/sathyam/media/media_files/2024/11/13/tfqHtqMH1wcMvlxEpeDi.jpg)
തിരുവനന്തപുരം: പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ ഐ.പി.എസ് ഉദ്യോഗസ്ഥനെയടക്കം കുടുക്കാനുള്ള ഗൂഢാലോചന വെളിച്ചത്തേക്ക്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സുജിത്ത് ദാസ് അടക്കം 3 പോലീസുദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് അന്നേ സൂചനയുണ്ടായിരുന്നു. കേരളത്തെ ഞെട്ടിക്കുന്നത് എന്ന പേരിൽ വാർത്ത പുറത്തുവിട്ടത് റിപ്പോർട്ടർ ടിവിയായിരുന്നു.
ചാനൽ ഉടമകൾ പ്രതിയായ മുട്ടിൽ മരംമുറിക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.വി ബെന്നി അടക്കം ഉദ്യോഗസ്ഥർക്കെതിരേയായിരുന്നു ആരോപണം. കേസ് റദ്ദായതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി മാനനഷ്ടക്കേസ് നൽകാം. ഇതേക്കുറിച്ചുള്ള ഗൂഢാലോചനയിലും പ്രത്യേക അന്വേഷണം വരും.
എസ്.പി സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശം. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി.
ബലാത്സംഗ ആരോപണം വ്യാജമാണെന്ന് വ്യക്തമായതോടെ, മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ആരോപണത്തിനെതിരേ നിയമനടപടിക്കും അനുമതി നൽകി. അങ്ങനെയാണ് സി.ഐ വിനോദ് കോടതിയെ സമീപിച്ചത്.
മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾ കുടുങ്ങുമെന്നായതോടെയാണ് ഡിവൈ.എസ്.പി ബെന്നിക്കെതിരെയടക്കം ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്നാണ് പോലീസുദ്യോഗസ്ഥർ പറയുന്നത്.
തിരൂർ മുൻ ഡിവൈ.എസ്.പിയായിരുന്നു ബെന്നി. മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാരടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തത് വി.വി ബെന്നിയായിരുന്നു.
മുട്ടിൽ മരംമുറിക്കേസ് പ്രതികളാണ് ആരോപണത്തിന് പിന്നിലെന്ന് വി.വി ബെന്നി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നല്ലരീതിയിലായതിന്റെ വൈരാഗ്യമാണ് കാട്ടുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ വേട്ടയാടുകയാണ്. ഗൂഢാലോചനക്കേസിന് പുറമെ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ബെന്നി വ്യക്തമാക്കിയിരുന്നു.
നൂറുശതമാനവും താൻ നിരപരാധിയാണ്. ഒരുകുറ്റവും ചെയ്തിട്ടില്ല. മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരൂർ ഡിവൈ.എസ്.പി.യായിരുന്നപ്പോൾ പൊന്നാനി എസ്.എച്ച്.ഒ.യ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് നിർദേശം നൽകിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിയുകയും എസ്.പിക്ക് അങ്ങനെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ഇതിനുപുറമേ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതി തള്ളി.
അതേസമയം ആരോപണമുന്നയിച്ച സ്ത്രീ ഹണിട്രാപ്പിന് ശ്രമിക്കുന്നവരാണെന്ന് ആരോപണവിധേയനായ കോട്ടയ്ക്കൽ സി.ഐ. വിനോദ് വലിയാറ്റൂർ വ്യക്തമാക്കി. 2022-ൽ പൊന്നാനിയിൽ എസ്.ഐ. ആയി ചുമതലയേറ്റ സമയത്ത് കുറ്റാരോപിതയായ സ്ത്രീ മാനഹാനിക്കേസിൽ പരാതിയുമായി വന്നിരുന്നു.
രാത്രി ഓട്ടോറിക്ഷയിൽ യാത്രചെയ്യവേ ഡ്രൈവർ അപമര്യാദയായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്‌തെന്നായിരുന്നു കേസ്. ആ കേസിൽ പണം ഈടാക്കി കേസ് ഒതുക്കാൻ യുവതി ശ്രമിച്ചു. ഇതിന് ഇടനിലക്കാരായി നിന്നത് സ്റ്റേഷനിലെ ചില പോലീസുകാരാണ്. സ്ത്രീ ഇത്തരം കേസുകളുമായി സ്ഥിരം വരുന്നതാണെന്നും റിപ്പോർട്ടുണ്ട്.
താൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയതിനാൽ വിലപേശൽ നടന്നില്ല. പ്രതിയെ പിടികൂടി ഓട്ടോ സീൽ ചെയ്തിട്ടുമുള്ളതാണെന്ന് രേഖകളിലുണ്ട്. ഇതിന്റെ വിരോധത്തിൽ സ്ത്രീ തനിക്കെതിരേയും ഉന്നത പോലീസുദ്യോഗസ്ഥർക്ക് പീഡനപരാതി നൽകി.
അന്ന് തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി അന്വേഷണത്തിലൂടെ തന്നെ കുറ്റവിമുക്തനാക്കിയതാണ്. ആ സമയത്ത് പൊന്നാനിയിലെ എസ്.ഐ. കൃഷ്ണലാലായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയായിരുന്നു ഈ സ്ത്രീയെന്നും വിനോദ് വ്യക്തമാക്കി.
