മരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് മരിച്ച എംഎൽഎയുടെ മകനെ എൻജിനിയറാക്കി. ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ കേരളത്തിലെ കള്ളക്കളികൾക്ക് അറുതിയാവും. ആർക്കും നൽകാവുന്നതല്ല ആശ്രിതനിയമനം. ആകെ ഒഴിവുകളുടെ 5 % മാത്രമായിരിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. ആശ്രിതനിയമനത്തിന് പകരം 100% കുടുംബപെൻഷൻ നൽകണമെന്ന് ശമ്പളകമ്മിഷൻ. അറിയേണ്ടതെല്ലാം

സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അത്താണിയായി അഞ്ചു പതിറ്റാണ്ടായി സംസ്ഥാനത്ത് നിലനിൽക്കുന്നതാണ് ആശ്രിത നിയമനം. എന്നാൽ വ്യവസ്ഥകൾ വകവയ്ക്കാതെ അന്തരിച്ച എം.എൽ.എയുടെ മകനുവരെ ആശ്രിത നിയമനം നൽകിയിട്ടുണ്ടായിരുന്നു.

New Update
supremem court
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സർക്കാർ സർവീസിൽ ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ആശ്രിത നിയമനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന കള്ളക്കളിക്ക് അറുതിയാവും.

Advertisment

സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അത്താണിയായി അഞ്ചു പതിറ്റാണ്ടായി സംസ്ഥാനത്ത് നിലനിൽക്കുന്നതാണ് ആശ്രിത നിയമനം. എന്നാൽ വ്യവസ്ഥകൾ വകവയ്ക്കാതെ അന്തരിച്ച എം.എൽ.എയുടെ മകനുവരെ ആശ്രിത നിയമനം നൽകിയിട്ടുണ്ടായിരുന്നു.

സർക്കാർ സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് സർക്കാർ വകുപ്പുകളിൽ മാത്രമേ നിയമനം നൽകാവൂ എന്നാണ് ചട്ടം. 


ഇത് വകവയ്ക്കാതെ, അന്തരിച്ച മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ മകന് മരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസി.എൻജിനിയറായി ആശ്രിത നിയമനം നൽകിയത് നിയമവിരുദ്ധവും നീതിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന സ്വദേശിയുടെ മറ്റൊരു ഹർജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.


ആശ്രിത നിയമനങ്ങൾ സൂക്ഷ്മപരിശോധനയ്‌ക്കും മറ്റ് മാനദണ്ഡങ്ങൾക്കും വിധേയമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്‌സനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. പൊലീസ് കോൺസ്റ്റബിളായിരുന്ന പിതാവിന്റെ പേരിലുള്ള ആശ്രിത നിയമനം നിരസിച്ചെന്ന ഹരിയാനാ സ്വദേശിയുടെ ഹർജിയിലാണ് വിധി.

supreme court judges

പിതാവ് 1997-ൽ മരിക്കുമ്പോൾ ഹർജിക്കാരന് ഏഴു വയസായിരുന്നു. 2008-ൽ പ്രായപൂർത്തിയായ ശേഷം നിയമനത്തിന് അപേക്ഷിച്ചെങ്കിലും ഹരിയാന സർക്കാർ ജോലി നൽകിയില്ല. ആശ്രിത നിയമനത്തിന് ജീവനക്കാരന്റെ മരണശേഷം മൂന്ന് വർഷത്തിനുള്ളിൽ അപേക്ഷിക്കണമെന്ന 1999 ലെ നയം പ്രകാരമാണ് അപേക്ഷ തള്ളിയത്.

കുടുംബത്തിന് അടിയന്തര സഹായം നൽകലാണ് ആശ്രിത നിയമനത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാന സർക്കാർ നയത്തിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു.  യാതൊരു പരിശോധനയും തിരഞ്ഞെടുപ്പ് രീതികളും അവലംബിക്കാതെയുള്ള ആശ്രിയ നിയമനം സർക്കാർ ജീവനക്കാരുടെ അവകാശമല്ല.

ഒരു കുടുംബത്തെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ വിവിധ മാനദണ്ഡങ്ങളുടെ ശരിയായതും കർശനവുമായ സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തിലാണ് അത് നൽകേണ്ടത്. മരിച്ചയാളുടെ കുടുംബത്തെ സാമ്പത്തികമായി സഹാക്കുകയാണ് ലക്ഷ്യം. ഹർജിക്കാരന്റെ അമ്മയ്‌ക്ക് സാമ്പത്തിക സഹായത്തിനായി അധികാരികളെ സമീപിക്കാമെന്ന് കോടതി വിധിച്ചു.


കേരളത്തിൽ നിലവിലുള്ള ചട്ടപ്രകാരം ആർക്കും നൽകാവുന്നതല്ല ആശ്രിതനിയമനം. മരിച്ചയാൾ ജോലി ചെയ്തിരുന്ന വകുപ്പിലെ ക്ലാസ്-3, ക്ലാസ്-4 തസ്തികകളിൽ നിലവിലുള്ളതോ അടുത്ത് ഉണ്ടാകാവുന്നതോ ആയ ഒഴിവിലേക്കാണ് നിയമനം നൽകേണ്ടത്.


