മുന്നണികൾക്ക് ചങ്കിടിപ്പാണ് ചേലക്കര. കൈയിലിരുന്ന മണ്ഡലം കൈവിട്ടുപോയാൽ ഇടതിന് ക്ഷീണം. അട്ടിമറിച്ചാൽ യുഡിഎഫിന് വൻ രാഷ്ട്രീയ നേട്ടം. ചേലക്കര ഇത്തവണ എങ്ങോട്ടും മറിയാം. ചേലക്കരയിൽ കണ്ടത് ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത പ്രചാരണ കോലാഹലം. പോളിംഗ് ശതമാനം കൂട്ടി വിജയം കൈപ്പിടിയിലാക്കാൻ അവസാനവട്ട തന്ത്രങ്ങളൊരുക്കി മുന്നണികൾ

ഭരണവിരുദ്ധ വികാരമായി ഇത് വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരുടെ പടയുമെല്ലാം അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണം കൊഴുപ്പിച്ചു. യുഡിഎഫാവട്ടെ സർക്കാർ വിരുദ്ധ വികാരം മുതലെടുക്കാൻ പരമാവധി തന്ത്രങ്ങൾ പയറ്റുകയാണ്.

New Update
ur pradeep remya haridas k balakrishnan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: പ്രചാരണ കോലാഹലത്തിനൊടുവിൽ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ് വയനാടും ചേലക്കരയും. വയനാട്ടിൽ സ്ഥിതി പ്രവചനാതീതം എന്നൊന്നും പറയാനില്ല. പക്ഷേ, ചേലക്കരയിൽ അതല്ല സ്ഥിതി.

Advertisment

മന്ത്രിയായി ശോഭിച്ചിരുന്ന, ജനപ്രിയനായ കെ. രാധാകൃഷ്ണനെ എംപിയാക്കി ഡൽഹിയിലേക്ക് അയച്ച ശേഷം വന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കൈവിട്ടാൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാവും.

k radhakrishnan

ഭരണവിരുദ്ധ വികാരമായി ഇത് വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരുടെ പടയുമെല്ലാം അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണം കൊഴുപ്പിച്ചു. യുഡിഎഫാവട്ടെ സർക്കാർ വിരുദ്ധ വികാരം മുതലെടുക്കാൻ പരമാവധി തന്ത്രങ്ങൾ പയറ്റുകയാണ്.


പോളിംഗ് ശതമാനം പരമാവധി ഉയർത്താനാണ് മുന്നണികളുടെ നീക്കം. മണ്ഡലത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്തത്ര ആവേശത്തിലായിരുന്നു പ്രചാരണം കൊട്ടിക്കയറിയത്. അത്യാവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം ആരെ തുണയ്ക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. 


ഇടതുകോട്ടയെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും എങ്ങോട്ടും മറിയാവുന്ന തരത്തിലാണ് നിലവിൽ ചേലക്കരയുടെ നിൽപ്പ്. പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അ‌ർദ്ധരാത്രിയിൽ കടന്നുകയറി നടത്തിയ കള്ളപ്പണ റെയ്ഡിന്റെ സഹതാപ തരംഗം ചേലക്കരയിൽ ആഞ്ഞടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

raid at congress leaders room

രമ്യാ ഹരിദാസ് പാട്ടുംപാടി ജയിക്കുമെന്ന് യുഡിഎഫും മണ്ഡലം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് എൽഡിഎഫും പറയുന്നു. ചേലക്കരയിൽ അട്ടിമറി ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.


ചേലക്കരയുടെ പ്രധാന്യം തിരിച്ചറിഞ്ഞായിരുന്നു പ്രചാരണത്തിൽ നേതാക്കളുടെ വരവും. രണ്ടുദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ തമ്പടിച്ച് അവസാനവട്ട പ്രചാരണത്തിന് കടിഞ്ഞാൺ പിടിച്ചു.


pinarai chelakkara

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നിരന്തരം ചേലക്കരയിലെത്തി എണ്ണയിട്ട യന്ത്രം പോലെ പ്രചാരണത്തിന് നേതൃത്വം വഹിച്ചു. വി. മുരളീധരനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമെല്ലാം ബിജെപി ക്യാമ്പിന് ആവേശമായെത്തി. 

