/sathyam/media/media_files/2024/11/11/kTGR3yLEnovJa2elGtqT.jpg)
തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സോഷ്യൽമീഡയിയിൽ നിശിതമായി വിമർശിച്ചും സ്വയം വിസിൽ ബ്ലോവർ (വിവരാവകാശ പ്രവർത്തകൻ) പദവിയണിഞ്ഞും സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് വിലയിരുത്തൽ.
ഐ.എ.എസിൽ നിന്ന് സ്വയം വിരമിച്ച് പ്രശാന്ത് ബി.ജെ.പിയിൽ ചേരുമെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. 45 വയസ് മാത്രമുള്ള പ്രശാന്തിന് സിവിൽ സർവീസിൽ ഇനി 15 വർഷം സർവീസ് ശേഷിക്കുന്നുണ്ട്.
അഡി.ചീഫ് സെക്രട്ടറി റാങ്കിൽ വിരമിക്കേണ്ടയാളാണ്. എന്നാൽ ഐ.പി.എസ് ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്ന തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയെപ്പോലെ പ്രശാന്തും ബിജെപിയിൽ ചേർന്ന് പാർട്ടിയെ തിരഞ്ഞെടുപ്പിൽ നയിക്കുമെന്നാണ് അഭ്യൂഹം. എന്നാൽ ഇതുവരെ തന്റെ രാഷ്ട്രീയ മോഹങ്ങൾ പ്രശാന്ത് വെളിപ്പെടുത്തിയിട്ടില്ല.
2020 ഓഗസ്റ്റ് 30നാണ് കെ.അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായത്. ബി.ജെ.പിയിൽ ചേർന്ന് ഒരാഴ്ച്ചയ്ക്കുള്ളിലായിരുന്നു അണ്ണാമലൈയ്ക്ക് ഈ പദവി ലഭിച്ചത്. തമിഴ്നാട്ടിൽ ബിജെപിയെ നയിക്കാൻ കരുത്തുറ്റ ഒരാളെത്തേടിയിരിക്കുകയായിരുന്നു ദേശീയ നേതൃത്വം.
കേരളത്തിലും സമാന സ്ഥിതിയുണ്ട്. കണ്ടുപഴകിയ മുഖങ്ങൾക്ക് പകരം യുവാക്കളെ നേതൃനിരയിലെത്തിക്കാൻ ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ട്. അണ്ണാമലൈയെപ്പോലെ ഉന്നത വിദ്യാഭ്യാസം നേടിയയാളാണ് പ്രശാന്തും.
സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് ലഖ്‌നൗ ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എയും മെക്കാനിക്കൽ എഞ്ചിനീയറിങ്ങും നേടിയ ആളാണ് കെ.അണ്ണാമലൈ. 2007ൽ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്കോടെയായിരുന്നു പ്രശാന്ത് ഐ.എ.എസിലെത്തിയത്.
കണ്ണൂർ സ്വദേശിയായ പ്രശാന്ത് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി നേടി. അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം സഹമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.
'ഉഡുപ്പി സിങ്കം" എന്ന പേരിൽ പ്രശസ്തനാണ് അണ്ണാമലൈ എങ്കിൽ കളക്ടർ ബ്രോ എന്ന പേരിലാണ് പ്രശാന്ത് അറിയപ്പെടുന്നത്.
പ്രശാന്തിന്റെ ഫേസ് ബുക്ക് പ്രൊഫൈലിൽ പേരിനൊപ്പം കളക്ടർ ബ്രോ എന്നു കൂടി എൻുതിയിട്ടുമുണ്ട്. കോഴിക്കോട് കളക്ടറായിരിക്കെ അവിടെ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് ഈ വിളിപ്പേര് പ്രശാന്തിന് കിട്ടിയത്.
തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ നിന്നാണ് അണ്ണാമലൈയുടെ വരവ്. എന്നാൽ പ്രശാന്തിന്റേത് സമ്പന്ന കുടുംബമാണ്. സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് പ്രശാന്ത്.
ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പ്രശാന്തിന്റെ ജനപ്രീതി മുതലാക്കാനാണ് അദ്ദേഹത്തെ ബിജെപി ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പ്രശാന്ത് മാത്രമല്ല, ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥനും വിരമിച്ച ശേഷം ബിജെപിയിൽ ചേരുമെന്നാണ് സൂചന.
പോലീസ് മേധാവിയായിരുന്ന ടി.പി സെൻകുമാർ, ഡിജിപിമാരായ ആർ. ശ്രീലേഖ, ജേക്കബ് തോമസ് എന്നിവർ നിലവിൽ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ഇവർക്കാർക്കും കാര്യമായ പദവികളൊന്നും പാർട്ടിയിൽ ലഭിച്ചിട്ടുമില്ല.
എന്നാൽ പ്രശാന്തിനെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നു പോലും അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്.
അണ്ണാമലൈ എന്ന യുവനേതാവിനെ മുന്നിൽ നിർത്തി തമിഴകത്ത് സാന്നിദ്ധ്യം ശക്തമാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതേ ലക്ഷ്യമാവും കേരളത്തിലും ബിജെപി പയറ്റുക. തിരഞ്ഞെടുപ്പ് കാലത്ത് പലവട്ടം തമിഴ്നാട്ടിലേക്ക് പറന്നെത്തിയ മോഡി, അണ്ണാമലൈയെ ചേർത്ത് നിർത്തിയിരുന്നു.
