/sathyam/media/media_files/2024/10/22/QAAB2aKwZKVYCC4NlUAp.jpg)
തിരുവനന്തപുരം: സ്പോട്ട് ബുക്കിംഗിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ശബരിമലയെ വീണ്ടും രാഷ്ട്രീയ വിവാദത്തിന് വേദിയാക്കുമെന്ന ആശങ്കകൾക്കിടെ, അവിടുത്തെ പോലീസ് സന്നാഹത്തിലെ പഴുതുകൾ ചർച്ചാവിഷയമാവുന്നു.
മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തുലാമാസ പൂജകൾക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസിന് ഗുരുതര വീഴ്ചകളുണ്ടായെന്നാണ് വിലയിരുത്തൽ.
ദേവസ്വം ബോർഡിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയുള്ള തീരുമാനങ്ങൾ പോലീസ് കൈക്കൊള്ളുന്നതാണ് പ്രശ്നം വഷളാക്കുന്നത്. അരലക്ഷത്തിലധികം തീർത്ഥാടകരെത്തുന്ന ദിവസങ്ങളിൽ കൂടുതൽ സേനയെ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നും പതിനെട്ടാം പടിയിൽ അയ്യപ്പന്മാരെ മുകളിലേക്ക് പിടിച്ചുകയറ്റാൻ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കണമെന്നും ബോർഡ് നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ ഇത് രണ്ടും പോലീസ് വകവച്ചില്ല. ഇതോടെ തിരക്ക് കൂടുകയും കാര്യങ്ങൾ നിയന്ത്രിക്കാൻ പോലീസ് പെടാപ്പാട് പെടുകയും ചെയ്തു. മണ്ഡലകാലത്തും ഇതേ സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാവുമെന്ന് ഉറപ്പാണ്. അതിനാൽ ഉന്നത പോലീസ് നേതൃത്വത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി അവരുടെ ഇടപെടൽ ആവശ്യപ്പെടാനിരിക്കുകയാണ് ദേവസ്വം ബോർഡ്.
/sathyam/media/media_files/2024/10/22/zilfmixiOQpHVHf9Ay0Z.jpg)
പോലീസിന്റെ അനാസ്ഥമൂലം മാസങ്ങളായി ദേവസ്വം ബോർഡ് നടത്തിയ മുന്നൊരുക്കങ്ങളെല്ലാം ഇതോടെ നിഷ്ഭ്രമമായിരുന്നു. ദർശനത്തിനായി ഭക്തർ 7 മുതൽ 10 മണിക്കൂർ വരെ കാത്തിരിക്കേണ്ടിവന്നു. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നതിലും വീഴ്ച സംഭവിച്ചു.
സന്നിധാനത്ത് ഉണ്ടായിരുന്ന സ്‌പെഷ്യൽ ഓഫീസർ ഇടപെട്ടതോടെയാണ് മതിയായ സംവിധാനങ്ങളൊരുക്കാൻ പൊലീസും ദേവസ്വം ബോർഡും തയ്യാറായത്. രണ്ടര ലക്ഷത്തിലേറെ ഭക്തരാണ് തുലാമാസത്തിൽ ദർശനത്തിനെത്തിയത്.
ഏറ്റവും കൂടുതൽ ഭക്തരെത്തിയ 18, 19 തീയതികളിലാണ് പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും പാളിപ്പോയത്. തുലാ മാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോഴുണ്ടായ വൻഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിലും പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ശബരിമലയിൽ സുരക്ഷാ ഏകോപനത്തിനും തിരക്ക് നിയന്ത്രിക്കാനും ഉന്നത ഉദ്യോഗസ്ഥരുണ്ടെങ്കിലും ശബരിമല പോലീസ് കൺട്രോൾ റൂമിൽ വർഷങ്ങളായി ഡ്യൂട്ടി നോക്കുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.
/sathyam/media/media_files/2024/10/22/QYnrNUX28Ytp99rVc3sN.jpg)
പോലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കാരണം മാളികപ്പുറങ്ങളും കുട്ടികളും അടക്കം നിരവധി പേർ മണിക്കുറുകളുടെ കാത്തിരിപ്പിനൊടുവിൽ തളർന്ന് വീണു. ദർശനത്തിനായുള്ള ക്യൂ ശരംകുത്തി വരെ നീണ്ടു.
മിനിട്ടിൽ 80 പേർ വരെ സാധാരണ നിലയിൽ 18-ാം പടി കയറിയിരുന്ന സ്ഥാനത്ത് തിരക്കേറിയ ദിവസങ്ങളിൽ അത് 40 ഉം 50 നും ഇടയിലായി മാറി. ഡ്യൂട്ടിക്ക് ആവശ്യത്തിന് പൊലീസുകാർ ഇല്ലായിരുന്നു. അതിനാൽ തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായി കഴിഞ്ഞില്ല.
ആകെ 200-ൽ താഴെ പൊലീസ് ഉദ്യോഗസ്ഥരാണ് തുലാമാസ പൂജകൾക്കായി ശബരിമലയിൽ മൂന്ന് ഷിഫ്റ്റിലായി ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതെന്നാണ് അറിയുന്നത് എസ്.പി റാങ്കിലുള്ള ഒരു പൊലീസ് സ്പെഷ്യൽ ഓഫീസറും ഡിവൈഎസ്പി റാങ്കിലുള്ള ഒരു എ.എസ്.ഒയും ഉൾപ്പെടെയുള്ള ഡ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥർക്ക് തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടാനായില്ല.
/sathyam/media/media_files/2024/10/22/jPOvRVZSs0cprljkhThc.jpg)
ആവശ്യത്തിന് പൊലീസ് ഉദ്യോസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റി. ഓരോ ദിവസത്തെയും വെർച്ചൽ ക്യൂ ബുക്കിംഗ് സ്റ്റാറ്റസ് നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. എന്നിട്ടും അത് മുഖവിലക്കെടുത്ത് ആവശ്യത്തിന് ക്രമീകരണങ്ങൾ ഒരുക്കിയില്ല.
ബുക്ക് ചെയ്യുന്നവർ വരാറില്ലെന്നും 30000ന് താഴെ മാത്രമെ അയ്യപ്പൻമാർ ദർശനത്തിന് വരുകയുള്ളു എന്നും അതിനാൽ കുറച്ച് പൊലീസുകാർ ഡ്യൂട്ടിക്ക് മതിയെന്നു പൊലീസ് കൺട്രോളർ എന്നറിയപ്പെടുന്ന പൊലീസുകാരൻ ഉന്നത ഉദ്യോസ്ഥരെ ധരിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് വിന്യാസം കുറച്ചത്.
സാധാരണ പൊലീസ് ആസ്ഥാനത്ത് നിന്നോ പത്തനംതിട്ട എസ്.പി ഓഫീസിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ് ശബരിമല ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കാറുള്ളത്. ഇപ്പോൾ കൺട്രോൾ റൂമിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥർ ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. പരിചയ സമ്പന്നരായ പൊലീസുദ്യോഗസ്ഥർ വെറും നോക്കുകുത്തിയായി ശബരിമലയിൽ ജോലി നോക്കേണ്ട അവസ്ഥയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us