/sathyam/media/media_files/2024/11/04/DCvTKSuLNKG0bjjHrbM3.jpg)
തിരുവനന്തപുരം: കോടികൾ മുടക്കി പുറത്തിറക്കുന്ന സിനിമകളെ ജനങ്ങളും സമൂഹവും വിമർശിക്കുകയെന്നത് പണ്ടുകാലം മുതൽ കേരളത്തിലുള്ളതാണ്. എന്നാൽ മനപൂർവ്വമായി സിനിമകളെ തരംതാഴ്ത്തുന്നതും അവയുടെ വിപണി സാദ്ധ്യതകൾ ഇല്ലാതാക്കുന്നതും കുറ്റകരവുമാണ്.
എന്നാൽ സിനിമയിൽ ബലാത്സംഗ രംഗം ചിത്രീകരിച്ചതിലെ തെറ്റ് ചൂണ്ടിക്കാട്ടിയ ഗവേഷക വിദ്യാർത്ഥിയെ ഒരു ജനാധിപത്യബോധവുമില്ലാതെ അധിക്ഷേപിച്ച നടൻ ജോജു ജോർജ്ജിന്റെ നടപടി വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
സിനിമയടക്കം നവമാദ്ധ്യമങ്ങൾ സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കു കൂട്ടുന്നതടക്കം ചർച്ചയായ സാഹചര്യത്തിലാണ് തെറ്റ് ചൂണ്ടിക്കാണിച്ച വിദ്യാർത്ഥിക്കു നേരേ ജോജുവിന്റെ ആക്രോശം.
സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവർ ജോജുവിനെതിരേ രംഗത്തു വന്നിട്ടുണ്ട്. ചുരുക്കത്തിൽ 'പണി' സിനിമ ജോജുവിന് തന്നെ പണിയാവുന്ന മട്ടാണിപ്പോൾ. ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പണി'.
അതേസമയം, സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് തന്റെ 'പണി' സിനിമയെക്കുറിച്ച് റിവ്യൂ എഴുതിയ ആളെ ഭീഷണിപ്പെടുത്തിയത് താൻ തന്നെയാണെന്ന് ജോജു പ്രതികരിച്ചു. ജോജുവിന്റെ വാക്കുകൾ ഇങ്ങനെ - "ഞാൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിട്ടുള്ള ശബ്ദരേഖ പ്രചരിക്കുന്നുണ്ട്. ഞാൻ തന്നെയാണ് ഭീഷണിപ്പെടുത്തിയത് ".
"ഒരുപാട് വലിയ പൈസ ഇൻവെസ്റ്റ് ചെയ്ത സിനിമയാണിത്. ആ സിനിമയുടെ പേരിൽ ആദ്യ രണ്ട് ദിവസങ്ങളിൽ ഡീഗ്രേഡിംഗ് ഉണ്ടായി. അത് നമ്മളെ വലുതായി തളർത്തി. പക്ഷേ പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു. ഭാഗ്യമെന്നോ ദൈവാനുഗ്രഹമെന്നോ വിളിക്കാം. അതിനുശേഷം പല സൈറ്റുകളിലും ഇതിന്റെ പ്രിന്റുകൾ വന്നു".
"നെഗറ്റീവായി ഒരുപാട് റിവ്യൂകൾ വന്നിട്ടുണ്ട്. ഞാനൊരാളെയും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്റെ സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് തന്നെ പറയണം. നല്ലതാണെന്ന് പറയണമെന്ന് ഒരിക്കലും പറയുന്നില്ല. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും, അത് പ്രചരിപ്പിക്കുകയും ചെയ്തു".
"കമന്റുകളുടെ അടിയിൽ ഈ സിനിമ കാണരുതെന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. ഒരു സിനിമ വിജയിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് വിനോദോപാധിയാണെങ്കിലും എന്നെ സംബന്ധിച്ച് ജീവിത പ്രശ്നമാണിത്. കാരണം ഞാൻ പ്രൊഡ്യൂസറായതുകൊണ്ട് ".
ഞാൻ അദ്ദേഹത്തെ വിളിക്കാൻ കാരണം റിവ്യൂ അല്ല. പക്ഷേ ഒരുപാട് സ്ഥലങ്ങളിൽ ഇത് കോപ്പി പേസ്റ്റ് ചെയ്തുകൊണ്ടുള്ള കമന്റ് വന്നു. അപ്പോൾ പർപ്പസ് ഫുള്ളി ഒരാൾ ചെയ്യുന്നതാണ്. അപ്പോൾ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി".
"എന്റെ രണ്ട് വർഷത്തെ അദ്ധ്വാനമാണ് ആ സിനിമ. ഞാൻ അയാളെ വിളിച്ച് സംസാരിച്ചു. എനിക്ക് കിട്ടിയ രേഖകൾ വച്ച് മുന്നോട്ടുപോകും. വ്യക്തിപരമായി ഇദ്ദേഹത്തെ എനിക്കറിയുക പോലുമില്ല. എന്നെ കരുതിക്കൂട്ടി ഇങ്ങനെ ഒരു കാര്യം ചെയ്യുമ്പോൾ ദേഷ്യമൊക്കെ എനിക്കുണ്ട്. അത് ഞാൻ പ്രകടിപ്പിക്കും". - ജോജു പറഞ്ഞു.
