ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടാനാവാതെ വിയർത്ത് സർക്കാർ. ഐഎഎസ് തലത്തിൽ തമ്മിലടി അതിരൂക്ഷം. അഡി. ചീഫ് സെക്രട്ടറി ജയതിലകും പഴയ 'കളക്ടർ ബ്രോ'യായ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തും പൊരിഞ്ഞ പോരിൽ. ജയതിലക് മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടറെന്ന് പ്രാശാന്തിന്റ പരിഹാസം. 'ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകൾ' കോളം തുടങ്ങണമെന്ന് മാതൃഭൂമിക്ക് ഉപദേശം. എല്ലാ അതിരുകളും ലംഘിച്ച് ഐഎഎസുകാർ

മാതൃഭൂമി പത്രത്തിലാണ് പ്രശാന്തിനെതിരായ ആരോപണങ്ങൾ വാർത്തയായത്. പ്രശാന്ത്, പട്ടികവിഭാഗ പദ്ധതി നിർവഹണത്തിനുള്ള ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരിക്കെ സുപ്രധാന ഫയലുകൾ കാണാതായെന്ന് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
A Jayathilak N Prasanth
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സർക്കാരിന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്ന വിമർശനം ശരിവയ്ക്കുമാറ് സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തമ്മിലടി. പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത്, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവർ തമ്മിലാണ് പുതിയ പോര്.

Advertisment

നേരത്തേ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണൻ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവാദത്തിലായിരുന്നു. ഫോണിലെ വിവരങ്ങളെല്ലാം മായ്ചുകളഞ്ഞ് ഹാക്കിംഗ് ആരോപിച്ച് രക്ഷപെടാനുള്ള പഴുതുകൾ ഗോപാലകൃഷ്ണൻ തന്നെ സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് പ്രശാന്തും ജയതിലകും തമ്മിൽ പരസ്യമായ വിഴുപ്പലക്കൽ.

മാതൃഭൂമി പത്രത്തിലാണ് പ്രശാന്തിനെതിരായ ആരോപണങ്ങൾ വാർത്തയായത്. പ്രശാന്ത്, പട്ടികവിഭാഗ പദ്ധതി നിർവഹണത്തിനുള്ള ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരിക്കെ സുപ്രധാന ഫയലുകൾ കാണാതായെന്ന് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം മാതൃഭൂമി ഇന്നലെ റിപ്പോർട്ട് ചെയ്തു.

ജയതിലകിന്റെ റിപ്പോർട്ടിലുള്ള മറ്റൊരു കാര്യമാണ് ഇന്ന് മാതൃഭൂമി വാർത്തയാക്കിയത്. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്നായിരുന്നു അത്. ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലം.


മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലുണ്ട്. ഒരുവർഷത്തെ ഹാജർകണക്കുസഹിതമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.


കണ്ണൂർ, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓൺഡ്യൂട്ടി’ അപേക്ഷ. എന്നാൽ, ഈ ദിവസങ്ങളിൽ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീൽഡ് റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകി.

അവധിദിവസങ്ങളിൽ ജോലിചെയ്തു എന്നുകാണിച്ച് മറ്റൊരുദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ അവധിക്ക് അർഹതയില്ല. 


എന്നാൽ ജയതിലകിനെ അതിരൂക്ഷമായി ആക്രമിച്ച് പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ജയതിലകിന്റെ ചിത്രം സഹിതമാണ് കുറിപ്പ്. സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ കണ്ട്‌ പരിചയമില്ലാത്ത മാതൃഭൂമി ഇന്നും തനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ടെന്ന് പ്രശാന്ത് പറയുന്നു.


n prasanth facebook post

എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ്‌ വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക്‌ ചെയ്യുന്നതിനെ‌ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത്‌ മാത്രം കഷ്ടപ്പാട്‌ ഉണ്ട്‌ ! ആ സമയത്ത്‌ അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.