ഓരോ വർഷവും വകുപ്പുകളിലുണ്ടാവുന്ന ആകെ ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമായിരിക്കണം‌ ആശ്രിത നിയമനമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഇത് വകവയ്ക്കാതെ  പൊതുതസ്തികകളിൽ അപേക്ഷിച്ചവർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് സാങ്കേതിക തസ്തികകളിലടക്കം മാറ്റി ഇപ്പോൾ നിയമനം നൽകുന്നുണ്ട്.

വകുപ്പുകളുടെ നേരിട്ടുള്ള നടപടിയിലൂടെയും സെക്രട്ടേറിയറ്റിലെ കംപാഷണേറ്റ് എംപ്ലോയ്മെന്‍റ് സെല്‍ വഴിയും രണ്ടുതരത്തിലാണ് ആശ്രിതനിയമനം. അഞ്ച് ശതമാനം തികഞ്ഞില്ലെങ്കിൽ കംപാഷണേറ്റ് എംപ്ലോയ്മെന്‍റ് സെല്ലിനെ അറിയിക്കും. എട്ടുലക്ഷത്തിനു താഴെ കുടുംബവാർഷിക വരുമാനമുള്ളവരുടെ ആശ്രിതർക്കാണ് തുടക്ക തസ്തികയിൽ നിയമനം നൽകുന്നത്.

അഞ്ച്ശതമാനമെന്ന പരിധി ലംഘിച്ച് ആശ്രിതനിയമനം നടക്കുന്നതായി 2017-2020 കാലയളവിലെ നിയമനങ്ങൾ പരിശോധിച്ച് ശമ്പളപരിഷ്കരണ കമ്മിഷൻ കണ്ടെത്തിയിരുന്നു.


തിരുവനന്തപുരം കളക്ടറേറ്റിലെ 515നിയമനങ്ങളിൽ 68ഉം (13.20%), എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ 209നിയമനങ്ങളിൽ 28ഉം (13.40%) ആശ്രിതനിയമനമായിരുന്നു. സംസ്കൃതസർവകലാശാലയിൽ 35നിയമനങ്ങളിൽ അഞ്ചെണ്ണം (14.29%), നിയമസഭാസെക്രട്ടേറിയറ്റിൽ 131നിയമനങ്ങളിൽ 18എണ്ണം (13.74%) ആശ്രിതനിയമനങ്ങളാണ്.


ആശ്രിതനിയമനങ്ങൾ സർക്കാരിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നും ഉയർന്നഗ്രേഡിലേക്ക് ഇവർക്ക് സ്വാഭാവികമായ സ്ഥാനക്കയറ്റം നൽകരുതെന്നും ഇതിന് സ്ക്രീനിംഗ് പരീക്ഷയേർപ്പെടുത്തണമെന്നുമാണ് 11-ാം ശമ്പളകമ്മിഷൻ ശുപാർശ. ശമ്പളകമ്മിഷന്റെ നിർദ്ദേശങ്ങൾ ഗൗരവമേറിയതാണെന്നും വിശദമായ ചർച്ചകളും നടപടികളുമുണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആശ്രിതനിയമനം അവസാനിപ്പിച്ച് നൂറുശതമാനം പ്രത്യേക കുടുംബപെൻഷൻ നൽകണമെന്നാണ് ശമ്പളകമ്മിഷൻ ശുപാർശ. ഒരുവർഷത്തേക്കോ, വിരമിക്കേണ്ടിയിരുന്ന പ്രായംവരെയോ ഏതാണ് ആദ്യം എന്നത് കണക്കാക്കി ഈ തുക നൽകാം.

കുടുംബവരുമാനം 8ലക്ഷത്തിൽ താഴെയുള്ളവർക്ക് ജീവനക്കാരൻ മരിച്ച തീയതിമുതൽ അഞ്ചുവർഷംവരെ ഈ തുക അനുവദിക്കാം. അവസാനത്തെ അടിസ്ഥാനശമ്പളത്തിന് തുല്യമായോ പരമാവധി 50,000 രൂപയോ നൽകാം. കാലാവധിക്കുശേഷം നിലവിലെ കുടുംബപെൻഷൻ തുടരാം.


മരിച്ച ജീവനക്കാരന്റെ മാതാപിതാക്കളല്ലാത്തവർ ആശ്രിതനിയമനം നേടുമ്പോൾ കുടുംബത്തെ സംരക്ഷിക്കാമെന്ന് സമ്മതപത്രം നൽകണം. ജീവനക്കാരന്റെ മാതാപിതാക്കളെയും അനന്തരാവകാശികളെയും ജീവിതകാലം മുഴുവൻ സംരക്ഷിക്കാമെന്നാണ് സമ്മതപത്രം നൽകേണ്ടത്.


സഹോദരങ്ങളെ പ്രായപൂർത്തിയാകും വരെ ആശ്രിതനിയമനം നേടുന്നയാൾ സംരക്ഷിക്കണം.  അതേസമയം നിയമനത്തിന് പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.

13 വയസിനു മുകളിലെ ആശ്രിതർക്കേ നിയമനം കിട്ടൂ എന്ന വ്യവസ്ഥയും അംഗീകരിക്കാനാവില്ല. നിശ്ചിത ടേൺ എന്നതിന് പകരം ഒരുമിച്ച് ഒഴിവ് കണക്കാക്കുന്ന നിലവിലുള്ള രീതി തുടരണം. വയസ് അടിസ്ഥാനത്തിലുള്ള മുൻഗണനയും അംഗീകരിക്കാനാവില്ല. സംഘടനാ നേതാക്കൾ വ്യക്തമാക്കി.

Advertisment