സ്ത്രീയുടെ പരാതിയെക്കുറിച്ച് വിശദമായ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചും ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ചും പരാതിയിലെ വസ്തുത കണ്ടെത്താനാണ് ശ്രമം.
ഡിവൈ.എസ്.പി ബെന്നി ചൂണ്ടിക്കാട്ടുന്നതു പോലെ, മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ പ്രതികൾ പലവഴിക്ക് ശ്രമിച്ചിരുന്നു. അന്വേഷണ സംഘത്തിൽ വൻ സ്വാധീനവും ചെലുത്തി. പക്ഷേ എല്ലാ തെളിവുകളും ശേഖരിച്ച് പഴുതടച്ച അന്വേഷണം തുടരുകയായിരുന്നു ബെന്നിയും സംഘവും.
ഈ കേസിൽ പ്രതികളായ ശേഷമാണ് റിപ്പോർട്ടർ ടി.വിയുടെ നടത്തിപ്പ് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റെടുത്തത്. ഇവർക്ക് ഇപ്പോഴത്തെ വെളിപ്പെടുത്തലുമായുള്ള ബന്ധമാണ് പോലീസ് പരിശോധിക്കുന്നത്.
മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ അനാവശ്യ വിവാദമുണ്ടാക്കി അന്വേഷണം വഴിതിരിച്ചുവിടാനും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണത്തിൽ നിന്ന് മാറ്റണമന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്.പി വി.വി ബെന്നി പൊലീസ് മേധാവിക്ക് നേരത്തേ കത്ത് നൽകിയിരുന്നു.
താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനമുയരുന്നുണ്ട്. ഇക്കാര്യത്തിൽ തന്നെയും സേനയിലെ മറ്റ് ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി തുടരാൻ ബുദ്ധിമുട്ടാണെന്നും ഒഴിവാക്കണമെന്നുമാണ് ഡി വൈ.എസ്.പി ആവശ്യപ്പെട്ടത്.
മരംമുറിക്കേസിന്റെ പലഘട്ടത്തിലും പ്രതികൾ കുറ്റപത്രമൊഴിവാക്കാൻ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് മടക്കിയിരുന്നു.
മരം മുറിയിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് റിപ്പോർട്ടിൽ കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ല. കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഡി എഫ് ഒ രഞ്ചിത്ത്, മുൻ റേഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും വ്യക്തതയില്ല.
ക്രമക്കേട് കണ്ടെത്തിയ റേഞ്ച് ഓഫിസർ ഷെമീറിനെതിരെ പ്രതികൾ ഉന്നിയിച്ച ആരോപണങ്ങൾ അതേപടി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായും കണ്ടെത്തി. ആരോപണവിധേയരായ എല്ലാവരുടെയും പങ്ക് പ്രത്യേകമായി അന്വേഷിക്കാനും കൃത്യതയുള്ള വിവരങ്ങളോടെ റിപ്പോർട്ട് നൽകാനുമായിരുന്നു നിർദ്ദേശം.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് അപൂർണവും അവ്യക്തവുമാണ്. വനം ഉദ്യോഗസ്ഥരുടെ പദവികൾ പോലും തെറ്റായാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. മുട്ടിൽ മരംമുറി കണ്ടെത്തിയ റേഞ്ച് ഓഫീസർ ഷമീറിനെതിരെ, മണിക്കുന്ന് മലയിൽ വനഭൂമിയിൽ മരം മുറിച്ചതുമായി ബന്ധപ്പെട്ട് പ്രതികൾ ആരോപണമുന്നയിച്ചിരുന്നു.
ഈ ഭൂമി വനഭൂമി അല്ല സ്വകാര്യ ഭൂമിയാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതല്ലാതെ ക്രൈംബ്രാഞ്ച് ഇതേപ്പറ്റി സ്വന്തം നിലയ്ക്ക് അന്വേഷിച്ചില്ല. ആരോപണങ്ങളെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വനംവകുപ്പിന്റെ രണ്ട് അന്വേഷണ റിപ്പോർട്ടുകളിൽ നിന്ന് വിരുദ്ധമായ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. മുട്ടിൽ മരംമുറിക്ക് അനുമതി നൽകാതിരുന്ന ഉദ്യോഗസ്ഥനെ കുടുക്കാൻ താത്കാലിക ചുമതലയിലെത്തിയ കൺസർവേറ്റർ ശ്രമിച്ചെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടായില്ല.
കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെ അടുത്തിടെ തിരിച്ചെടുത്തിരുന്നു. ചെക്ക്പോസ്റ്റിൽ പരിശോധിക്കാതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കടത്തിവിട്ടതിനാണ് ഇവരെ സസ്പെൻഡ് ചെയ്തിരുന്നത്.
മുട്ടിൽ മരംമുറിക്കേസിൽ സമ്മർദ്ദങ്ങളൊന്നും വകവയ്ക്കാതെ ഡിവൈ.എസ്.പി. വി.വി.ബെന്നി 84600 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്.
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്‌പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പെടെ ആകെ 12 പ്രതികളാണുള്ളത്.
420 സാക്ഷികളുമുണ്ട്. 104 ഈട്ടിമരങ്ങൾ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികൾക്കെതിരായ ശക്തമായ തെളിവാണ്.