എനിക്കെതിരെ റിപ്പോർട്ടുകൾ‌ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക്‌ സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക്‌ ഐ.എ.എസ് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്‌.

സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ എനിക്ക്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന്‌ അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌.

ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക്‌ താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ്‌ സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്‌, അതുകൊണ്ട്‌ വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

മാതൃഭൂമിക്ക് എതിരെയും പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. വായന നല്ലതാണ്‌. എന്നാൽ എന്ത്‌ വായിക്കുന്നു എന്നതാണ്‌ കൂടുതൽ പ്രധാനം. ദുഷ്ടബുദ്ധികളും, മാനുഷിക മൂല്യങ്ങളില്ലാത്തവരും, പ്രൊഫഷനലിസം ഇല്ലാത്തവരും, സഹജീവികളോട്‌ അനുകമ്പയില്ലാത്തവരും, നുണപറയാൻ മടിയില്ലാത്തവരും, ക്രിമിനലുകളായും മാറാൻ‌ മനസ്സിനെ ദുഷിപ്പിക്കുന്നവ വായിച്ചാൽ മതി.

n prasanth facebook post-2

തെറ്റായ വിവരങ്ങൾ നിരന്തരം വായിക്കുന്നവർക്ക്‌ ‌ ലോകത്തെക്കുറിച്ച്‌ വികലമായ കാഴ്ചപ്പാട്‌ ഉണ്ടായി വരും. വളർന്ന് വരുന്ന കുട്ടികളുള്ള വീടുകളിൽ എന്ത്‌ കൊണ്ട്‌ 'മാതൃഭൂമി' വാങ്ങരുതെന്ന് വിശദീകരിക്കുന്ന ഒരു ക്ഷേത്ര പ്രഭാഷണം കേട്ടത്‌ ഓർക്കുന്നു.

കുഞ്ഞുങ്ങളെയും കൗമാരക്കാരെയും മൂല്യച്യുതിയുടെ പടുകുഴിയിലേക്ക്‌ തള്ളി വിടുന്ന‌ അധഃപതനത്തിന്റെ സാമ്പിൾ ഇന്നത്തെ അവരുടെ ഫ്രണ്ട്‌ പേജിൽ തന്നെ ഉണ്ട്‌. മാതൃഭൂമി പത്രം, 'ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകൾ' എന്നൊരു കോളം തുടങ്ങുന്നത്‌ നന്നായിരിക്കും. വളരെ ചെറുത്‌ മതിയാവും.

പറഞ്ഞുവരുന്നത്  മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിൽ വന്ന സ്‌ഫോടനാത്മകമായ ഒരു വാർത്തയെപ്പറ്റിയാണ്. എസ് സി എസ്ടി വകുപ്പിനു കീഴിലെ 'ഉന്നതി'യുമായി ബന്ധപ്പെട്ട കുറേ ഫയലുകൾ കാൺമാനില്ലെന്നും എൻ. പ്രശാന്ത് ചുമതല വഹിച്ചപ്പോൾ അവിടെ എന്തൊക്കെയോ ഗുരുതര വീഴ്ചകളുണ്ടായെന്നുമൊക്കെയാണ് വാർത്ത.

n prasanth facebook post-3

അകത്തെ പേജിൽ, കാണാതായ 'സുപ്രധാന' ഫയലുകൾ ഏതൊക്കെയെന്ന് അക്കമിട്ട് പറഞ്ഞിട്ടുണ്ട്. ആ ലിസ്റ്റ് നോക്കിയപ്പോൾ എനിക്ക് എന്നെത്തന്നെ തോളിൽതട്ടി അഭിനന്ദിക്കാൻ തോന്നി. ഒരു വർഷത്തിനുള്ളിൽ നമ്മുടെ ടീം ഇത്രയേറെ കാര്യങ്ങൾ ഈ കൂട്ടായ്മയിൽ ചെയ്തല്ലൊ ! ഒരു രൂപാ ചെലവാക്കിയോ, ഒരു ജീവനക്കാരനെ പോലും നിയമിക്കാതെയും, ഫയൽ കൂമ്പാരം കൂട്ടാതെയാണ് ഇതൊക്കെ ചെയ്തത്.

