/sathyam/media/media_files/2024/10/23/tKeLYmVrTSHBnRWw3LrL.jpg)
തിരുവനന്തപുരം: മൂന്നിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന മത്സരമാണ് ചേലക്കരയിലേത്. പൊതുവേ ഇടത് ചായ്‌വുള്ളതെന്ന് വിലയിരുത്തപ്പെടുന്ന മണ്ഡലത്തിൽ ഇത്തവണ കാര്യങ്ങൾ പ്രവചനാതീതമാണ്.
സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് കണക്കാക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പിൽ അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലിയെന്നോണം മണ്ഡലം വലത്തേക്ക് ചായുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ചേലക്കര കൈവിട്ടാലുള്ള നാണക്കേടൊഴിവാക്കാൻ ഇടതുമുന്നണി സംവിധാനങ്ങളാകെ, ചേലക്കരയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രചാരണം കൊഴുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചേലക്കരയിലെത്തുന്നുണ്ട്. കൊടുമ്പിരിക്കൊണ്ട പ്രചാരണമാണ് മൂന്ന് മുന്നണികളും ചേലക്കരയിൽ നടത്തുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപും യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനും പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ.സുധീറുമാണ് മണ്ഡലത്തിൽ കളം നിറഞ്ഞു നിൽക്കുന്ന സ്ഥാനാർത്ഥികൾ.
അൻവർ ഫാക്ടർ ആരെത്തുണയ്ക്കുമെന്നാണ് എല്ലാവരുടെയും ആകാംക്ഷ. അൻവർ ഇടതുമുന്നണിയുടെ വോട്ടുകൾ ചോർത്തുമെന്ന് യു.ഡി.എഫും മറിച്ചായിരിക്കും സംഭവിക്കുകയെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു.
കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായിരുന്ന എൻ.കെ.സുധീറിനെ അടർത്തിയെടുത്ത് ഡി.എം.കെ സ്ഥാനാർത്ഥിയാക്കിയാണ് പി.വി.അൻവർ സജീവമായിരിക്കുന്നത്.
2009ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിനായി മത്സരിച്ചയാളാണ് സുധീർ. പതിനായിരത്തോളം വോട്ടിനാണ് പി.കെ.ബിജുവുമായി തോറ്റത്. ഡി.എം.കെ പിടിക്കുന്ന ഓരോ വോട്ടും മറ്റ് രണ്ട് സ്ഥാനാർത്ഥികളുടെയും ജയസാദ്ധ്യതയെ വല്ലാതെ ബാധിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിന്റെ പകുതിയിലേറെ വോട്ടുകൾ നേടിയാണ് സി.പി.എമ്മിലെ കെ.രാധാകൃഷ്ണൻ ജയിച്ചുകയറിയത്. 83,415 (54.15 %) വോട്ടാണ് രാധാകൃഷ്ണൻ പിടിച്ചത്. കോൺഗ്രസിലെ സി.സി. ശ്രീകുമാറിന് കിട്ടിയത് 44,015 (28.71 %) വോട്ടുകളാണ്.
ബി.ജെ.പിക്കായി കളത്തിലിറങ്ങിയ ഷാജുമോൻ വട്ടേക്കാട്ട് 24,045 (15.41%) വോട്ടുപിടിച്ചു. എസ്.ഡി.പി.ഐയ്ക്കും കഴിഞ്ഞ തവണ ചേലക്കരയിൽ സ്ഥാനാർത്ഥിയുണ്ടായിരുന്നു. കേവലം 1120 (0.73 %) വോട്ടുകളേ എസ്.ഡി.പി.ഐയ്ക്ക് നേടാനായിരുന്നുള്ളൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ചിത്രം ഇങ്ങനെയായിരിക്കെയാണ് മൂന്നു മുന്നണികൾക്ക് പുറമേ പി.വി അൻവറും സ്വന്തം സ്ഥാനാർത്ഥിയെ കളത്തിലിറക്കിയത്. കഴിഞ്ഞ തവണ കെ.രാധാകൃഷ്ണന്റെ പ്രതിച്ഛായയാണ് ഇത്രത്തോളം വോട്ടുകൾ നേടാനിടയാക്കിയത്.
മാത്രമല്ല കേരളമാകെ തുടർഭരണത്തിന്റെ അനുകൂലമായുള്ള ഇടത് തരംഗവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതല്ല സ്ഥിതിയെന്നതാണ് ഇടതുമുന്നണിയെ അങ്കലാപ്പിലാക്കുന്നത്.
ചേലക്കരയിലും സ്ത്രീ വോട്ടർമാരായിരിക്കും വിധി നിശ്ചയിക്കുകയെന്ന് ഉറപ്പാണ്. ആകെയുള്ള 2,02,283 വോട്ടർമാരിൽ 1,04,980 വോട്ടർമാർ സ്ത്രീകളാണ്. 97,303 പുരുഷ വോട്ടുകളാണ് ചേലക്കരയിലുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ രമ്യ ഹരിദാസിന്റെയും യു.ആർ. പ്രദീപിന്റെയും പ്രചാരണം ചേലക്കരയിൽ തുടങ്ങിയിരുന്നു.
പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കാണ് മുന്നണികൾ രൂപം നൽകിയിട്ടുള്ളത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണനെയാണ് കളത്തിലിറക്കിയത്.
മുതിർന്ന നേതാക്കളെത്തുന്നതോടെ പ്രചാരണം ഒന്നുകൂടി ചൂടുപിടിക്കും. പ്രചാരണത്തിൽ ആദ്യം ഇറങ്ങിയെന്നതും സ്ഥാനാർത്ഥി നിർണയത്തിലെ മേൽക്കൈയും നേട്ടമാകുമെന്നാണ് യു.ഡി.എഫ് പറയുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ വൈകൽ ഒരു തരത്തിലും പ്രചാരണത്തെ ബാധിക്കില്ലെന്നാണ് എൽ.ഡി.എഫും എൻ.ഡി.എയും അവകാശപ്പെടുന്നത്.
ഒന്നും രണ്ടും പിണറായി സർക്കാരിന്റെ നേട്ടങ്ങളും കെ.രാധാകൃഷ്ണന്റെ വികസന പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പ്പ്രശ്‌നമുയർത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം മുന്നോട്ട് നീങ്ങുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങളും തൃശൂരിലെ വിജയവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ഉയർത്തിയാണ് എന്‍ഡിഎ പ്രചാരണം.
2016ൽ കെ.രാധാകൃഷ്ണന് പകരം കളത്തിലിറങ്ങിയ പ്രദീപ് 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതുകൊണ്ടുകൂടിയാണ് വീണ്ടും പ്രദീപിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
ഭരണവിരുദ്ധവികാരം തുണയ്ക്കുമെന്ന നല്ല ആത്മവിശ്വാസത്തോടെയാണ് രമ്യ ഹരിദാസ് ജനങ്ങളെ സമീപിക്കുന്നത്. സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നും യു.ഡി.എഫ് കരുതുന്നു.
തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പാർട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണനും പ്രതീക്ഷയിലാണ്.