആൻഡ് അനലിറ്റിക്സ്, വെഹിക്കിൾ കൗണ്ടിംഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, തുടങ്ങിയ സംവിധാനങ്ങൾ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ എന്ന നിലയിൽ കെൽട്രോൺ നാഗ്പൂരിൽ സ്ഥാപിക്കും.
15 മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തനസജ്ജമാകും. ഇന്റഗ്രേറ്റഡ് ആൻഡ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളുടെ രൂപകൽപ്പന, ഏകോപനം, ദൈനംദിന പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയും അഞ്ചുവർഷത്തേക്ക് കെൽട്രോൺ നിർവഹിക്കും.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് കേരളത്തിൽ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞത് പഠിക്കുന്നതിനായി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദർശിച്ചിരുന്നു. സാങ്കേതിവിദ്യ അടിസ്ഥാനമാക്കി കേരളത്തിൽ കെൽട്രോൺ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ രാജ്യാന്തരശ്രദ്ധ ആകർഷിക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാൻഡ് ആൻഡ്കൺട്രോൾ സെന്റർ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉൾപ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ ഓർഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ് ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറും നേരത്തേ കെൽട്രോൺ നേടിയിരുന്നു.
ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിൽ 12 വർഷത്തോളം പ്രവർത്തന പരിചയം കെൽട്രോണിനുണ്ട്. കേരളത്തിൽ സ്കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് തമിഴ്നാട്ടിലെ മെഗാ ഓർഡർ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷൻ സഹായിച്ചത്. കൂടാതെ ഈ വർഷം ഒഡീഷയിൽ നിന്നും സ്മാർട്ട്ക്ളാസ്സുകൾ സ്ഥാപിക്കുന്നതിന് 168 കോടി രൂപയുടെ ഓർഡറും ലഭിച്ചിരുന്നു.
1974 ൽ ആരംഭിച്ച കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങിയത്.
കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിന് സാധിക്കും. ബഹിരാകാശ, പ്രതിരോധ മേഖലകളിൽ വലിയ സാധ്യതകളുള്ള സൂപ്പർ കപ്പാസിറ്ററുകൾ അടുത്തിടെ കെൽട്രോൺ വികസിപ്പിച്ചിരുന്നു. റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ്/ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യം ചെയ്യാം.
മില്ലി - വാട്ട് വൈദ്യുതി ആവശ്യങ്ങൾ മുതൽ നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾക്കുവരെ ഉപകരിക്കും. ഓട്ടോമോട്ടീവ്, റിന്യൂവബിൾ എനർജി, ഇലക്ട്രിക് വാഹനം, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിവയിൽ ഇതുപയോഗിക്കാം.