അന്ന് ഇതൊന്നും കാണാത്തഭാവത്തിൽ നിന്നവരാണ് ഇപ്പോൾ സർക്കാരിന്റേയും ആ വകുപ്പിന്റെ നേട്ടങ്ങളുടേയും പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. സന്തോഷായി ഗോപിയേട്ടാ...
ഇനി വാർത്തയിൽ പറയുന്ന കാര്യങ്ങളുടെ യഥാർഥ വസ്തുതയെപ്പറ്റി പറയാം.

എസ്സി എസ്ടി വികസന വകുപ്പ് മന്ത്രി ചെയർമാനും സ്‌പെഷ്യൽ സെക്രട്ടറി സിഇഒയും ആയിട്ടാണ് 'ഉന്നതി' (കേരള എംപവർമെന്റ് സൊസൈറ്റി) ആരംഭിക്കുന്നത്. രൂപീകരണ സമയത്ത് യഥാക്രമം ഈ സ്ഥാനങ്ങൾ വഹിച്ചിരുന്നത് ബഹുമാന്യനായ ശ്രീ. കെ. രാധാകൃഷ്ണൻ അവർകളും ഞാനുമാണ്.

അന്നത്തെ ബഹുമാന്യയായ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമ്മുവാണ് 'ഉന്നതി' ഉൽഘാടനം ചെയ്തത്. കഴിഞ്ഞ മാർച്ച മാസം എനിക്ക് സ്ഥാനമാറ്റമുണ്ടായപ്പോൾ അന്നത്തെ ചെയർമാനും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണന് ഉന്നതിയുടെ എല്ലാ രേഖകളും ഫയലുകളും ഒദ്യോഗികമായി കൈമാറിയിരുന്നു.

n prasanth ias

ഇന്ന് രാവിലെ ഈ വാർത്ത കണ്ടശേഷം അദ്ദേഹത്തെ വിളിച്ച് ഞാൻ സംസാരിച്ചു. അദ്ദേഹത്തിൽനിന്ന് പ്രസ്തുത രേഖകൾ കൈപ്പറ്റിയ ഉദ്യോഗസ്ഥർ രേഖാമൂലം ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നതും അദ്ദേഹം ഓർത്ത് പറഞ്ഞു. മാസങ്ങൾ മുമ്പത്തെ കാര്യമാണ്. അദ്ദേഹം അത് ഓർത്തെടുത്തത് ആശ്വാസം !

കാലം കടന്ന് പോയി. കെ. രാധാകൃഷ്ണൻ പാർലമന്റ് അംഗമായി. ഞാൻ കൃഷിവകുപ്പിലായി. എന്റെ സഹപ്രവർത്തകൻ ഗോപാലകൃഷ്ണൻ ഐഎഎസ്, എസ് സി വികസന വകുപ്പിൽ നിന്നു മാറി ഇൻഡ്‌സ്ട്രീസ് ഡയറക്ടറായി. ഡോ. ജയതിലക് ഐഎഎസ് ഫിനാൻസ് വകുപ്പിലേക്ക് മാറിയിട്ട് മാസങ്ങളുമായി.

2024 അവസാനിക്കാറുമായി. അപ്പോഴാണ് പാർശ്വവൽകൃതരുടെ ക്ഷേമത്തിൽ തൽപരരായ മാതൃഭൂമിയുടെ ബ്രേക്കിംഗ് ന്യൂസ്: ഉന്നതിയുടെ 'സുപ്രധാന' രേഖകൾ കിട്ടാതെ ഡോ. ജയതിലകും  ഗോപാലകൃഷ്ണനും ഇന്നും അലയുകയാണത്രേ. മാതൃഭൂമിയും വകുപ്പ് മാറിപ്പോയ സുഹൃത്തുക്കളും വിലപിടിപ്പുള്ള രേഖകൾ തപ്പുകയാണ് സുഹൃത്തുക്കളേ, തപ്പുകയാണ് !

