/sathyam/media/media_files/2024/11/05/jZbKEllOUJHwCzv8DHaJ.jpg)
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം മതാടിസ്ഥാനത്തിൽ വിഭജിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ തന്നെയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
തന്റെ ഫോൺ ആരോ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. ഇതേത്തുടർന്ന് വാട്സ് ആപ് അധികൃതരോട് പോലീസ് വിവരം തേടിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിംഗ് നടന്നിട്ടില്ലെന്ന് ഇന്ന് വാട്സ്ആപ്പ് അധികൃതർ പോലീസിനെ അറിയിച്ചു. ഇതോടെ, വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.
തന്നെ ഉൾപ്പെടുത്തി മുസ്ലീം ഓഫീസേഴ്സ് എന്ന ഗ്രൂപ്പുണ്ടാക്കിയതിനെതിരേ ഐ.എ.എസ് ഉദ്യോഗസ്ഥയായ അദീലാ അബ്ദുള്ളയും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാണ് പോലീസ് നീക്കം.
ഡൽഹിയിൽ ഉന്നത പദവിയിൽ കേന്ദ്ര ഡെപ്യൂട്ടേഷൻ തരപ്പെടുത്താനാണ് ഗോപാലകൃഷ്ണൻ ഇത്തരത്തിൽ ഗ്രൂപ്പുണ്ടാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവിടുത്തെ ഉദ്യോഗസ്ഥരെയെല്ലാം നിയന്ത്രിക്കുന്നത് താനാണെന്ന് ഗ്രൂപ്പുണ്ടാക്കിയ ശേഷം ഡൽഹിയിലേക്ക് അയച്ചുകൊടുത്തെന്നാണ് സൂചന.
സംഭവം വിവാദമായതോടെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുമുണ്ടാക്കി. ജില്ലാ കലക്ടർമാർ മുതൽ അഡിഷനൽ ചീഫ് സെക്രട്ടറിയെവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പുകൾ രൂപീകരിച്ചത്. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്', 'മല്ലു മുസ്ലിം ഓഫീസേഴ്സ്' എന്നീ ഗ്രൂപ്പുകളാണുണ്ടാക്കിയത്.
മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ഇവ ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നാലെ തന്റെ വാട്സാപ് ഹാക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണൻ സൈബർ സെല്ലിന് പരാതി നൽകി. തന്റെ വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടതായി ആ ഗ്രൂപ്പിലുണ്ടായിരുന്നവർക്കെല്ലാം ഗോപാലകൃഷ്ണൻ സന്ദേശം അയച്ചു. ഫോൺ ഹാക്ക് ചെയ്തതായും തന്റെ പേരിൽ 11 വാട്സാപ് ഗ്രൂപ്പുകൾ ആരോ രൂപീകരിച്ചതായും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചതിനെക്കുറിച്ച് സൈബർ പൊലീസ് അന്വേഷിക്കുകയാണ്. കെ.ഗോപാലകൃഷ്ണനിൽനിന്നു ഗ്രൂപ്പുകളുടെ സ്ക്രീൻ ഷോട്ടുകളും പൊലീസ് ശേഖരിച്ചു.
ഫോൺ പോലീസിനെ ഏൽപ്പിച്ചെങ്കിലും അത് ഫോർമാറ്റ് ചെയ്തിരുന്നു. രേഖകളും ചിത്രങ്ങളുമടക്കമുള്ള സ്വകാര്യ ശേഖരം നീക്കിയ ശേഷമാണ് ഫോൺ നൽകിയത്. എന്നാൽ ഈ ഫോണിലെ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയിക്കാൻ ഗൂഗിളിനോട് പോലീസ് ആവശ്യപ്പെട്ടു.
ഫോൺ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. മതാടിസ്ഥാനത്തിനുള്ള വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് സർവീസ് ചട്ടലംഘനമാണ്. ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നാണു കമ്മിഷണർക്കു ലഭിച്ച പരാതി.
ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരിൽക്കണ്ടു ഗോപാലകൃഷ്ണൻ വിശദീകരണം നൽകി. ഫോൺ ഹാക്ക് ചെയ്തതാണെന്നും പരാതി പൊലീസ് കമ്മിഷണർക്കു നൽകിയെന്നുമാണ് അറിയിച്ചത്. ചീഫ് സെക്രട്ടറി വിഷയം സർക്കാരിനെ അറിയിച്ചു.
ഗോപാലകൃഷ്ണൻ ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവിന് വാട്സാപ് സന്ദേശം അയച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡൽഹിയിലേക്കു മാറ്റം വേണമെന്നും ഉചിതമായ സ്ഥാനം നൽകണമെന്നുമാണ് ആവശ്യം.
ഹിന്ദു ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടും അയച്ചതായാണു വിവരം. എന്നാൽ ജൂനിയർ ഉദ്യോഗസ്ഥന്റെ ഭാവി ഇല്ലാതാക്കുന്ന തരത്തിൽ കേസ് വേണ്ടെന്നാണ് നിലവിലെ തീരുമാനം.
വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ.
വാട്സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകൾ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്. എന്നാൽ എത്ര ഗ്രൂപ്പാണ് തുടങ്ങിയതെന്ന് മൊഴിയിലില്ല.
ഡിസിപി ഭരത് റെഡിയാണ് മൊഴിയെടുത്തത്. സാംസഗ് ഫോണും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി പരിശോധിച്ചു. രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് അംഗങ്ങൾ. സന്ദേശങ്ങളൊന്നും ഗ്രൂപ്പിൽ വന്നിട്ടില്ല.
മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.