തിരുവനന്തപുരം: അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടും ചേലക്കര പിടിക്കാൻ യു.ഡി.എഫിന് കഴിയാതിരുന്നതിന് ഒറ്റക്കാരണമേയുള്ളൂ - സ്ഥാനാർത്ഥി നിർണയത്തിലെ അപാകത.
ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ ആറുമാസം മുൻപ് കനത്ത തോൽവിയേറ്റുവാങ്ങിയ രമ്യാ ഹരിദാസിനെ വീണ്ടും അവിടെത്തന്നെ മത്സരിപ്പിക്കാനിറക്കിയ മുന്നണിയുടെ തീരുമാനമാണ് പിഴച്ചത്.
ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം രമ്യയുടെ വീഴ്ചയാണെന്ന് തോൽവിയെക്കുറിച്ച് അന്വേഷിച്ച കോൺഗ്രസ് സമിതി കണ്ടെത്തിയിരുന്നു. 2019ൽ 1.59ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച രമ്യ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനോട് 20143 വോട്ടുകൾക്ക് തോറ്റു.
അവരെ വീണ്ടും മത്സരിപ്പിക്കരുതെന്ന് മുതിർന്ന നേതാക്കളടക്കം മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്ക്കാതിരുന്നതാണ് ചേലക്കരയിലെ തോൽവിക്ക് ഇടയാക്കിയത്. രാഷ്ട്രീയം പറയാതെ പാട്ടുപാടി മാത്രം ജയിക്കാമെന്ന വ്യാമോഹമാണ് രണ്ടാംവട്ടവും തുടരെത്തുടരെ തോൽവിക്ക് ഇടയാക്കിയത്.
പാലക്കാട് ഡി.സി.സിയും രമ്യയ്ക്കെതിരേ രംഗത്ത് വന്നിരുന്നു. ഇതൊന്നും വകവയ്ക്കാതെ രമ്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയ നേതൃത്വവും ഈ വീഴ്ചയ്ക്ക് ഉത്തരവാദികളാണ്.
എൽ.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്ന ആലത്തൂരിൽ പി.കെ. ബിജുവിനെ തോൽപ്പിച്ചാണ് 2019ൽ രമ്യ കേരളത്തിൽ നിന്നുള്ള ഏക വനിതാ എം.പിയായത്. 1,58,637 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷം നൽകിയ ആലത്തൂരുകാർ പിന്നീട് രമ്യയെ കൈയൊഴിഞ്ഞു.
ന്യൂനപക്ഷത്തെ അടുപ്പിക്കാനുള്ള യാതൊരു നടപടിയും രമ്യയിൽ നിന്നുണ്ടായില്ല. ഇത്തവണയും അവർക്ക് അത് തിരിച്ചടിയായി. എ.വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമർശം, സൈബർ ആക്രമണം എന്നിവ നേരിട്ടാണ് രമ്യ അന്ന് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്.
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ആലത്തൂരിലെ തിരഞ്ഞെടുപ്പിൽ രമ്യ സ്ഥാനാർത്ഥിയായത്.
5 വർഷം എം.പിയായി പ്രവർത്തിച്ചിട്ടും കാര്യമായൊരു നേട്ടമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. രമ്യയുടെ കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പോലും ഏകോപനമുണ്ടായിരുന്നില്ലെന്നാണ് തോൽവി അന്വേഷിച്ച സമിതി കണ്ടെത്തിയത്.
കഴിഞ്ഞ തവണ ആലത്തൂരിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയിരുന്നതായാണ് രമ്യ സ്വയം വിലയിരുത്തിയത്. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പു ഫലമുണ്ട്. അത് ചേലക്കരയിലുണ്ടാകും.
യുഡിഎഫ് വരണമെന്ന് ചെങ്കൊടി പിടിക്കുന്ന സാധാരണ സിപിഎമ്മുകാരൻ പോലും ആഗ്രഹിക്കുന്നുണ്ട്. ചേലക്കരയിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്ക് കിട്ടുമെന്നും രമ്യ പറഞ്ഞിരുന്നു.
എന്നാൽ എം.പിയെന്ന നിലയിൽ രമ്യ പൂർണ പരാജയമായിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും തിരുത്തി മുന്നോട്ട് പോയില്ല. അതാണ് പരാജയ കാരണം.
പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് പലവട്ടം കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഒന്നര ലക്ഷത്തിലേറെ വോട്ടുനേടി വിജയിച്ചതിന്റെ തലക്കനം മാറ്റി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ രമ്യ തയ്യാറായില്ല.
രമ്യയുടെ ഈ അരാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം കൂടിയായപ്പോൾ ആറുമാസം മുൻപ് ആലത്തൂരിൽ രമ്യ തോറ്റു. അതിന്റെ തനിയാവർത്തനമാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിലും കണ്ടത്.
എന്നാൽ എംപി എന്ന നിലയിൽ 5 വർഷവും മുഴുവൻ സമയവും മണ്ഡലത്തിൽ ചെലവഴിച്ചെന്നും വ്യക്തിപരമായ കാര്യങ്ങൾ പോലും മാറ്റിവച്ചു സജീവമായെന്നും രമ്യ പറയുന്നു.
തോൽവിക്ക് കാരണം ഫണ്ട് പരിമിതിയാണെന്നും സംഘടനയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പോരായ്മ ഉണ്ടായതായി തോന്നിയിട്ടില്ലെന്നും രമ്യ പറഞ്ഞിരുന്നു. എന്തൊക്കെ പോരായ്മകളും പിഴവും ഉണ്ടായി എന്ന് ഡിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നായിരുന്നു രമ്യയുടെ പരിഹാസം.
ചേലക്കരയിൽ രമ്യയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് പി.വി അൻവർ ആവശ്യപ്പെട്ടിരുന്നതാണ്. പിൻവലിച്ചാൽ പാലക്കാട്ട് കോൺഗ്രസിനെ പിന്തുണയ്ക്കാമെന്നും അൻവർ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇത് തള്ളുകയായിരുന്നു.
ചന്ദനക്കുറിയും നിഷ്‌കളങ്കമായ പുഞ്ചിരിയും നാടൻ പാട്ടുകളുമായി ആദ്യവട്ടം ജനഹൃദയങ്ങളിലിറങ്ങിയ രമ്യ പിന്നീട് ജനങ്ങളെ മറന്നാണ് 5 വർഷം എം.പിയായി പ്രവർത്തിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
2019ൽ വോട്ടെണ്ണലിന്റെ ആദ്യനിമിഷം മുതൽ അവസാനം വരെ രമ്യയായിരുന്നു മുന്നിലെങ്കിൽ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിൽ പോലും രമ്യ മുന്നിലേക്ക് വന്നില്ല. വോട്ടെണ്ണൽ ദിനത്തിൽ ചിത്രത്തിൽ പോലുമില്ലായിരുന്നു രമ്യ.