വായനക്കാർ വിചാരിക്കും, കോടികളുടെ തട്ടിപ്പ് നടത്തിയ രേഖകൾ എന്തൊക്കെയോ ഞാൻ മുക്കിയെന്ന്. എന്നോടോ, കെ. രാധാകൃഷ്ണൻ സാറിനോടോ ഇതേപ്പറ്റി ഒരു വാക്ക് ചോദിച്ചിട്ടില്ല. അത്തരമൊരു മാന്യത പ്രതീക്ഷിക്കാൻ പാടില്ലെന്നറിയാം.

ചോദിച്ചാൽ ചിലപ്പോൾ വാർത്ത 'ശൂ' ആയിപ്പോകുകയും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യം നടക്കാതെപോകുകയും ചെയ്യുമെന്ന് ബോധ്യമുള്ളതിനാൽ ചോദിക്കില്ലെന്നതാണല്ലോ ഇപ്പോഴത്തെ 'പാരമ്പര്യം'. മാധ്യമങ്ങളെ മാത്രം കുറ്റം പറയുന്നില്ല. സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു.

'ഉന്നതി' ചെയർമാനും എനിക്കും കാര്യങ്ങൾ‌ ഓർമ്മയുണ്ടെങ്കിലും മറ്റ്‌ ചിലരുടെ ഓർമ്മശക്തി ആരോ 'ഹാക്ക്‌' ചെയ്തതാണോ എന്നൊരു സംശയം ! 'മെറ്റ'ക്കൊരു കത്തയച്ചാലോ ?

ഉന്നതി എന്താണെന്ന് മാതൃഭൂമി പറഞ്ഞില്ലെങ്കിലും അതേപ്പറ്റി രണ്ടുവാക്ക് പറയാൻ ഈ അവസരത്തിൽ നിങ്ങളെന്നെ അനുവദിക്കണം. കംപാഷണേറ്റ് കോഴിക്കോട് മോഡലിൽ സീറോ സ്റ്റാഫിംഗ് ആൻഡ് സീറോ ബജറ്റിൽ ഒരു ജീവനക്കാരനെപ്പോലും നിയമിക്കാതെയും സർക്കാറിന്റെ ഒരു പൈസപോലും ചെലവാക്കാതെയും പേപ്പർലെസ്സായി, സന്നദ്ധപ്രവർത്തനത്തിലൂടെ മാത്രം പ്രവർത്തിക്കുന്ന മോഡലാണ് 'ഉന്നതി' (കേരള എമ്പവർമെന്റ് സൊസൈറ്റി).

ഈ മോഡലിനെ ഐഐഎം ഉൾപ്പെടെയുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പ്രശംസിച്ചിട്ടുണ്ട്. ബജറ്റിൽ ഒരു കോടി ഉണ്ടായിട്ടും ഒരു രൂപ പോലും റിലീസ് കിട്ടാതിരുന്നപ്പോൾ ഉത്ഭവിച്ച മോഡലാണ് ! വിശ്വാസം വരുന്നില്ലല്ലേ ? അങ്ങനെ ചിലതും ഇവിടെ നടക്കുന്നുണ്ട്. നിങ്ങൾ അറിയാത്തത് ഇവരാരും അതറിയിക്കാൻ താൽപര്യപ്പെടാത്തതിനാലാണ്.

