/sathyam/media/media_files/2024/10/23/5z72PERBdUqHzrmSPnMg.jpg)
തിരുവനന്തപുരം: വയനാട്ടിൽ തരംഗമായി മാറിയ പ്രിയങ്കാ ഗാന്ധിയുടെ ലക്ഷ്യം മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ നിന്ന് 6.96 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോകസഭയിലേക്ക് ജയിച്ചുകയറിയ ഡോ. പ്രീതം ഗോപിനാഥ് മുണ്ടെയുടെ റിക്കോർഡ് തകർക്കുകയാണ്.
2014 -ൽ അച്ഛൻ ഗോപിനാഥ് മുണ്ടെ മരിച്ച്, ഉപതെരഞ്ഞെടുപ്പുണ്ടായപ്പോൾ, ബിജെപി സ്ഥാനാർത്ഥിയായാണ് പ്രീതം മത്സരിച്ചത്. ആകെ പോൾ ചെയ്ത 13,13,092 വോട്ടുകളിൽ 922,416വും നേടി പ്രീതം മുണ്ടെ വിജയിച്ചു.
എതിരുനിന്ന കോൺഗ്രസിലെ അശോക് റാവു പാട്ടീലിന് 226,095 വോട്ടുകൾ കിട്ടി. 6,96,321 വോട്ടിന്റെ ഭൂരിപക്ഷം. ഈ റെക്കാർഡ് പഴങ്കഥയാക്കാനാണ് വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ പോരാട്ടം.
വയനാട്ടിൽ ആദ്യം മത്സരിച്ച 2019-ൽ 4.31 ലക്ഷം വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2014-ൽ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തുന്ന തിരഞ്ഞെടുപ്പിൽ റെക്കാർഡ് ഭൂരിപക്ഷം ഉറപ്പാക്കാനാണ് യു.ഡി.എഫിന്റെ കരുനീക്കങ്ങൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുനില ഇങ്ങനെയായിരുന്നു - രാഹുൽ ഗാന്ധി (കോൺഗ്രസ്) - 6,47,445, ആനി രാജ (സി.പി.ഐ) 2,83,023, കെ.സുരേന്ദ്രൻ (ബി.ജെ.പി ) 1,41,045, രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം - 3,64, 422.
കഴിഞ്ഞ തവണ സി.പി.ഐയുടെ ദേശീയ മുഖമായ ആനിരാജയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമാണ് രാഹുലിനെ എതിരിടാനുണ്ടായിരുന്നത്. ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. താരതമ്യേന ഗ്ലാമർ കുറഞ്ഞ എതിരാളികളാണ് പ്രിയങ്കയ്ക്ക് ഇത്തവണയുള്ളത്. മാത്രമല്ല, ഉരുൾദുരന്തത്തിൽ തകർന്ന വയനാട്ടിനെ ആശ്ലേഷിച്ചും ആശ്വസിപ്പിച്ചുമാണ് പ്രിയങ്കയുടെ പ്രചാരണം.
ദുരന്തമുണ്ടായപ്പോൾ തന്നെ രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലെത്തിയിരുന്നു. കോൺഗ്രസിന്റെ ദേശീയ സംഘടനാ സംവിധാനം ഒന്നാകെ വയനാട്ടിൽ അണിനിരക്കുന്നത് പ്രിയങ്കയെ വെറുതേ ജയിപ്പിക്കാനല്ല, റെക്കാർഡ് ഭൂരിപക്ഷത്തിൽ ലോകസഭയിൽ എത്തിക്കാനാണ്.
ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യം മാത്രമല്ല, പ്രസംഗത്തിലും പെരുമാറ്റത്തിലുമെല്ലാം ഇന്ദിരയെപ്പോലെയാണ് പ്രിയങ്ക. കോൺഗ്രസിന് ഭാവിയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഏറ്റവും അനുയോജ്യയാണ് പ്രിയങ്ക.
വയനാട്ടിൽ നിന്നാണ് പ്രിയങ്കയുടെ രാഷ്ട്രീയ തുടക്കമെന്നത് കേരളത്തിനും ഏറെ നിർണായകമാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായി വരുന്ന ഏഴു നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം നേടാനായിരുന്നു.
