/sathyam/media/media_files/2024/11/04/OQGcOtPJS5lrK2g3NL84.jpg)
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ഇൻഷുറൻസ് നിർത്തലാക്കാൻ സർക്കാർ തലത്തിൽ ആലോചന പുരോഗമിക്കവേ, മെഡിസെപ്പ് വേണ്ടെന്നും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി മതിയെന്നും കെ.എസ്.ഇ.ബി. ജൂൺ 30നാണ് നിലവിലെ ഓറിയന്റൽ കമ്പനിയുമായുള്ള മെഡിസെപ്പ് കരാർ അസാനിക്കുന്നത്.
മെഡിസെപ് പരിഷ്ക്കരിക്കാൻ ധനവകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ ശ്രീരാം വെങ്കിട്ടരാമൻ ചെയർമാനായി ഏഴംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിനോട് താത്പര്യമില്ല. മിക്ക സ്വകാര്യ ആശുപത്രികളും മെഡിസെപ്പ് കെയിം എടുക്കുന്നില്ല. പണം കിട്ടാനുള്ള കാലതാമസമാണ് അവരെ പിന്നോട്ടടിക്കുന്നത്.
നിലവിൽ മാസ പ്രീമിയം 500 രൂപ പ്രകാരം ഒരു വർഷത്തേക്കുള്ള 6000 രൂപ സർക്കാർ മുൻകൂറായി ഇൻഷുറൻസ് കമ്പനിക്കു നൽകുന്നുണ്ട്. ഗുണഭോക്താക്കളിൽനിന്നും മാസംതോറും ഈടാക്കും. ഒരാൾക്ക് മൂന്നുലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. ഒരുവർഷം ആനുകൂല്യം നേടിയില്ലെങ്കിൽ അടുത്തവർഷത്തേക്ക് അധികമായി കിട്ടും.
മെഡിസെപ്പ് പദ്ധതി ഈ നിലയിൽ തുടരുന്നത് നഷ്ടമാണെന്നാണ് കമ്പനിയുടെ വാദം. ആദ്യവർഷം 600 കോടി രൂപ കിട്ടിയെങ്കിലും ക്ലെയിം നൽകാൻ 700 കോടിയായി. അതിനാൽ പ്രീമിയം കൂട്ടണമെന്നാണ് ആവശ്യം. അങ്ങനെയെങ്കിൽ നിലവിലെ മാസം 500 രൂപ പ്രീമിയം ഇനിയും കൂട്ടേണ്ടി വരും. അത് ജീവനക്കാരെ മെഡിസെപ്പിൽ നിന്ന് അകറ്റും.
പ്രീമിയം കൂട്ടാൻ സർവീസ് സംഘടനകൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ മൂന്നുലക്ഷം കവറേജ് കൂട്ടണമെന്നാണ് എല്ലാ സംഘടനകളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. ആശുപത്രിയിൽ കിടത്തി ചികിത്സ ഉണ്ടായാലെ ഇപ്പോൾ ക്ലെയിം ലഭിക്കൂ. ഇത് ഒ.പിയിലെ ചികിത്സയ്ക്കും ആയുർവേദ ചികിത്സയ്ക്കും ലഭ്യമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
മെഡിസെപ്പിൽ നിലവിൽ 5.52 ലക്ഷം ജീവനക്കാരും, 5.87 ലക്ഷം പെൻഷൻകാരും ഇവരുടെ ആശ്രിതരുമടക്കം 30 ലക്ഷം ഗുണഭോക്താക്കളുണ്ട്. 553 എംപാനൽ ചെയ്ത ആശുപത്രികളുണ്ടെങ്കിലും മിക്കയിടത്തും ഇത് അംഗീകരിക്കുന്നില്ല.
കഴിഞ്ഞമാസം വരെ ഏഴേമുക്കാൽ ലക്ഷം ക്ലെയിമുകളിലായി 1519.58 കോടി അനുവദിച്ചെന്നാണ് സർക്കാർ പറയുന്നത്. നേരത്തെ മെഡിക്കൽ റീഇമ്പേഴ്സ്മെന്റാണ് ഉണ്ടായിരുന്നത്. അത് പരിഷ്ക്കരിച്ചാണ് സർക്കാർ മേൽനോട്ടത്തിൽ മെഡിസെപ് എന്ന പേരിൽ കാഷ്ലെസ് ആരോഗ്യഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നത്.
നിലവിൽ കെ.എസ്.ഇ.ബി ജീവനക്കാരും പെൻഷൻകാരും മെഡിസെപ്പിന്റെ ഭാഗമല്ല. പുതിയ കരാർ നിലവിൽ വരുമ്പോൾ ഇതിന്റെ സാദ്ധ്യതകളേക്കുറിച്ച് ആലോചിക്കാമെന്ന് ധന വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മെഡിസെപ് പദ്ധതിയിൽ അംഗത്വം വേണ്ടെന്ന് കെ.എസ്.ഇ.ബി ജീവനക്കാരും പെൻഷകാരും നിലപാടെടുത്തത്.
മെഡിസെപ് സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുകയും ചില ആശുപത്രികൾ പിന്മാറിയതും പ്രീമിയവും ഇൻഷ്വറൻസ് കവറേജും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തർക്കവുമാണ് കാരണം.
പകരം ആവശ്യപ്പെടുന്ന ഗ്രൂപ്പ് ഇൻഷുറൻസിൽ ആശ്രിതർക്കുൾപ്പെടെ ക്യാഷ്‌ലെസ് ചികിത്സ, പരിശോധന-മരുന്ന്-അനുബന്ധ സാധനങ്ങൾ, അത്യാഹിത വിഭാഗ ചികിത്സ, മെഡിക്കൽ ഇംപ്ലാന്റേഷൻ സർവീസ്, കിടത്തി ചികിത്സ, ചികിത്സയ്ക്കിടെയുണ്ടാകുന്ന സങ്കീർണതകൾ, ആശുപത്രി വിട്ട ശേഷമുള്ള 15 ദിവസത്തെ തുടർ ചികിത്സാ ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തും.
അപ്രായോഗിക ചികിത്സാ പാക്കേജുകൾ, വൻകിട ആശുപത്രികളില്ലാത്തത്, പ്രധാനപ്പെട്ട സ്പെഷ്യാലിറ്റി ആശുപത്രികൾ വിട്ടുനിൽക്കുന്നത്, ചികിത്സാസഹായം കിട്ടാത്തതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ തുടങ്ങിയവയാണ് മെഡിസെപ്പിലെ പ്രശ്നങ്ങളായി ജീവനക്കാരും പെൻഷൻകാരും ചൂണ്ടിക്കാട്ടുന്നത്.
എതിർപ്പ് വ്യാപകമായതോടെ പ്രീമിയം കൂട്ടി, താത്പര്യമുള്ളവർക്കു മാത്രം ചേരാൻ ഓപ്ഷൻ നൽകുകയെന്നതാവും സർക്കാരിന് മുന്നിലുള്ള പോംവഴി. ചേരാത്ത ജീവനക്കാർക്ക് മെഡിക്കൽ റീ-ഇംബേഴ്‌സ്‌മെന്റ് പുനഃസ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ ഇതിനുള്ള കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് വെല്ലുവിളി.
മെഡിസെപ് പദ്ധതിയിലെ നിരക്കുകൾ, സേവനങ്ങൾ, ചികിത്സാ പാക്കേജുകൾ തുടങ്ങി പരാതിരഹിതമായി മെഡിസെപ് പരിഷ്ക്കരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സർക്കാർ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുള്ളത്.