/sathyam/media/media_files/2024/11/08/3ZvA5i5XuPhOrmJLvY5q.jpg)
തിരുവനന്തപുരം: കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട നിലപാടിൽ നിന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതി കരണം മറിഞ്ഞത് ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാടു മാറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഒക്ടോബർ പതിനാറിന് പത്തനംതിട്ടയിലെ നവീനിന്റെ വീട്ടിലെത്തി കണ്ണീരോടെ ദിവ്യയെ കുറ്റപ്പെടുത്തിയ ശ്രീമതി, ഇന്ന് ദിവ്യയ്ക്ക് നീതി കിട്ടണമെന്ന് മാറ്റിപ്പറഞ്ഞു.
ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നും അവർക്ക് നീതി ലഭിക്കണമെന്നും ശ്രീമതി തുറന്നു പറഞ്ഞു. കുറച്ചു ദിവസമായി ദിവ്യ ജയിലിൽ കിടക്കുകയാണെന്നും മനപൂർവ്വമല്ലാതെയുണ്ടായ നിർഭാഗ്യകരമായ സംഭവമാണിതെന്നും ശ്രീമതി പറഞ്ഞു.
എന്നാൽ നവീന്റെ വീട്ടിൽ കണ്ണീരോടെ എത്തിയ ശ്രീമതി അന്ന് പറഞ്ഞത് മറ്റൊന്നായിരുന്നു. എഡിഎമ്മിന്റെ ആത്മഹത്യ അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്. ഒരു യാത്രയയപ്പ് യോഗത്തില്‍ പോയി ഇങ്ങനെയൊക്കെ പറയണമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം.
"ക്ഷണിക്കപ്പെടാത്ത വേദിയില്‍ പി.പി ദിവ്യ പോകേണ്ടിയിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വേണ്ടിയിരുന്നില്ല. വിവാദങ്ങള്‍ക്ക് കാരണമായ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണമാണ് " - അന്ന് ശ്രീമതി പറഞ്ഞതിങ്ങനെയായിരുന്നു. 11 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഇന്ന് ദിവ്യയ്ക്ക് ജാമ്യം ലഭിച്ച ശേഷമായിരുന്നു ശ്രീമതിയുടെ നിലപാട് മാറ്റം.
ദിവ്യയെ എല്ലാ പദവികളിൽ നിന്നും ഒഴിവാക്കി പാർട്ടി നടപടിയെടുത്തെങ്കിലും, അവർ ഉന്നത പദവിയിലേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യതയേറെയാണ്. ഇത് സാധൂകരിക്കുന്നതാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്.
"പി.പി. ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് തന്നെയാണ് പാര്‍ട്ടിയെടുത്തതെന്നും ദിവ്യയെ കാണാൻ നേതാക്കൾ ഇനിയും പോകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി എപ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം തന്നെയാണ്. അക്കാര്യം നേരത്തേയും വ്യക്തമാക്കിയതാണ് ".
"ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടത് ". കോടതിയിൽ ദിവ്യ പറയുന്നത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയതെങ്കിലും പാർട്ടി അവരെ സംരക്ഷിക്കുമെന്ന നിലപാടാണ് ഗോവിന്ദന്റെ വാക്കുകളിലുള്ളത്.
സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. എ.ഡി.എം. കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.
അഡ്വ. കെ. വിശ്വനാണ് ദിവ്യയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. കളക്ടറോട് എഡിഎം കുറ്റസമ്മതം നടത്തിെയെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. യാത്രഅയപ്പ് യോഗത്തിനു ശേഷം ചേംബറിലെത്തി എഡിഎം തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞെന്ന കളക്ടറുടെ മൊഴി ആയുധമാക്കിയാണ് ദിവ്യ ജാമ്യഹർജി നൽകിയിരുന്നത്. ഇതുകൂടി കണക്കിലെടുത്താണ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതും.
കളക്ടറെ കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കള്ളമൊഴി നൽകിച്ചതാണെന്നാണ് ആരോപണമുയരുന്നത്.
അതേസമയം, നിയമ പോരാട്ടം തുടരുമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. പി.പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം.
ജാമ്യം കിട്ടില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അഭിഭാഷകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ട കുടുംബം സിബിഐ അന്വേഷണം തേടി കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എഡിഎമ്മിന്റെ ഡ്രൈവർക്കടക്കം ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് കുടുംബം പറയുന്നത്.