/sathyam/media/media_files/2024/11/08/CQixFsmyTj00Qj2vEXH0.jpg)
തിരുവനന്തപുരം: കളളപ്പണ വിവാദത്തെ തുടർന്ന് സി.പി.എം - ബി.ജെ.പി ഡീൽ ആരോപണം ശക്തമാകുന്നതിനിടെ പാർട്ടിചാനലായ കൈരളി ടി.വിയിലെ മുതിർന്ന മാധ്യമ പ്രവർത്തക സംഘപരിവാർ ചാനലായ ജനം ടി.വിയിൽ ചേർന്നു.
കൈരളി ടി.വിയിലെ സീനിയർ ന്യൂസ് എഡിറ്ററും അവതാരകയുമായ കെ.കെ. നീലിമയാണ് സി.പി.എം ചാനലിൽ നിന്ന് ബി.ജെ.പി ചാനലിലേക്ക് ചേക്കേറിയത്. മുതിർന്ന ആർ.എസ്.എസ് നേതാവാണ് നീലിമ പരിവാർ ചാനലിൽ ചേരുന്ന വിവരം പുറത്തുവിട്ടത്.
കൈരളി ടി.വിയുടെ തുടക്കം മുതൽ ന്യൂസ് ഡസ്കിൽ പ്രവർത്തിച്ചുവരുന്ന നീലിമ ചാനലിലെ സി.പി.എം ബ്രാഞ്ചിൽ അംഗവുമായിരുന്നു. ചാനലിൻെറ തുടക്കത്തിൽ ദേശാഭിമാനിയിൽ നിന്നാണ് കെ.കെ. നീലിമ കൈരളിയിലേക്ക് വരുന്നത്.
പാർട്ടിഅംഗമായിരുന്ന നീലിമ, സംഘപരിവാർ ചാനലിലേക്ക് മാറിയത് കൈരളി മാനേജ്മെന്റിനെയും സി.പി.എം നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നീലിമയുടെ വിവാഹത്തിന് മാല കൈമാറിയത് വി.എസ് അച്യുതനന്ദനായിരുന്നു. അത്രയേറെ പാർട്ടി ബന്ധവും പശ്ചാത്തലവുമുളള നീലിമയുടെ സംഘപരിവാറിലേക്കുളള മാറ്റമാണ് മാനേജ്മെന്റിന് ഞെട്ടലായത്.
24 വർഷത്തിലേറെയായി കൈരളിയിൽ പ്രവർത്തിക്കുന്ന നീലിമ, ചാനലിൽ നിന്ന് ലഭിക്കുന്ന പരിഗണനയിലും വേതനത്തിലും അസംതൃപ്തയായിരുന്നു. ഇതര ചാനലുകളിൽ സമാന അനുഭവ പരിചയമുളളവർ ലക്ഷത്തിലേറെ ശമ്പളം വാങ്ങുമ്പോൾ കൈരളി ടി.വിയിൽ അരലക്ഷം രൂപക്ക് താഴെയാണ് നീലിമയെ പോലുളളവർക്ക് ലഭിച്ചിരുന്നത്.
മിനിമം കൂലി നടപ്പാക്കണമെന്ന് വാദിക്കുന്നവരാണ് സി.പി.എം നേതൃത്വമെങ്കിലും സ്വന്തം ചാനലായ കൈരളിയിലെത്തുമ്പോൾ അതെല്ലാം മറക്കും.
സ്ഥിര നിയമനം ലഭിച്ച സബ് എഡിറ്റർമാർക്ക് പോലും കഷ്ടിച്ച് 15000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ചാനൽ തലപ്പത്തുളളവർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
ഇവരുടെ ഭക്ഷണം അടക്കമുളള എല്ലാ ചെലവുകളും കൈരളിയിൽ നിന്നാണ് നൽകുന്നത്. ശമ്പള പരിഷ്കരണം നടക്കുമ്പോൾ ഇഷ്ടക്കാർക്ക് നല്ല പരിഗണന നൽകുകയും അല്ലാത്തവരെ അവഗണിക്കുകയും ചെയ്യും. ഇത്തരം പ്രവണതകളിൽ അതൃപ്തയായിരുന്ന നീലിമ ഉയർന്ന ശമ്പളത്തിലാണ് സംഘപരിവാർ ചാനലായ ജനം ടി.വിയിലേക്ക് പോകുന്നത്.
