/sathyam/media/media_files/2024/10/31/XSjIRwXdyqhDdUKDM696.jpg)
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ മാെഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ യാത്രഅയപ്പ് യോഗത്തിലെത്തി ക്രൂരമായി അപമാനിച്ചതിനെത്തുടർന്നാണ് നവീൻ ജീവനൊടുക്കിയതെന്നാണ് പോലീസ് കേസ്.
ഈ കേസിൽ ദിവ്യ റിമാൻഡിലാണ്. എന്നാൽ, യാത്രയയപ്പ് യോഗത്തിന് ശേഷം ചേംബറിലെത്തിയ നവീൻ തെറ്റുപറ്റിയെന്ന് തന്നോട് പറഞ്ഞിരുന്നെന്നാണ് കളക്ടറുടെ മൊഴി. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊഴിയിൽ വ്യക്തത വരുത്താൻ പോലീസ് വീണ്ടും കളക്ടറുടെ മൊഴിയെടുക്കുന്നത്.
ദിവ്യയ്ക്ക് അനുകൂലമായി കൂടുതൽ കാര്യങ്ങൾ പറയാൻ കളക്ടർക്ക് അവസരം നൽകാനാണ് ഇതെന്നാണ് ആരോപണം. നവീന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഈ കൂടിക്കാഴ്ചയുടെ കാര്യം പറഞ്ഞിരുന്നില്ല.
കണ്ണൂർ കളക്ടർക്ക് അനുകൂലമായി ഐ.എ.എസ് അസോസിയേഷൻ കഴിഞ്ഞദിവസം പരസ്യ നിലപാടെടുത്തിരുന്നു. അന്വേഷണം തീരും വരെ കളക്ടറെ ക്രൂശിക്കരുതെന്നാണ് നിലപാട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.
ഇതിനായി കളക്ടർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉത്തരമേഖലാ ഡി.ഐ.ജിയുടെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കൽ. പ്രത്യേക ചോദ്യാവലി കഴിഞ്ഞ ദിവസം തയ്യാറാക്കി.
അരുൺ കെ.വിജയന് പിന്തുണയുമായി ഐ. എ.എസ്. അസോസിയേഷൻ രംഗത്തുവന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാണ് പൊലീസ് നീക്കം. നിയമവിദഗ്ദ്ധരുമായി ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ടുപോക്ക്.
നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അടുത്തദിവസം രേഖപ്പെടുത്തും. നവീൻബാബുവിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതി പി.പി ദിവ്യയുടെ അഭിഭാഷകൻ വിമർശനമുന്നയിച്ചിരുന്നു. വിഡിയോ റെക്കോർഡിംഗ് ഉൾപ്പെടെയായിരിക്കും ഇനി മൊഴിയെടുപ്പ്.
നിലവിൽ ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോയിൽ പകർത്തിയത്. ദിവ്യയുടെ ജാമ്യഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാനാണ് നവീൻ ബാബുവിന്റ കുടുംബത്തിന്റെ തീരുമാനം.
യാത്രയപ്പ് സമ്മേളനത്തിന് ശേഷം തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്ന മൊഴിയിലുറച്ച് നിൽക്കുകയാണ് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ പറയുന്നു.
യാത്രയപ്പിന് ശേഷം നവീൻ സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല. മൊഴി നൽകിയിട്ടുണ്ട്. തന്റെ അനുഭവത്തിൽ എഡിഎം നവീൻ ബാബു നല്ല ഉദ്യോഗസ്ഥനാണ്. ഒന്നും മറച്ചുവയ്ക്കാൻ തുനിഞ്ഞിട്ടില്ല.
സത്യം സത്യമായി പറയാതിരിക്കാൻ കഴിയില്ല, അതുകൊണ്ടാണ് അന്വേഷണസംഘത്തിന് മൊഴിനൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങളാണ് അന്വേഷണസംഘത്തോട് പറഞ്ഞതെന്നും അത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം, കളക്ടറുടെ മൊഴി കോടതി തള്ളിക്കളഞ്ഞതാണ്. പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയുള്ള വിധിന്യായത്തിന്റെ 34 -ാം പേജിലാണ് കളക്ടറുടെ മൊഴി പരാമർശിക്കുന്നത്.
എന്നാൽ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായി സമ്മതിച്ചതാകില്ലെന്ന് വ്യക്തമാക്കി കോടതി കളക്ടറുടെ മൊഴി തള്ളുകയായിരുന്നു.
കളക്ടർ പൊലീസിന് ഇങ്ങനെ മൊഴി നൽകിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ ഉന്നയിച്ചിരുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാദ്ധ്യമങ്ങൾ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും നേരത്തെ കളക്ടർ മറുപടി നൽകിയിരുന്നില്ല.
പി.പി ദിവ്യയ്ക്ക് അനുകൂലമായി കേസ് മാറ്റാനുള്ള നീക്കമാണ് കളക്ടറുടെ മൊഴിയെന്ന ആരോപണവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്.
കളക്ടറുടെ മൊഴിയിൽ കൃത്യത വരുത്തണമെന്ന് ആവശ്യപ്പെട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയുമാണ് പി.പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ജാമ്യഹർജി സമർപ്പിച്ചത്.
പ്രതിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് പൊലീസ് നടത്തിയതെന്നും നിർണായക സാക്ഷിമൊഴികൾ പലതും കോടതി മുൻപാകെ എത്തിയില്ലെന്നും ദിവ്യയുടെ ഹർജിയിലുണ്ട്. ജാമ്യത്തെ എതിർത്ത് കക്ഷിചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്.
പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് ജാമ്യഹർജിയിൽ പ്രധാനമായും ഉന്നയിച്ചത്. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ, ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പോലീസ് അന്വേഷിച്ചില്ല. സംഭവത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ കമ്മിഷണറുടെ മൊഴിയെടുക്കണമെന്നും ദിവ്യ ആവശ്യപ്പെടുന്നു. താൻ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടർ ക്ഷണിച്ചാട്ടാണെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പി.പി ദിവ്യ.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമടക്കം നിയമപരമായ എല്ലാ സാദ്ധ്യതകളും തേടുകയാണ് കുടുംബം. കളക്‌ടറോട് നവീൻ ബാബു എല്ലാം തുറന്ന് പറഞ്ഞുവെന്ന് പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. കളക്‌ടറുമായി ഒരു ആത്മബന്ധവും നവീനില്ലെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു.
കളക്‌ടറുമായി നവീന് ഒരു അടുപ്പവുമില്ല. നവീൻ ബാബുവിന് നീതി ലഭിക്കാൻ ശക്തമായി കുടുംബം മുന്നോട്ട് പോകും - കുടുംബം വ്യക്തമാക്കി.
അതേസമയം എ.ഡി.എമ്മിന്റെ കേസ് ഒതുക്കാനും പലവഴികൾ പയറ്റുകയാണ് കളക്ടർ. ഇതിന്റെ ഭാഗമായാണ് രണ്ടാം മൊഴിയെടുപ്പ്. ഇതിൽ വൈരുദ്ധ്യമുള്ള കാര്യങ്ങൾ പറഞ്ഞാൽ കോടതിയിൽ കേസ് തള്ളിപ്പോവുമെന്നത് മുന്നിൽകണ്ടാണ് നീക്കങ്ങൾ.