/sathyam/media/media_files/2024/10/25/YAsYryqJoZXWz3lnxVI9.jpg)
തിരുവനന്തപുരം: രാജ്യത്താകെ പ്രാബല്യത്തിലായ പുതിയ ക്രിമിനൽ നിയമങ്ങളിൽ കേരളത്തിൽ ഭേദഗതി വരുത്താനുള്ള സാദ്ധ്യത തേടി സംസ്ഥാന സർക്കാർ. മുൻപുണ്ടായിരുന്ന ഐ.പി.സി, സി.ആർ.പി.സി, തെളിവുനിയമം എന്നിവയിലാണ് കേന്ദ്രം അടുത്തിടെ മാറ്റം വരുത്തിയത്.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പേരുകളിൽ പുതിയ നിയമം കൊണ്ടുവന്ന കേന്ദ്രവുമായി ഇക്കാര്യത്തിലുള്ള ഏറ്റുമുട്ടലിനാണ് കേരളം ഒരുങ്ങുന്നത്.
നേരത്തേ ബില്ലുകളിൽ ഒപ്പിടാത്തതിന് രാഷ്ട്രപതിക്കെതിരെയും സാമ്പത്തിക വിഹിതം തടയുകയും കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിന് കേന്ദ്രത്തിനെതിരെയും സർക്കാർ സുപ്രീംകോടതിയിൽ കേസ് നടത്തുകയാണ്.
അതിനൊപ്പമാണ് പുതിയ ക്രിമിനൽ നിയമങ്ങളിലെ ഭേദഗതിയുടെ പേരിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നത്. കോടികൾ സുപ്രീംകോടതിയിലെ വമ്പൻ വക്കീലന്മാർക്ക് ഫീസായി ലഭിക്കാനുള്ള നിയമയുദ്ധത്തിനാണ് വഴിതുറക്കുന്നത്.
പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്നാണ് സർക്കാർ പരിഗണിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.
ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങൾ നിലവിൽ വന്നത്.
പഴയ നിയമങ്ങളുടെ പേരുകൾക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികൾ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്കരണ കമ്മീഷൻ പരിശോധിക്കുക.
പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിലായതോടെ കേരളത്തിലും പുതിയ നിയമപ്രകാരമാണ് ഇപ്പോൾ കേസുകളെടുക്കുന്നത്. പഴയ കേസുകളിൽ ഐ.പി.സി വകുപ്പ് ചുമത്തുന്നു. 1860മുതലുണ്ടായിരുന്ന ഐ.പി.സി, 1898മുതലുള്ള സി.ആർ.പി.സി, 1872ലെ തെളിവ് നിയമം എന്നിവയാണ് മാറിയത്.
പോലീസ് വളരെ കഷ്ടപ്പെട്ട് പുതിയ വകുപ്പുകൾ പഠിച്ചെടുക്കവേയാണ് അടുത്ത ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. പുതിയ നിയമത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷയടക്കം വിവിധ കുറ്റങ്ങൾക്ക് ശിക്ഷ കടുപ്പിച്ചിട്ടുമുണ്ട്.
പുതിയ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടത് പൊലീസാണ്. എഫ്.ഐ.ആറിലെ വകുപ്പുകളിൽ പിഴവുണ്ടായാലും തെളിവുശേഖരണത്തിൽ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികൾ രക്ഷപെടാനിടയാക്കും.
കോടതികളിൽ എഫ്.ഐ.ആറും കുറ്റപത്രവും നൽകുന്നതിന് മുൻപ് ഉന്നതഉദ്യോഗസ്ഥരുടെയും നിയമവിഭാഗത്തിന്റെയും പരിശോധന കർശനമാക്കി. കേസന്വേഷണത്തിലും മേൽനോട്ടം നിർബന്ധമാക്കി. ഫോറൻസിക് ഉദ്യോഗസ്ഥർക്ക് തെളിവുശേഖരണത്തിലും പരിശീലനം നൽകിയിട്ടുണ്ട്.
പുതിയ ക്രിമിനൽ നിയമപ്രകാരം ഡിജിറ്റൽ തെളിവുകൾക്ക് പ്രാധാന്യമേറിയിട്ടുണ്ട്. ഇലക്ട്രോണിക് റെക്കോർഡുകൾ പ്രാഥമിക തെളിവായി മാറുന്നതോടെ, ഡിജിറ്റൽ തെളിവുശേഖരണത്തിന് പ്രാധാന്യമേറും.
വിചാരണ ഓൺലൈനായി നടത്തുന്നത് പ്രതികളെ കോടതിയിലെത്തിക്കേണ്ട പൊലീസിന്റെ ജോലിഭാരം കുറയ്ക്കും. ലഹരിയുടെ ഉന്മാദത്തിൽ പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് കേസെടുത്തിരുന്നത് ഇല്ലാതാവും, പകരം സാമൂഹ്യസേവനമാണ് ശിക്ഷ.
കൊലക്കുറ്റത്തിനുള്ള ഐ.പി.സി 302 വകുപ്പ് പുതിയ നിയമത്തിൽ 103 ആയിട്ടുണ്ട്. 511 സെക്ഷനുകൾ ഐ.പി.സിയിലുണ്ടായിരുന്നത് ഇപ്പോൾ 356 മാത്രം. 175 എണ്ണം ഇല്ലാതായി. പുതിയ നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം നൽകിയിരിക്കണം. വേണമെങ്കിൽ പിന്നീട് അനുബന്ധ കുറ്റപത്രമാവാം.
ഇതുവരെ രണ്ടാംനിര തെളിവുകളായിരുന്ന (സെക്കൻഡറി) ഇലക്ട്രോണിക് രേഖകൾ ഇനി പ്രാഥമിക തെളിവായി മാറുന്നതോടെ കേസുകൾ തെളിയിക്കുന്നത് പൊലീസിന് എളുപ്പമാവും. ഫോറൻസിക്, വിരലടയാള, ഡിജിറ്റൽ, സൈബർ വിദഗ്ദ്ധർക്ക് പുതിയ തെളിവുനിയമപ്രകാരം പരിശീലനം നൽകിത്തുടങ്ങിയിരിക്കെയാണ് നിയമഭേദതിക്ക് സംസ്ഥാന സർക്കാരിന്റെ നീക്കം.
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയുള്ള റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയിരുന്നു.
ഇതോടെ, വിദ്യാഭ്യാസം അടക്കം കൺകറന്റ് ലിസ്റ്റിലെ 52 വിഷയങ്ങളിൽ കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് നിയമം നിർമ്മിക്കാം. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കിൽ മാത്രം കേന്ദ്രാനുമതി തേടിയാൽ മതി.
നിയമനിർമ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വൻതോതിലായതോടെ, അതീവഗൗരവ വിഷയങ്ങളിലല്ലാതെ മുൻകൂർ കേന്ദ്രാനുമതി തേടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010ൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
13 വർഷത്തിനു ശേഷം ഈ കത്ത് തപ്പിയെടുത്താണ് റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്ക് ആധാരമാക്കിയത്. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാണെന്ന് തോന്നിയാലോ ഭരണഘടനയ്ക്കും നിയമത്തിനും സുപ്രീംകോടതി ഉത്തരവുകൾക്കും വിരുദ്ധമാണെന്നും ബോദ്ധ്യമായാലോ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദപ്രകാരം ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് അയയ്ക്കാം.