ജനം ടി.വിയുടെ ഇൻപുട്ട് എഡിറ്ററായിട്ടാണ് നീലിമയുടെ നിയമനം. സംഘപരിവാർ നേതാക്കളുടെ ഇടപെടലിലും ചീഫ് എഡിറ്റർ പ്രദീപ് പിളളയുടെ മുൻകൈയിലും ആണ് നീലിമക്ക് ജനം ടി.വിയിൽ മികച്ച അവസരം ലഭിച്ചത്.
മലയാള മനോരമയിലും ഇംഗ്ളീഷ് ദിനപത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്ത് പരിചയ സമ്പത്തുളള പ്രദീപ് പിളളയുടെ വരവോടെ ജനം ടി.വി പരിപാടികൾ മെച്ചപ്പെട്ടിട്ടുണ്ട്. കൈരളിയിൽ 24 വർഷത്തെ പരിചയ സമ്പത്തുളള നീലിമ കൂടി എത്തുന്നതോടെ വാർത്താ ചാനലുകളുടെ മത്സരത്തിൽ ജനം ടിവി കൂടുതൽ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് മാനേജ്മെന്റിൻെറ പ്രതീക്ഷ.
മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എ.ജയകുമാറാണ് കെ.കെ. നീലിമയുടെ ജനം ടി.വിയിലേക്കുളള മാറ്റം ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തറിയിച്ചത്. മൂന്ന് ദിവസം മുൻപ് കൈരളിയിൽ നിന്ന് രാജിവെച്ചിറങ്ങിയ നീലിമ, അടുത്ത ലാവണം ഏതെന്ന് വ്യക്തമാക്കിയിരുന്നില്ല.
എവിടേക്കാണ് മാറ്റമെന്ന സഹപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ പറയാറായിട്ടില്ലെന്നായിരുന്നു നീലിമ നൽകിയ മറുപടി. എന്നാൽ ഇന്ന് സംഘത്തിൻെറ നേതാവ് ജയകുമാർ പോസ്റ്റിട്ടതോടെ മാറ്റം ജനം ടിവിയിലേക്കാണെന്ന് വ്യക്തമാകുകയായിരുന്നു.
ജയകുമാറിൻെറ പോസ്റ്റ് ഫേസ് ബുക്കിൽ വൻ പ്രചാരണം നേടി. പരിവാർ ഗ്രൂപ്പുകളിലും സി.പി.എം വിരുദ്ധ ഗ്രൂപ്പുകളിലും പോസ്റ്റ് വൈറലായി ഓടുകയാണ്. പോസ്റ്റിൻെറ പൂർണ രൂപം ചുവടെ.
''ശ്രീമതി നീലിമ.. ഒരു വർഷം ദേശാഭിമാനി പത്രത്തിലും, 24 വർഷം കൈരളി ന്യൂസ് ചാനലിലും ആയി കാൽനൂറ്റാണ്ടിന്റെ മാധ്യമപ്രവർത്തനം. കൈരളിയുടെ എഡിറ്റോറിയൽ debate കളിലെ നിറസാന്നിധ്യമായിരുന്നു".
"കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തിൽ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്. നീലിമ ദേശീയതയുടേയും നമ്മുടെ സംസ്കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ Input എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്".
"നമ്മുടെ എല്ലാപേരുടെയും ആശീർവാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉൾക്കൊള്ളുവാൻ വേണ്ട വിശാലതയും ദീർഘവീക്ഷണവും നമുക്കുണ്ടാകണം'' ജയകുമാർ ഫേസ് ബുക്കിൽ കുറിച്ചു.