പക്ഷേ, ഒരു വർഷത്തോളം സന്നദ്ധപ്രവർത്തകരിലൂടെയും ടിഐഎസ്എസ്, ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ ഇന്റേൺസിനെയും കൂട്ടി ചെയ്തുതീർത്ത കാര്യങ്ങളുടെ പട്ടിക മാതൃഭൂമിതന്നെ അബദ്ധത്തിൽ ഇന്ന് അച്ചടിച്ചു വച്ചിട്ടുണ്ട്. ഇതിന്റെയൊന്നും ഫയൽ കൈമാറിയില്ലെന്നാണ് ആരോപണമെങ്കിലും ചിലപ്പോഴൊക്കെ ഉർവ്വശീശാപം ഉപകാരമാകുമല്ലോ.

dr. jayathilak ias

ഒറ്റ രൂപയുടെ പണമിടപാട് നടക്കാത്ത സംവിധാനത്തിലെ 'വിലപ്പെട്ട' ഫയലുകളാണ് സുഹൃത്തുക്കളേ കാണാതായതായി പറയപ്പെടുന്നത്. മാർച്ച് മാസത്തിൽ ഇതേ വ്യാജവാർത്താ ഫാക്ടറി എനിക്കെതിരെ ഉൽപാദിപ്പിച്ചുവിട്ട വാർത്ത ഓർക്കുന്നുണ്ടാവും. ഏതായാലും, തുടർച്ചയായി ഇങ്ങനെ വാർത്ത പടച്ചോണ്ടിരിക്കുന്നവർക്ക് ഫ്രീ ആയി കുറച്ച് ഉപദേശം തരാം:

1) വ്യാജവാർത്ത നൽകിയും വിരട്ടിയും എന്നെ നിങ്ങളുടെ ലൈനിൽ കൊണ്ടുവരാമെന്ന് ധരിക്കുന്നത് മണ്ടത്തരമാണ്; വെറുതേ എന്റെയും നിങ്ങളുടേയും സമയം മെനക്കെടുത്താമെന്നേയുള്ളു.

2) നിർഭയമായി ഫയൽ നോട്ടെഴുതാൻ ഒരുദ്യോഗസ്ഥന് അവകാശമുണ്ട്. മേലുദ്യോഗസ്ഥർക്കോ മറ്റാർക്കെങ്കിലുമോ വേണ്ടത് എഴുതിക്കൊടുക്കാനല്ല പോളിസി തലത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ശമ്പളം പറ്റുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം പഠിച്ച്, സ്വന്തം ബുദ്ധിയും സമയവും ചെലവാക്കി ഫയലിൽ 'വിലപിടിപ്പുള്ള' അഭിപ്രായം രേഖപ്പെടുത്തുന്നതിനാണ് സർക്കാർ ശമ്പളംതരുന്നത്. അത് ഇടയ്ക്കും വഴിക്കുമൊക്കെ ഓർക്കണം.

3) എന്റെ ഫയൽ നോട്ടിനെ ഭയക്കുന്നതിനു പകരം, വിഷയം കൂടുതൽ പഠിച്ച്, അത് ഓവർ റൂൾ ചെയ്യാൻ ധൈര്യം കാണിക്കുക. ഒളിഞ്ഞിരുന്ന്, മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് വിരട്ടാൻ ശ്രമിച്ച് അവരെക്കാളും തരം താഴാതിരിക്കുക.

4) എന്റെ കയ്യിലൂടെ കടന്നുപോയ ഫയലുകളിൽ ഞാൻ കണ്ടതൊന്നും പൊതുജനമധ്യത്തിൽ ചർച്ചയ്ക്കുവയ്ക്കാതെ ഫയലിൽ മാന്യമായി അഭിപ്രായം രേഖപ്പെടുത്തുക എന്ന പ്രൊഫഷണലിസം കാണിക്കാൻ ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ട്. ഭാഗ്യവശാൽ കേരളത്തിൽ നിയമവും കോടതിയും ഇന്നും ശക്തമായതിനാൽ ആശ്വാസവുമുണ്ട്.