ഇക്കുറി ഏഴിടത്തും ലീഡ് ഉയർത്താനാകുമെന്ന് കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാർ എം.എൽ.എ. വ്യക്തമാക്കി. റെക്കോഡ് ഭൂരിപക്ഷമെന്ന ലക്ഷ്യത്തിനുപിന്നിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും നിലയുറപ്പിച്ചത് കോൺഗ്രസ് ക്യാമ്പിന് ആവേശം പകരുന്നു. പോളിംഗ് കുറയാതെ വോട്ട് ശതമാനം വൻതോതിൽ കൂട്ടാനാണ് കാടിളക്കിയുള്ള പ്രചാരണം.
അങ്കത്തിനായി ചുരം കയറുമ്പോൾ മുത്തശ്ശി പ്രിയദർശിനി ഇന്ദിരയുടെ മുഖമാണ് പ്രിയങ്കയിലൂടെ പലരും കാണുന്നത്. അമ്മ സോണിയ ഗാന്ധി ആദ്യമായി ചുരം കയറിയെത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന നേതാക്കൾ എന്നിവരെല്ലാം വയനാട്ടിൽ എത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ റായ്ബറോലിയിലും രാഹുൽഗാന്ധി മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ചു. ഒടുവിൽ വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ചു. ഇതേ തുടർന്നാണ് വയനാട് വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
അമേഠിയിലും റായ്ബറോലിയിലും അമ്മക്കും സഹോദരന് വേണ്ടിയും തിരഞ്ഞെുപ്പ് പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഏറെ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയത്തിലോ മറ്റ് ഉന്നത പദവികളിലോ ഇരിക്കാൻ നേരത്തേ ഏറെ അവസരങ്ങൾ ഉണ്ടായിട്ടും പ്രിയങ്ക അതൊന്നും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
1997ൽ റോബർട്ട് വാദ്ര പ്രിയങ്കയെ വിവാഹം കഴിച്ചപ്പോൾ രാഷ്ട്രീയത്തിലേക്ക് വരാൻ സാദ്ധ്യത കുറവാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. ബുദ്ധമത പ്രഭാഷകനായ എസ്. എൻ.ഗോയങ്കയുടെ കീഴിൽ വിപാസന ധ്യാനവുമായി കഴിഞ്ഞിരുന്ന പ്രിയങ്കക്ക് രാഷ്ടീയ കാര്യങ്ങളിലേക്കും ശ്രദ്ധ കൊടുക്കേണ്ടി വന്നു.
കഴിഞ്ഞ ജൂൺ 17നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രിയങ്കയാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കണമെന്ന തരത്തിലുളള പ്രവർത്തനമാണ് പ്രിയങ്കയെ വയനാട്ടിൽ ഇറക്കുക വഴി കോൺഗ്രസ് ലക്ഷ്യമിടുന്നതും.
വയനാട്ടിൽ കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്കയ്ക്ക് ജ്യേഷ്ഠനേക്കാൾ ഭൂരിപക്ഷമാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. പ്രായത്തിൽ രാഹുൽ ഗാന്ധിയേക്കാൾ രണ്ടുവർഷം പിന്നിലാണ് സഹോദരി പ്രിയങ്കാ ഗാന്ധി. 1970 ജൂൺ 19-ന് ജനിച്ച രാഹുലിന് 54 വയസ്സായി. 1972 ജനുവരി 12-ന് ജനിച്ച പ്രിയങ്കയ്ക്ക് 52 വയസ്സും.
കഴിഞ്ഞതവണ വയനാട് ജില്ലയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷം വന്നില്ല. ഇത്തവണ അവിടെ വോട്ട് കൂടും. മറ്റു മണ്ഡലങ്ങളിലെ ഭൂരിപക്ഷം നിലനിർത്താനാകും - ഇതാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ അനുകൂല രാഷ്ട്രീയസാഹചര്യമാണിപ്പോൾ. ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രസക്തി കൂടി. രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവായി. പ്രിയങ്കാ ഗാന്ധിയുടെ ബി.ജെ.പി.ക്കെതിരായ പേരാട്ടത്തിന് കരുത്തുപകരാൻ മതേതരകാഴ്ചപ്പാടുള്ള എൽ.ഡി.എഫ്. പ്രവർത്തകരടക്കം വോട്ടുചെയ്യും - യു.ഡി.എഫ് വിലയിരുത്തുന്നു.