/sathyam/media/media_files/2024/10/28/PAVhLygnYX5GPnOjxlHu.jpg)
തിരുവനന്തപുരം: വിദേശത്തേക്ക് അയച്ച പാഴ്സലിൽ മയക്കുമരുന്ന് പിടിച്ചതിന് ഓൺലൈനായി അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് മലയാളികളുടെ അക്കൗണ്ടിൽ കിടക്കുന്ന പണം കൂളായി അടിച്ചെടുക്കുകയാണ് ഉത്തരേന്ത്യൻ സൈബർ കള്ളന്മാർ.
ഒരിക്കൽ പോലും വിദേശത്തേക്ക് പാഴ്സൽ അയച്ചിട്ടില്ലാത്തവർ പോലും ഈ തട്ടിപ്പിൽ കുരുങ്ങി ലക്ഷങ്ങളും കോടികളും സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയത്തുകൊടുക്കുകയാണ്.
അക്കൗണ്ടിലുള്ളത് കള്ളപ്പണമാണോയെന്ന് സംശയമുണ്ടെന്നും പരിശോധിക്കാനായി സി.ബി.ഐയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നുമായിരിക്കും, സി.ബി.ഐ ഓഫീസറുടെ വേഷത്തിൽ നിങ്ങളുമായി വീഡിയോകോൾ ചെയ്യുന്ന തട്ടിപ്പുകാരൻ പറയുക.
ഇത് വിശ്വസിച്ച് അക്കൗണ്ടിലെ ലക്ഷങ്ങൾ ട്രാൻസ്ഫർ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരകളാവുന്നത്. തൃശൂരിലെ വ്യവസായിയുടെ 20 ലക്ഷവും തിരുവനന്തപുരത്തെ ഡോക്ടറുടെ 40 ലക്ഷവും ഇങ്ങനെ തട്ടിപ്പുകാർ അടിച്ചെടുത്തത് അടുത്തിടെയാണ്.
സി.ബി.ഐ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ്, മുംബായ് പോലീസ് ഉദ്യോഗസ്ഥരായും സുപ്രീംകോടതി ജഡ്ജിമാരായുമൊക്കെ വേഷംകെട്ടി 'വെർച്വൽ അറസ്റ്റ്' എന്നുവിരട്ടി പണംതട്ടുന്നതാണ് സൈബർ തട്ടിപ്പിന്റെ പുതിയരീതി.
ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ ഒക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിട്ടയയ്ക്കാൻ പണം നൽകണമെന്നും ആവശ്യപ്പെടുന്ന വ്യാജ വിളികളുമുണ്ട്. ഉറ്റവർ അറസ്റ്റിലായെന്ന് കേട്ടയുടൻ അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ പണമയച്ചുകൊടുക്കുകയോ ചെയ്യുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.
കോടികൾ പോയവരിൽ എഞ്ചിനീയർമാരും ബാങ്കുദ്യോഗസ്ഥരും ഐ.ടിവിദഗ്ദ്ധരും മുതൽ മെത്രാപ്പൊലീത്ത വരെയുണ്ട്. ആലുവ എം.എൽ.എ അൻവർ സാദത്തിനെയും തട്ടിപ്പുകാർ ഇത്തരത്തിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
രാജ്യത്ത് ഡിജിറ്റലായി വെർച്വൽ അറസ്റ്റ് എന്നൊരു സംവിധാനമില്ലെന്നും, തട്ടിപ്പിൽ ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിൽ നിന്ന് കാര്യങ്ങളുടെ ഗൗരവം വ്യക്തമാവുന്നുണ്ട്.
വെർച്വൽ അറസ്റ്റ് തട്ടിപ്പിനായി പല രീതികളായിരിക്കും സൈബർ കൊള്ളക്കാർ ഉപയോഗിക്കുക. ഇതിനായി പല തന്ത്രങ്ങളും പയറ്റും. നിങ്ങൾ അയച്ചതോ നിങ്ങൾക്ക് വന്നതോ ആയ പാഴ്സലിൽ മയക്കുമരുന്നും വ്യാജപാസ്പോർട്ടും കണ്ടെത്തിയെന്നാണ് കൂടുതൽ പേരോടും പറയുക.
നമ്മൾ അങ്ങനെയൊരു പാഴ്സൽ അയച്ചിട്ടില്ലെന്ന് പറയുമ്പോൾ, നമ്മളുടെ ആധാറോ മറ്റ് തിരിച്ചറിയൽ രേഖകളോ പാഴ്സലിൽ നിന്ന് കിട്ടിയെന്ന് കള്ളം തട്ടിവിടും. തീവ്രവാദക്കേസുമായി ബന്ധപ്പെട്ടിടത്ത് നിങ്ങളുടെ ആധാറോ ക്രെഡിറ്റ്കാർഡോ കിട്ടിയെന്ന് പറയുന്നതാണ് മറ്റൊരു തന്ത്രം. വിശ്വസിപ്പിക്കാൻ വ്യാജമായുണ്ടാക്കിയ എഫ്.ഐ.ആറും കേസ് രേഖകളുമെല്ലാം കാട്ടും.
വിർച്വലായി അറസ്റ്റ് ചെയ്യാൻ യൂണിഫോമിട്ടാവും കള്ളന്മാർ എത്തുക. പോലീസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്, സൈബർസെൽ, ഇന്റലിജൻസ്ബ്യൂറോ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് യൂണിഫോമും തിരിച്ചറിൽ കാർഡുമൊക്കെയായി സൈബർ തട്ടിപ്പുകാർ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക.
