ഹിന്ദു, മുസ്ലീം അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഹാക്കിംഗ് വഴിയല്ല. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച് ഗൂഗിളും വാട്സ്ആപ്പും. ഗ്രൂപ്പുണ്ടാക്കിയതല്ലാതെ സന്ദേശങ്ങൾ അയച്ചിട്ടില്ലാത്തതിനാൽ കേസെടുക്കേണ്ടെന്ന് സർക്കാർ. ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. മതഗ്രൂപ്പ് വിവാദത്തിൽ സർക്കാർ നീക്കം കരുതലോടെ

ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പുകൾ രൂപീകരിച്ചതെന്ന് ഗൂഗിൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഹാക്കിംഗ് നടന്നിട്ടില്ലെന്നും ഗോപാലകൃഷ്ണന്റെ അതേ ഐ.പി വിലാസത്തിലാണ് ഗ്രൂപ്പുകൾ രൂപീകരിച്ചതെന്നും വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും അറിയിച്ചു.

New Update
k gopalakrishnan-3
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഹിന്ദു, മുസ്ലീം മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് പിന്നിൽ ഹാക്കിംഗ് നടന്നിട്ടില്ലെന്ന് ഗൂഗിളും വാട്സ്ആപ്പും വ്യക്തമാക്കിയിട്ടും വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ സംരക്ഷിക്കുകയാണ് സർക്കാർ.


Advertisment

ചീഫ്സെക്രട്ടറിയെ കണ്ട് അബദ്ധം ഏറ്റുപറഞ്ഞ ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് അടക്കം ഹിന്ദു സംഘടനകളുമെത്തി. ഇതോടെ, ഗോപാലകൃഷ്ണനെതിരേ കേസെടുത്താൽ പുലിവാകുമോ എന്ന ആശങ്കയിലാണ് സർക്കാർ.


മാത്രമല്ല, ഗ്രൂപ്പുകൾ രൂപീകരിച്ചതല്ലാതെ അതിൽ സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നതും സർക്കാർ പരിഗണിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണ‌ർ ജി. സ്പർജ്ജൻ കുമാർ ഇന്ന് ഡിജിപിക്ക് കൈമാറി.

ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പുകൾ രൂപീകരിച്ചതെന്ന് ഗൂഗിൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഹാക്കിംഗ് നടന്നിട്ടില്ലെന്നും ഗോപാലകൃഷ്ണന്റെ അതേ ഐ.പി വിലാസത്തിലാണ് ഗ്രൂപ്പുകൾ രൂപീകരിച്ചതെന്നും വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും അറിയിച്ചു.

2 റിപ്പോർട്ടുകളാണ് മെറ്റ് നൽകിയത്. ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചിട്ടുണ്ട്. ഹാക്കിംഗ് കണ്ടെത്താനായില്ലെന്ന് ഫോറൻസിക് ലാബിൽ നടത്തിയ സൈബർ ഫോറൻസിക് പരിശോധനയിലും കണ്ടെത്തി.

ഈ റിപ്പോർട്ടുകൾ സഹിതമാണ് കമ്മീഷണ‌ർ ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും ഗോപാലകൃഷ്ണനെതിരേ കേസെടുക്കണോ എന്നതിലടക്കം തീരുമാനമെടുക്കുക.


ഗോപാലകൃഷ്ണന്റെ സാംസംഗ്, ഐഫോൺ എന്നിവ പിടിച്ചെടുത്തിരുന്നു. പക്ഷേ  2 ഫോണുകളിലെയും വിവരങ്ങൾ മായ്ചു കളഞ്ഞ് ഫോർമാറ്റ് ചെയ്ത നിലയിലാണ്. ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനൽകിയത്.


അതേസമയം, തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമുള്ള മൊഴി ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. എന്നാൽ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് അത് സ്വന്തമായി നിയന്ത്രിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാൻ ഗോപാലകൃഷ്ണന് കഴിയില്ലെന്ന് പൊലീസ് പറയുന്നു.

k gopalakrishnan ias

ഡൽഹിയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഉന്നതനെ അറിയിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്. മുൻപ് രണ്ടുവട്ടം ഡെപ്യൂട്ടേഷന് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.

ആദ്യം ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പാണുണ്ടാക്കിയത്. വിവാദമായതോടെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ചില ജാതി അടിസ്ഥാനത്തിലെ ഗ്രൂപ്പുകളുമുണ്ടാക്കി. മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ തന്നെ ചേർത്തതിനെതിരെ കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള പൊലീസിൽ പരാതിനൽകിയിരുന്നു. 


അതേസമയം, ഗോപാലകൃഷണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഹിന്ദുക്കൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നത് കേരളത്തിൽ കുറ്റമാണോയെന്നും മറ്റ് മതസ്ഥരുണ്ടാക്കിയ ഗ്രൂപ്പുകളും സർക്കാർ നിരോധിക്കുമോയെന്നും വിശ്വഹിന്ദു പരിഷത്ത് വക്താവ് ചോദിച്ചു.


ഹാക്കിംഗിലൂടെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ അയച്ചിട്ടുമില്ല. പിന്നെ എന്താണ് പ്രശ്നമെന്നാണ് വി.എച്ച്.പിയുടെ ചോദ്യം. അതേസമയം, ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവർത്തനങ്ങൾ നടത്താൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുമതിയില്ലാത്തതാണ്.

Advertisment