/sathyam/media/media_files/uoXKUqzA7la9EAr6W7l1.jpg)
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾ ദുരന്തമുണ്ടായി മൂന്നുമാസം കഴിഞ്ഞിട്ടും പുനരധിവാസം കടലാസിൽ മാത്രമാണ്. പുനരധിവാസത്തിന് ആവശ്യപ്പെട്ട പാക്കേജ് അനുവദിക്കാത്തതിന് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന സർക്കാർ.
എന്നാൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ജൂലായ് 31 മുതൽ ഒക്ടോബർ 17 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ 548,40,37,173 രൂപ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. വയനാട് പുനരധിവാസത്തിന് മാത്രമായുള്ള അക്കൗണ്ടിൽ ക്രെഡിറ്റായ തുകയാണ് ഇത്.
548 കോടി അക്കൗണ്ടിൽ കിടന്നിട്ടും പുനരധിവാസ പദ്ധതികൾ തുടങ്ങിവയ്ക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. ദുരിത ബാധിതർ ഇപ്പോഴും ദുരിതക്കയത്തിൽ തുടരുകയാണ്. വയനാട് ദുരിതബാധിതരെ സഹായിക്കാനായി സംഭവാനകൾ ഇപ്പോഴും എത്തുന്നുണ്ട്. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ള സംഭാവനയാണ് ലഭിക്കുന്നത്.
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കത്തിലെ ഉത്സാഹം ഇപ്പോഴില്ലെന്നത് വാസ്തവമാണ്. കേന്ദ്രസർക്കാർ സഹായം നേടിയെടുക്കാനായിട്ടില്ല. ടൗൺഷിപ്പിന് സ്ഥലം ഏറ്റെടുക്കാൻ കാലതാമസമുണ്ടായി. അർഹരായവർക്കെല്ലാം പ്രഖ്യാപിച്ച സഹായങ്ങളും നൽകിയില്ല.
പിന്നാക്ക സംസ്ഥാനമായ ഒഡിഷ പോലും ദുരന്തത്തിന്റെ വ്യാപ്തികുറയ്ക്കാൻ മുൻകരുതലെടുക്കുമ്പോൾ കേരളം ഉഴപ്പുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. മണ്ണിനടിയിൽ പെട്ടുപോയ 47 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ തിരച്ചിൽ നടത്താൻ ആവശ്യപ്പെട്ടാൽ സർക്കാർ ഇപ്പോഴും സന്നദ്ധമാണെന്നാണ് റവന്യൂ മന്ത്രി കെ.രാജൻ പറയുന്നത്.
അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയുടെ പുനരധിവാസത്തിന് അർഹമായ കേന്ദ്രസഹായം ലഭിക്കാത്തതാണ് വൈകാൻ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച വേളയിലും അതിനുശേഷവും മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ നേരിൽകണ്ട് സഹായാഭ്യർത്ഥന നടത്തിയിരുന്നതാണ്.
എന്നാൽ ഇതുവരെ അടിയന്തരസഹായം ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ) ഗണത്തിൽപ്പെടുന്നതാണ് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല.
ജൂലായ് 30നാണ് ദുരന്തമുണ്ടായത്. 1200 കോടിയുടെ നഷ്ടമാണുണ്ടായത്. ഇത് കണക്കിലെടുത്തുള്ള അധികകേന്ദ്രസഹായത്തിനായി കേന്ദ്രമാനദണ്ഡങ്ങൾക്ക് അനുസൃതമായി അപേക്ഷതയ്യാറാക്കി ആഗസ്റ്റ് 17ന് സമർപ്പിച്ചു. ആഗസ്റ്റ് 27ന് പ്രധാനമന്ത്രിയെ നേരിൽകണ്ട് സഹായം അഭ്യർത്ഥിച്ചു.
പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭ ഒക്ടോബർ 3ന് ചേർന്ന് തീരുമാനമെടുക്കുകയും ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു.
ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കേന്ദ്രആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തി. ദുരന്തബാധിതരുടെ കുടുംബങ്ങളുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്ന കാര്യത്തിലും കേന്ദ്രസർക്കാർ അനുകൂല നടപടിയെടുത്തിട്ടില്ല.
കേന്ദ്രസർക്കാർ ഓഗസ്റ്റ് 14ന് പുതുതായി ദുരന്തപ്രതികരണപ്രതിരോധ നിധിയുടെ മനദണ്ഡത്തിൽ കൊണ്ടുവന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് അനുസരിച്ച് ഫീൽഡ് പഠനം കേന്ദ്രസംസ്ഥാന വിദഗ്ദ്ധർ അടങ്ങിയ സംഘം പൂർത്തീകരിച്ചു.
നിലവിൽ റിപോർട്ട് റിവ്യു ഘട്ടത്തിൽ ആണ്. ഈ മാസം അവസാനത്തോടെ ഈ പുതിയ നടപടിക്രമം അനുസരിച്ചുള്ള റിപ്പോർട്ടും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുനർനിർമ്മാണത്തിന് സഹായം നൽകുവാൻ ഈ റിപോർട്ട് കേന്ദ്ര സർക്കാർ പരിഗണിച്ചേക്കും.
അതേസമയം, വയനാടിന് കേന്ദ്ര സഹായം നൽകുന്നതിൽ ഒരു അവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പുത്തുമല ദുരന്തമുണ്ടായപ്പോൾ മുതൽ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് കേരളത്തിനുള്ള കരുതൽ ഉറപ്പാക്കിയത്.
സമാനമായി വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പാക്കും. വയനാട് ദുരന്തത്തെ പ്രധാനമന്ത്രി ഫോട്ടോഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണത്തെയും ധനമന്ത്രി വിമർശിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുന്നത് ഹൃദയശൂന്യർ ആണെന്നും അവർ പറഞ്ഞു.