നമ്മളുപയോഗിക്കുന്ന ഫോൺനമ്പർ ഗുരുതരകേസന്വേഷണത്തിൽ കണ്ടെത്തിയെന്നും സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്നും പറഞ്ഞും തട്ടിപ്പുണ്ട്. കോടതിയുടേതെന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിൽ വാറണ്ട് പരിശോധിക്കാനുമാവശ്യപ്പെടും. കേസൊഴിവാക്കാൻ 20 ലക്ഷം മുതൽ ഒരു കോടിവരെ തട്ടിയെടുക്കും.
കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത്, ലൈംഗിക വീഡിയോ കാണൽ കേസുകൾ പറഞ്ഞ് കണ്ണൂർ സ്വദേശിനിയിൽനിന്ന് തട്ടിയത് 1.65 കോടിയാണ്. ബാങ്ക് അക്കൗണ്ട് അപ്ഡേഷൻ, ഇ-സിം വേരിഫിക്കേഷൻ, ട്രേഡിംഗ്, റിവാർഡ് പോയിന്റ് തട്ടിപ്പുകളുമുണ്ട്.
അക്കൗണ്ടിലെ പണം നിയമപരമായുള്ളതാണോയെന്ന് പരിശോധിച്ച് തിരികെനൽകുമെന്നു പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കും. അക്കൗണ്ട് കാലിയാവുമ്പോഴായിരിക്കും തട്ടിപ്പാണെന്ന് മനസിലാവുക. അക്കൗണ്ടിൽ നിന്ന് തട്ടിയ പണം ഞൊടിയിടയിൽ മറ്റ് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാർ മാറ്റും.
അന്വേഷണ ഏജൻസികളുടെ വിർച്വൽ അറസ്റ്റ് എന്ന മട്ടിൽ ഫോൺ കോളോ, വീഡിയോ കോളോ വന്നാൽ പരിഭ്രാന്തരാകരുതെന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഒരു ഏജൻസിയും ഇത്തരത്തിൽ വീഡിയോ കോളുകൾ വഴി അന്വേഷണം നടത്തുകയോ, ഭീഷണിപ്പെടുത്തുകയോ, പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല.
തട്ടിപ്പുകോൾ വന്നാൽ ഡിജിറ്റൽ സുരക്ഷയുടെ മൂന്നു ഘട്ടങ്ങൾ മനസിലുണ്ടാകണം. സംയമനം പാലിക്കുക, ചിന്തിക്കുക, അടുത്ത നടപടിയിലേക്ക് പോകുക. സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്. സ്ക്രീൻഷോട്ട് എടുക്കണം. വീഡിയോ റെക്കോർഡ് ചെയ്യണം. ദേശീയ സൈബർ ഹെൽപ്‌ലൈൻ 1930ൽ വിളിക്കണം. https://cybercrime.gov.in ൽ റിപ്പോർട്ട് ചെയ്യണം. കുടുംബത്തെയും പൊലീസിനെയും അറിയിക്കണം.
തട്ടിപ്പുകാർ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് മോദി പറഞ്ഞു. "സൈബർ തട്ടിപ്പുരൾ തടയാൻ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഏകോപനത്തിനായി ദേശീയ സൈബർ കോ-ഓർഡിനേഷൻ സെന്ററുണ്ട് ".
"തട്ടിപ്പിന് ഉപയോഗിച്ച ആയിരക്കണക്കിന് വീഡിയോ കോൾ ഐഡികൾ ബ്ലോക്ക് ചെയ്‌തു. തട്ടിപ്പിലെ ലക്ഷക്കണക്കിന് സിംകാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തു".
"ഇരകളായവർ മറ്റുള്ളവരോട് ഇതേ കുറിച്ചു പരമാവധി ആളുകളോട് പറയണം. പ്രചാരണത്തിൽ വിദ്യാർത്ഥികളെയും ഭാഗമാക്കണം". സമൂഹത്തിലെ എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ വെല്ലുവിളിയെ നേരിടാൻ കഴിയുകയുള്ളുവെന്നും മോദി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഏറെയും സ്ത്രീകൾക്കാണ് പണം നഷ്ടമായത്. ഇരകൾ ഏറെയും വിദേശത്ത് നിന്ന് മടങ്ങിയവർ, ബിസിനസുകാർ, ഡോക്ടർമാർ, റിട്ട.ജീവനക്കാർ, ഐ.ടി ജീവനക്കാർ. ഇക്കൊല്ലം 150 ഓളം തട്ടിപ്പ്.
പൊലീസ് ബോധവത്കരണം ആരംഭിച്ചതോടെ പുരുഷന്മാർ ഇരകളാവുന്നത് കുറഞ്ഞു. സ്ത്രീകളെ ഉന്നമിട്ടുള്ള ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ നിയമസംവിധാനത്തിലൊരിടത്തും വെർച്വൽ അറസ്റ്റോ കസ്റ്റഡിയോ ഇല്ല. സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണ ഏജൻസികൾക്കാവും. പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം കൈമാറാൻ ഒരു ഏജൻസിയും ആവശ്യപ്പെടില്ലെന്നും പോലീസ് പറയുന്നു