അതേസമയം, പണി സിനിമയിലെ പീഡന രംഗങ്ങളെ വിമർശിച്ചത് സദുദ്ദേശത്തോടെയാണെന്ന് നിരൂപകൻ ആദർശ് പറഞ്ഞു. 'നിന്നെ ഞാൻ എല്ലാം കാണിക്കുന്നുണ്ട്, നീ എനിക്ക് ഒന്ന് പറഞ്ഞ് തന്നാൽ മതി' എന്ന് പറഞ്ഞു കൊണ്ടാണ് ജോജു ആദർശിനെ വിളിക്കുന്നത്.
ഞാൻ കാശ് കൊടുത്ത് കണ്ട സിനിമയാണ് അതിന്റെ അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട് എന്ന് പറഞ്ഞപ്പോൾ നീ തീർച്ചയായും പറയണം. നിനക്ക് എന്റെ മുന്നിൽ വരാൻ ധൈര്യമുണ്ടോ ? എന്ന ഭീഷണിയും ജോജു ഉയർത്തി.
വരാൻ ഞാൻ എന്തിനാണ് പേടിക്കുന്നത്. നിങ്ങൾ വന്ന് കണ്ടോളൂ. ഒരു സിനിമയിൽ റേപ്പ് പോലുള്ള കാര്യങ്ങൾ ഇങ്ങനെയല്ല എടുക്കേണ്ടത് എന്നാണ് പറഞ്ഞതെന്ന് നിരൂപകൻ സംഭാഷണത്തിൽ പറയുന്നുണ്ട്.
നീ നിന്റെ അഭിപ്രായം എഴുതി ഇട്ടിരിക്കുന്നു എന്തിനാണ് പേടിക്കുന്നത്. സിനിമ എടുക്കേണ്ടത് എങ്ങനെയാണെന്ന് നീ എനിക്ക് പഠിപ്പിച്ച് തരണം, ഞാൻ വരാം നിന്റെ അടുത്തേക്ക് എന്ന് പറഞ്ഞാണ് ഫോൺ കോൾ അവസാനിക്കുന്നത്.
ആദർശിന്റെ വിമർശനം ഇതായിരുന്നു- "റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യും വിധവുമാണ്. "
ഇനിയൊരിക്കലും ജോജു മറ്റൊരാളാടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഓഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുന്നത് എന്നാണ് ആദർശ് പറയുന്നത്. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്നാൽ, അത്തരം ഭീഷണികൾ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിൽ റേപ്പ് ചിത്രീകരിക്കേണ്ടത് അത് കാണുന്ന പ്രേക്ഷകനിൽ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് സഹതാപം തോന്നേണ്ടത് റേപ്പ് ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം.
പക്ഷേ പണിയിൽ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. റേപ്പ് ചിത്രീകരിക്കുമ്പോൾ ഓരോ സിനിമയും പുറത്തുവിടുന്ന കാഴ്ചശീലം സമൂഹത്തിന്റെ കൂടി പ്രശ്നമാണ്, അത് വിമർശിക്കപ്പെടേണ്ടത് തന്നെയാണ്.
ആണധികാര കാഴ്ചയുടെ ആംഗിളിലുള്ള റേപ്പ് സീൻ ഉണ്ടെന്ന് സിനിമയിൽ മുന്നറിയിപ്പ് നൽകുന്നതുമില്ല. പണം മുടക്കിയെടുക്കുന്ന സിനിമയിൽ എന്തും ചിത്രീകരിച്ച് കാണിക്കാൻ ഇന്ത്യയിൽ കഴിയില്ലല്ലോ. സ്ത്രീകൾക്കടക്കം ഈ സീനുകളുണ്ടാക്കുന്ന മാനസിക വ്യഥയെക്കുറിച്ചും ജോജു കണക്കിലെടുക്കുന്നില്ല.
പല ഇന്റർവ്യൂകളിലും ആദർശിനെ വിരട്ടിയതു പോലെ ജോജു മറ്റ് പലരെയും “എടാ” “പോടാ” “കൊച്ചേർക്കാ” എന്നൊക്കെ വിളിക്കാറുണ്ട്. മാന്യമായി താങ്കളെന്നോ അങ്ങ് എന്നോ നിങ്ങളെന്നോ ഒക്കെ വിളിച്ച് സംസാരിക്കേണ്ടതിന് പകരം ഒരു മര്യാദയുമില്ലാതെയാണ് ജോജു ആളുകളോട് പെരുമാറുന്നതെന്നും വിമർശനമുയരുന്നു.
ഒരുപാട് കഷ്ടപ്പെട്ട് വളർന്നു വന്നതാണ്. അതുകൊണ്ട് അതിജീവനത്തിന്റെ ഭാഷയാണ് തനിക്കെന്നാണ് ജോജു പറയുന്നത്. എല്ലാവരും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്ന് കരുതി ധാർഷ്ട്യത്തിന്റെ ഭാഷ മറ്റുള്ളവർ സഹിക്കണമെന്നു പറയരുതെന്ന് സോഷ്യൽമീഡിയ വിമർശിക്കുന്നു.
ഞങ്ങൾ പ്രേക്ഷകർ കാശ് കൊടുത്ത് സിനിമ കണ്ട് ഉണ്ടാക്കിത്തരുന്ന പണമാണ് ഈ നെഗളിപ്പിന് കാരണമായ ആർഭാടങ്ങളെന്നും ആക്ഷേപമുയരുന്നു. 150 രൂപ മുടക്കി സിനിമ കാണുന്ന പ്രേക്ഷകന് അവരുടെ അഭിപ്രായം പറയാൻ കഴിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.