/sathyam/media/media_files/2024/11/01/KcHcsLnAQkaGEnteUuJ1.jpg)
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ഇ.പി ജയരാജനെ പാർട്ടിയിൽ സജീവമാക്കാനുള്ള ശ്രമങ്ങളുമായി നേതാക്കൾ. ഓഗസ്റ്റ് 31നാണ് ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നൊഴിവാക്കിയത്.
അതിനു ശേഷം പാർട്ടി പരിപാടികളിൽ സജീവമാകാതെ ഒഴിഞ്ഞുനിൽക്കുകയായിരുന്ന ജയരാജൻ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിനെത്തി.
ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണ രംഗത്തു പോലും ജയരാജൻ സജീവമല്ല. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി ജയരാജനെ കണ്ടത്. പാർട്ടി പരിപാടികളിൽ സജീവമാകാൻ ഇ.പിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായാണ് വിവരം.
കേരളത്തിൽ ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന പ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച നടത്തിയെന്ന ഇ.പിയുടെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ നീക്കാനുള്ള തീരുമാനമെടുത്തതോടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
/sathyam/media/media_files/2024/11/01/fYhdxelnUrI80zuTUZyL.jpg)
അതിനു ശേഷം ഒരുവട്ടം ഡൽഹിയിൽ മുഖ്യമന്ത്രിയുമായി ഇ.പി കൂടിക്കാഴ്ച നടത്തിയിരുന്നതൊഴിച്ചാൽ പാർട്ടിയുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.
കണ്ണൂരിൽ ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്നുപോലും ഇ.പി വിട്ടുനിന്നിരുന്നു. മൂന്നിടത്ത് നടക്കുന്ന ഉപതിരിഞ്ഞെടുപ്പുകളിലും പ്രചാരണത്തിനിറങ്ങിയില്ല. ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ഇ.പിയെ പാർട്ടിയിൽ സജീവമാക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയടക്കം പയറ്റുന്നതെന്നാണ് സൂചന.
ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇ.പിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കും. നിലവിൽ ഇ. പി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയാണ്.
/sathyam/media/media_files/1Ll3P2y6teMoGWuCmwcX.jpg)
നിലവിൽ പിണറായി കഴിഞ്ഞാൽ സി.പി. എമ്മിലെ പ്രമുഖനും സീനിയറും ആയ ഇ.പിയെ പാർട്ടിക്ക് വിധേയനാക്കാനുള്ള ശ്രമം വിജയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കേരളത്തിലെ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേക്കർ തന്റെ വീട്ടിൽ വന്നെന്ന് ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ഇ. പി വെളിപ്പെടുത്തിയത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു.
ബി.ജെ.പിയിൽ ചേരാൻ ഇ.പി ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് അത് ബലം നൽകി. കോൺഗ്രസിനോട് പയറ്റാനും ന്യൂനപക്ഷ പ്രീതിക്കും സി. പി. എം ഉപയോഗിച്ച ആയുധമാണ് അതുവഴി നഷ്ടപ്പെട്ടത്.
തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ ലാവ്‌ലിൻ കേസടക്കം പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ സഹായിക്കാമെന്നുമുള്ള ജാവദേക്കറുടെ വാഗ്ദാനം ഇ.പി നിരസിച്ചെന്ന് ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയത് സി.പി.എമ്മിന്റെ വിശ്വാസ്യതയ്‌ക്ക് കളങ്കമായി.
ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവനയും നടപടിക്ക് കാരണമായി. കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായുള്ള ഇ.പിയുടെ കുടുംബത്തിന്റെ റിസോർട്ട് ബിസിനസും സംശയമുണ്ടാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലം തിരിച്ചടിയായതോടെ അവലോകന യോഗങ്ങളിലെ തീരുമാനപ്രകാരം സി.പി.എം തുടക്കമിട്ട തിരത്തൽ നടപടികളുടെ ഭാഗമായാണ് ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന്ഒഴിവാക്കിയത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സി.പി.എമ്മിന്റെ വെടിയേറ്റ പോരാളിയായ ഇ.പിയെ അങ്ങനെയങ്ങ് ഒഴിവാക്കാൻ പാർട്ടിക്ക് കഴിയുന്നതല്ല. പ്രത്യേകിച്ച് ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലേക്കു വരെ ബിജെപി കടന്നുകയറിയ സാഹചര്യത്തിൽ.
വെടിയേറ്റതിന്റെ ശാരീരിക അസ്വസ്ഥതകൾ പേറുന്ന ഇ.പിക്ക് പാർട്ടിക്കുള്ളിൽ അതിനാൽ ജീവിക്കുന്ന രക്തസാക്ഷി പരിവേഷമുണ്ട്. ഇത് മുതലെടുക്കാനാണ് പുതിയ നീക്കങ്ങൾ.
ഡൽഹിയിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ രാജധാനി എക്സ്‌പ്രസിൽ വച്ചാണ് ഇ.പിക്കുനേരേ വധശ്രമം നടന്നത്. 1995 ഏപ്രിൽ 12ന് ആന്ധ്രാപ്രദേശിലെ ഓംഗോളിനു സമീപം ചിരാലയിൽ ട്രെയിൻ എത്തിയ സമയത്ത് വാഷ്‌ബേസിനിൽ മുഖം കഴുകുന്നതിനിടെ പിൻഭാഗത്ത് കഴുത്തിന് മുകളിലായി രണ്ടിടത്താണ് വെടിയേറ്റത്.
അക്രമികളിലൊരാൾ ട്രെയിൽനിന്ന് ചാടി. രണ്ടാമത്തെയാളെ യാത്രക്കാർ പിടികൂടി റെയിൽവേ പോലീസിനു കൈമാറി. വെടിയേറ്റ ജയരാജന് ട്രെയിനിൽ വച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകി. മദ്രാസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആന്ധ്ര പൊലീസും തമിഴ്നാട് പൊലീസും പിന്നാലെ കേരള പൊലീസും അന്വേഷണം നടത്തിയിരുന്നു.
എം.വി.രാഘവൻ, സി.പി.ജോൺ, കെ.സുധാകരൻ തുടങ്ങിയവരുടെ ഗൂഢാലോചനയിലാണ് ജയരാജനെ കൊല്ലാനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. വധശ്രമക്കേസിൽ ആന്ധ്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ സുധാകരനെതിരേ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഹൈക്കോടതി കെ.സുധാകരനെ കുറ്റവിമുക്തനാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us