കർണാടക കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ 2019 മേയിൽ ജോലി രാജിവച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. ഉഡുപ്പി എസ്.പി ആയിരിക്കെ ക്രമിനലുകൾക്കെതിരെ കർശന നിലപാടെടുത്തും വർഗീയ കലാപങ്ങളും മറ്റും അടിച്ചമർത്തിയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും 'ഉഡുപ്പി സിങ്കം' എന്ന പേരിൽ പ്രശസ്തനായിരുന്നു.
പ്രശാന്തിനെപ്പോലെ ആരെയും കൂസാതെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകുന്നയാളായിരുന്നു അണ്ണാമലൈയും. മോഡിയുടെ രാഷ്ട്രീയം ഇഷ്ടപ്പെട്ടാണ് ഐ.പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയതെന്ന് എപ്പോഴും അണ്ണാമലൈ പറയും.
37 -ാം വയസിൽ ബിജെപിയിൽ ചേരുമ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറുകയായിരുന്നു അണ്ണാമലൈ. 2020 ഓഗസ്‌റ്റിൽ പാർട്ടിയിൽ ചേർന്ന അണ്ണാമലൈ വളരെ പെട്ടെന്നാണ് ജനങ്ങൾക്കിടയിൽ പ്രിയങ്കരനായി മാറിയത്.
തമിഴ്‌നാട്ടിലെ കരൂർജില്ലയിലെ ഗൗണ്ടർ സമുദായത്തിൽ നിന്നുള്ള ഒരു കർഷക കുടുംബത്തിലാണ് കുപ്പുസ്വാമി അണ്ണാമലൈ ജനിച്ചത്. കോയമ്പത്തൂരിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ഐഐഎം ലക്‌നൗവിൽ നിന്ന് എംബിഎ എടുത്തു.
സംരംഭകൻ ആവുക എന്നതായിരുന്നു ആഗ്രഹം. എന്നാൽ ജനസേവനം എന്ന ആഗ്രഹത്താൽ സിവിൽ സർവീസ് തിരഞ്ഞെടുക്കുകയായിരുന്നു. 2011ൽ ഐപിഎസ് നേടി. കർണാടക കേഡറാണ് തിരഞ്ഞെടുത്തത്.
ഉഡുപ്പി, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ എസ്‌പിയായി സേവനമനുഷ്‌ഠിച്ചു. 2017ൽ ചിക്കമംഗളൂരുവിൽ നടന്ന കലാപ അടിച്ചമർത്തിയതോടെയാണ് അണ്ണാമലൈ യുവാക്കൾക്കിടയിൽ താരമായത്. സൗത്ത് ബംഗളൂരുവിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ നടത്തിയ പരിഷ്‌കാരങ്ങളും ശ്രദ്ധനേടി. അങ്ങനെ വന്ന വിളിപ്പേരാണ് സിങ്കം അണ്ണാമലൈ.
തമിഴ് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള പൊലീസ് നായക കഥാപാത്രങ്ങളുടെ നേർപതിപ്പായി ജനങ്ങൾ അദ്ദേഹത്തെ കണ്ടു. സൗത്ത് ബംഗളൂരുവിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കുമ്പോഴാണ് അണ്ണാമലൈ ജീവിതത്തിലെ നിർണായക തീരുമാനമെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വപാടവത്തിൽ ആകൃഷ്‌ടനായി ബിജെപിയിൽ ചേർന്നു. അണ്ണാമലൈയുടെ ജനപ്രിയത തിരിച്ചറിഞ്ഞ ബിജെപിയുടെ കേന്ദ്ര നേതൃത്വം അധികം വൈകാതെ സംസ്ഥാന അദ്ധ്യക്ഷനായി അണ്ണാമലൈയെ തിരഞ്ഞെടുക്കുകയായിരുന്നു.
പക്ഷേ തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ അണ്ണാമലൈയ്ക്ക് കഴിഞ്ഞില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി ബിജെപിയുടെ സാന്നിദ്ധ്യം തമിഴ് മണ്ണിൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ അണ്ണാമലൈ 'എൻ മണ്ണ് എൻ മക്കൾ' എന്ന പേരിൽ പദയാത്ര നടത്തിയെങ്കിലും ഗുണംകണ്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ പ്രചരണം നടത്തിയിട്ടും തമിഴ്‌നാട്ടിൽ തകർന്നടിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് സംസ്ഥാനത്ത് ഒരു സീറ്റുപോലും വിജയിക്കാനായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് താരപ്രചാരകരടക്കം തമിഴ്‌നാട്ടിൽ സജീവമായി പങ്കെടുത്തതിന് കാരണം അണ്ണാമലൈ ആയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇത്തരത്തിൽ സംസ്ഥാനത്തെത്തി. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ മോദിയുടെ ധ്യാനമടക്കം ദേശീയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്റെയെല്ലാം ആസൂത്രകൻ അണ്ണാമലൈയായിരുന്നു.
നിരവധി മുതിർന്ന നേതാക്കളെ മറികടന്നാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയെ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന്റെ ചുമതലയേൽപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നും മത്സരിച്ച അദ്ദേഹമടക്കം എല്ലാ സ്ഥാനാർത്ഥികളും പക്ഷെ തോറ്റു.
എന്നാൽ 39ൽ 12 സീറ്റുകളിൽ എഐഡിഎംകെയെ മറികടന്ന് ബിജെപി രണ്ടാമത് എത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പുകളിൽ ഇതിന്റെ ഗുണം കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.