/sathyam/media/media_files/7MeFsFu7JAwYlFvu5QKw.jpg)
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നണി സജീവമായിരിക്കെ, കൊല്ലത്തെ സി.പി.എമ്മിന്റെ എം.എൽ.എയും നടനുമായ മുകേഷിനെ പോലീസ് ആരോരുമറിയാതെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. നടിയെ പീഡിപ്പിച്ച കേസിലാണിത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി ഏഴോടെയാണ് മുകേഷ് ഹാജരായത്.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. ഇതെല്ലാമായിട്ടും വിവരം പുറത്തറിയാതിരിക്കാൻ പോലീസ് പ്രത്യേക ജാഗ്രതയാണ് കാട്ടിയത്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ ഭരണകക്ഷി എം.എൽ.എ പീഡനക്കേസിൽ അറസ്റ്റിലാവുന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിൽ അറസ്റ്റും നടപടികളും അതീവ രഹസ്യമായിരിക്കണമെന്ന് പോലീസിന് നിർദ്ദേശം കിട്ടിയിരുന്നു. അതിനാലാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അറസ്റ്റും നടപടികളും അതീവരഹസ്യമാക്കിയത്.
2011ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റസിഡൻസിയിൽ താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന് നേരത്തെ പരാതി ഉന്നയിച്ച നടി എസ്.ഐ.ടി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ചേലക്കരയിൽ സിനിമാചിത്രീകരണത്തിനിടെയാണ് മുകേഷും സംഘവും ഓട്ടുപാറയിലെ ആഡംബര റസിഡൻസിയിൽ താമസിച്ചത്. പഴയ കുറ്റകൃത്യമായതിനാൽ ഐ.പി.സി - 354, 294 ബി വകുപ്പുകൾ ചുമത്തിയാണ് കേസ്.
/sathyam/media/media_files/ACSL3M5QJUCDlEJYDkDE.jpg)
മൂന്ന് വർഷം മുതൽ 7 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് വിശദ അന്വേഷണം നടത്തി. ഓട്ടുപാറയിലെ റസിഡൻസിയിലെത്തി തെളിവുകൾ ശേഖരിച്ചു. നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കാനും ശ്രമിച്ചിരുന്നു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മുകേഷിനെ രണ്ടാംവട്ടമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മാസം ബലാത്സംഗക്കേസിൽ നടനും എം.എൽ.എയുമായ മുകേഷിനെ കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിൽ എ.ഐ.ജി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് നടപടി. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ.
പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
മുകേഷ് രണ്ടുവട്ടം അറസ്റ്റിലായിട്ടും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടിയും മുന്നണിയും ഉയർത്തുന്നതേയില്ല. അറസ്റ്റിന്റെ പേരിൽ രാജിയെന്ന വാദത്തോടു സിപിഎമ്മിനു യോജിപ്പില്ല.
പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ രാജിക്കാര്യം ആലോചിക്കാമെന്നാണ് പാർട്ടി നിലപാട്. കോൺഗ്രസിന്റെ 2 എംഎൽഎമാർ മുൻപു സമാന നടപടി നേരിട്ടതിനാൽ മുകേഷിന്റെ രാജി അവർ ശക്തമായി ആവശ്യപ്പെടുന്നില്ല.
/sathyam/media/media_files/2024/10/22/8jaiejwHLuYSnounbMbE.jpg)
പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ മുകേഷിനെതിരെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും രംഗത്തുവന്നിരുന്നു. മുകേഷിനെ ചേർത്തുപിടിക്കുന്നതിലൂടെ സ്ത്രീവിരുദ്ധമെന്ന ദുഷ്പേര് കേൾക്കാനിടയാവുമെന്ന് പാർട്ടിയും സർക്കാരും വിലയിരുത്തുന്നു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്നു സിപിഎം തീരുമാനിച്ചതിന് പിന്നാലെ മുകേഷിനു മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നു സർക്കാരും തീരുമാനിച്ചിരുന്നു. അപ്പീലിനു നിയമസാധ്യതയില്ലെന്ന വിലയിരുത്തലിലാണിത്.
/sathyam/media/media_files/2024/10/22/3ywx2Fj7ysXxRrtYCpFY.jpg)
അതേസമയം, നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു.
നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us