vd satheesan chelakkara

ഇവരെയെല്ലാം മലർത്തിയടിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎയുടെ ഡിഎംകെ സ്ഥാനാർത്ഥിയുമായും ചേലക്കരയിലുണ്ട്. ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള വേറിട്ട പ്രതിഷേധം യൂത്ത് കോൺഗ്രസ് ചെറുതുരുത്തിയിൽ സംഘടിപ്പിച്ചതും കൗതുകമായി.

k sudhakaran chelakkara


പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും മുന്നണികൾക്കെല്ലാം ചങ്കിടിപ്പാണ് ചേലക്കര. അഞ്ചര പതിറ്റാണ്ട് മാറിയും മറിഞ്ഞും വിധിയെഴുതിയ മണ്ഡലമാണ്. കൈയിലിരുന്ന മണ്ഡലം കൈവിട്ടുപോയാൽ ഇടതിന് ക്ഷീണമാണ്.


അട്ടിമറിച്ചാൽ യുഡിഎഫിന് വൻ രാഷ്ട്രീയ നേട്ടമാവും. തിരുവില്വാമല, പഴയന്നൂർ, ദേശമംഗലം, കൊണ്ടാഴ്, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ പഞ്ചായത്തുകൾ ചേർന്ന ചേലക്കര മണ്ഡലം ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം.

മുൻ എംഎൽഎ യു.ആ‌ർ പ്രദീപ് എൽഡിഎഫിനായും മുൻ എം.പി രമ്യാ ഹരിദാസ് യുഡിഎഫിനായും തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. ബാലകൃഷ്ണൻ ബിജെപിക്കായും മത്സരിക്കുന്നു.

remya haridas


2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചേലക്കരയിലെ ഇടതു കോട്ടകളെ വിറപ്പിച്ച ചരിത്രം ആവർത്തിക്കുമെന്നാണ് രമ്യാഹരിദാസിന്റെ പ്രതീക്ഷ. ചേലക്കര ചുവപ്പുകോട്ടയായിരിക്കുമെന്ന് പ്രദീപും പറയുന്നു. 2016ൽ കെ.രാധാകൃഷ്ണന് പകരം പ്രദീപായിരുന്നു എംഎൽഎയായത്.


1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്.

ur pradeep

ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല.


മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ. രാധാകൃഷ്ണനും 4 തവണ കെ.കെ ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്.


രാധാകൃഷ്ണൻ രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ പ്രതിനിധിയായിരിക്കെ 1977–78 കാലത്ത് കെ. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു.

സിപിഎമ്മിലെ പി.കുഞ്ഞൻ (1967), സി.കെ ചക്രപാണി (1982), യു.ആർ പ്രദീപ് (2016), കോൺഗ്രസിലെ ഡോ. എം.എ കുട്ടപ്പൻ(1987), എം.പി താമി (1991) എന്നിവർ ഓരോ തവണവീതം മണ്ഡലത്തിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി.


ചേലക്കരയുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാർത്ഥി, യുവജന സംഘടനകളും പ്രചാരണത്തിൽ സജീവമായിരുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ വാക്ക് വിത്ത് രമ്യ പരിപാടി നടത്തിയത് ശ്രദ്ധേയമായിരുന്നു. എസ്എഫ്ഐയും ഡിവെെഎഫ്ഐയും യുവമോർച്ചയുമെല്ലാം മത്സരിച്ച് രംഗത്തിറങ്ങി.


തുടക്കം മുതൽ മുതിർന്ന നേതാക്കളെത്തിയതോടെ പ്രചാരണ യോഗങ്ങളിൽ വൻ ജനത്തിരക്കായിരുന്നു. ഈ ജനപങ്കാളിത്തം പോളിംഗ് ശതമാനം ഉയർത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. ഉയർന്ന പോളിംഗ് ശതമാനം തങ്ങളെയാവും തുണയ്ക്കുകയെന്ന മനക്കോട്ട കെട്ടുകയാണ് എല്ലാ മുന്നണികളും.

അവസാന നിമിഷങ്ങളിൽ വോട്ടുചെയ്യാൻ എല്ലാവരും എത്തുമെന്ന് ഉറപ്പാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. മണ്ഡലത്തിനു പുറത്തും വിദേശത്തും ജോലിചെയ്യുന്നവരെ എത്തിക്കാനും ശ്രമങ്ങൾ തുടരുകയാണ്. ചേലക്കരയുടെ മുക്കും മൂലയും ആവേശതിമിർപ്പിലാണ്. ഇനി ജനവിധിയുടെ മണിക്കൂറുകളാണ് വരാനിരിക്കുന്നത്.

Advertisment