ഈ നോട്ടുകൾ എന്നെങ്കിലും കോടതിയിൽ എത്തും എന്ന് എല്ലാവർക്കും അറിയാം. കുറിപ്പിനെ ഭയന്ന്, ഫയൽ റൂട്ടിംഗ് ലംഘിച്ച്, സെക്രട്ടേറിയറ്റ് മാനുവലിനും ബിസിനസ് റൂളിനും വിരുദ്ധമായി, എന്നെ കാണിക്കാതെ ഫയൽ അയക്കണമെന്നുള്ള വിചിത്രമായ, നിയമവിരുദ്ധ ഉത്തരവുൾപ്പെടെയുള്ള കാര്യങ്ങൾ പൊതുവേദിയിൽ 'പിറക്കാതെ പോയ ഫയലുണ്ണികൾ' എന്ന പേരിൽ ചർച്ചക്കെടുക്കാൻ എന്നെ നിർബന്ധിതനാക്കരുത്. ഞാൻ കൃഷിയിൽ ശ്രദ്ധിക്കട്ടെ.

5) എന്റെ ഒരു കുറിപ്പുപോലും മറികടക്കാനാവാത്തതുകൊണ്ട് അത്രയും ഫയലുകളിലെ തെറ്റായ തീരുമാനങ്ങളെ തിരുത്താൻ സാധിച്ചു എന്ന് ഞാൻ ആശ്വസിക്കുന്നു. അത് വാർത്തയാക്കാൻ ഞാനെന്തായാലും ആരുടേയും പുറകേ നടക്കില്ല.

6) തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്. ഇനി തിടമ്പിനും ആനയ്ക്കുമൊക്കെ പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് വാർത്തയാക്കണമെന്നുണ്ടെങ്കിൽ ആയിക്കോളൂ.

കഴിഞ്ഞ ആഴ്ച,  എസ് സി- എസ് ടി വികസന വകുപ്പിന്റെ താത്കാലിക ചുമതല വീണ്ടും ഈയുള്ളവനിലേക്കുതന്നെ വന്നത് കേവലനിയോഗം. അപകടം മണത്ത് ലീവ് ക്യാൻസൽ ചെയ്ത് ശ്രീ. പുനീത് കുമാർ തിരിച്ചെത്തിയതിനാൽ എസ് സി - എസ് ടി വികസന വകൂപ്പിന്റെ താത്കാലിക ചുമതല എന്നിൽനിന്ന് മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഭയം വേണ്ട, ജാഗ്രത മതി !

മാതൃഭൂമിക്കെതിരെ ഞാൻ മുൻപ്‌ കൊടുത്ത മാനഹാനിക്കേസ് ഓർമ്മയുണ്ടല്ലോ. വനിതാ ജേർണ്ണലിസ്റ്റിനെ മുന്നിൽ നിർത്തി കളിച്ച 'ഓ യാ' നാടകം അങ്ങനെയങ്ങ് മറക്കാൻ പറ്റില്ലല്ലോ. ആ കേസിൽ പ്രതിയായി കോടതി വരാന്തയിൽ കുത്തിയിരിക്കുന്ന മാതൃഭൂമി എഡിറ്ററുടേയും സംഘത്തിന്റെയും ചിത്രം അന്ന് അധികമാരും കണ്ടില്ലെങ്കിൽ ഇപ്പോൾ കണ്ടോളൂ, ഈ പോസ്റ്റിനൊപ്പമുണ്ട്.

കുട്ടികൾക്കോ മാന്യന്മാർക്ക്‌ ആർക്കും തന്നെ വായിക്കാൻ കൊള്ളാത്ത നിലവാരത്തിലേക്ക്‌ ആ പഴയ പത്രസ്ഥാപനം അധഃപതിച്ചു കഴിഞ്ഞു. ആദ്യ കമന്റിൽ ഈയിടെ വന്ന മറ്റൊരു വാർത്തകൂടി ചേർക്കുന്നു- മാനഹാനിയുണ്ടാക്കിയ വാർത്ത നൽകിയവർക്ക് തടവുശിക്ഷ. വ്യാജ വാർത്താ ഫാക്ടറിയായി പ്രവർത്തിക്കുന്ന മാതൃഭൂമിക്കാരുടെ ധൈര്യം അപാരം തന്നെ.