/sathyam/media/media_files/2024/11/08/b8dK1D05ykicQBXUuqd3.jpg)
തിരുവനന്തപുരം: പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഏഴു വർഷം പുറത്തുനിൽക്കുകയും പിന്നീട് അതിശക്തനായി തിരിച്ചെത്തി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പോലീസിനെ ഭരിക്കുകയും ചെയ്യുന്ന പി. ശശിക്ക് നൽകിയ സംരക്ഷണമായിരിക്കും പി.പി. ദിവ്യയ്ക്കും പാർട്ടി നൽകുക.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാക്കേസിൽ 11 ദിവസം ജയിലിലായിരുന്ന ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ദിവ്യ. പാർട്ടി നടപടി താത്കാലികം മാത്രമാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദിവ്യയെ പാർട്ടി പദവികളിലേക്ക് തിരിച്ചെത്തിക്കുകയും അവരെ മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് പകരമോ തളിപ്പറമ്പിൽ എം.വി ഗോവിന്ദന് പകരമോ മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാനാണ് നീക്കം.
രണ്ടിടവും പാർട്ടി കോട്ടയായതിനാൽ അവർക്ക് ജയസാദ്ധ്യത കൂടുതലാണ്. പയ്യന്നൂരിൽ ടി.ഐ മധുസൂദനന് പകരവും ദിവ്യയെ പരിഗണിച്ചേക്കാം. അതും പാർട്ടി കോട്ട തന്നെയാണ്.
ദിവ്യ പാർട്ടി കേഡറാണെന്നും അവരെ തിരുത്താനാണ് നടപടിയെടുന്നും എം.വി ഗോവിന്ദൻ പറയുന്നതിലൂടെ അവർക്ക് പാർട്ടി സംരക്ഷണമുണ്ടെന്നത് വ്യക്തമാണ്. എഡിഎമ്മിന്റെ കുടുംബവുമായി ഒത്തുതീർപ്പിലെത്തുകയും മകൾക്ക് ജോലി നൽകുകയും ചെയ്ത് വിഷയം ഒതുക്കിതീർക്കാനുള്ള നീക്കങ്ങളും സജീവമാണ്.
എന്നാൽ സിബിഐ അന്വേഷണം തേടി കോടതിയെ സമീപിക്കുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 11 വർഷം പുറത്തുനിന്ന ശേഷമാണ് പി. ശശി തിരിച്ചെത്തിയത്. അത്രത്തോളം ഗുരുതരമായ പ്രശ്നമല്ല ദിവ്യയുടേതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
പി. ശശിക്കെതിരേ ഉണ്ടായിരുന്ന സ്വകാര്യ അന്യായം കോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ 2019-ല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. സമാനമായി ദിവ്യയ്ക്കെതിരേ കോടതിയുടെ അനുകൂല ഉത്തരവ് നേടി ഉടനടി അവരെ പാർട്ടി ഉന്നത പദവികളിൽ അവരോധിക്കാനാണ് നീക്കം.
സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കെ 2011-ല്‍ ആണ് ശശിക്കെതിരേ ആരോപണമുയര്‍ന്നതും നടപടി ആരംഭിച്ചതും. പിന്നീട് അംഗത്വത്തില്‍നിന്നുതന്നെ പുറത്തായി. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരിക്കെയാണ് പി. ശശി നടപടി നേരിട്ട് പുറത്ത് പോയത്. തുടര്‍ന്ന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു പി. ശശി.
കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പി. ശശി പുറത്തായതിനെ തുടര്‍ന്നാണ് പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. കോടതി കുറ്റവിമുക്തനാക്കിയതോടെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അദ്ദേഹം അറിയിക്കുകയായിരുന്നു.
2018 ജൂലൈയില്‍ അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയാ കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. പിന്നീട് സിപിഎം അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
പിണറായി വിജയൻ ശശിയെ തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി പോലീസ് ഭരണത്തിന്റെ ചുമതല നൽകി. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പോലീസ് നടപടികളിലെല്ലാം ശശിക്കെതിരേയാണ് വിമർശനം ഉയരുന്നത്. എന്നാൽ ശശി മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് പിണറായിയുടെ സർട്ടിഫിക്കറ്റ്.
നായനാരുടെ കാലത്ത് മുഖ്യമന്ത്രിക്കൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശശി. പുറത്തായ ശേഷവും ടി.പി കേസിലടക്കം പാര്‍ട്ടിക്കായി കോടതിയില്‍ ഹാജരായി. സംസ്ഥാന സമിതിയിലേക്ക് പി.ശശിയെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിച്ചുപണി ലക്ഷ്യമിട്ടായിരുന്നു.
പി.അൻവർ ശശിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല, അന്വേഷണവുമില്ല. ആരോപണങ്ങൾ പുതിയ കാര്യമല്ലെന്നും തനിക്ക് ഒരു ഭയവുമില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് പി ശശിയുടെ പ്രതികരണം.
"ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അവർക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ ഞാൻ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും എന്നിട്ടും ഞാൻ ഇത്രയും ദൂരം എത്തിയിരിക്കുന്നു" - ശശി വ്യക്തമാക്കി.
പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ രംഗത്തെത്തിയിട്ടുണ്ട്. പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരുമെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം.
"ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അര മുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരും".
"നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ നടപടി". ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടിയെന്നും സുധാകരൻ പറഞ്ഞു.