/sathyam/media/media_files/grfsmd7x7nZEts51kYae.jpg)
തിരുവനന്തപുരം: ടൂറിസ്റ്റുകൾക്ക് ഒരുദിവസം കൊണ്ട് ഹെലികോപ്ടറിൽ കേരളം മുഴുവൻ കാണാൻ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലിടൂറിസം പദ്ധതി മന്ത്രിസഭായോഗം തള്ളി.
പദ്ധതിയുടെ കരടുനയം ഇന്നലെ മന്ത്രിസഭ പരിഗണിച്ചപ്പോൾ, മലയോര മേഖലകളിലും അണക്കെട്ട് പ്രദേശങ്ങളിലും ഹെലികോപ്ടർ ഇറങ്ങിയാൽ വന്യജീവികൾ കൂടുതലായി നാട്ടിലിറങ്ങി മനുഷ്യ-വന്യജീവി സംഘർഷം സങ്കീർണമാവുമെന്ന് മന്ത്രിമാർ പറഞ്ഞു. അതോടെ കൂടുതൽ പഠനത്തിനു ശേഷം പദ്ധതി വീണ്ടും പരിഗണിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
വിനോദസഞ്ചാരികൾക്ക് സമയനഷ്ടം കൂടാതെ കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹെലിടൂറിസം പദ്ധതി നടപ്പാക്കാനായിരുന്നു സർക്കാർ ശ്രമം.
വിനോദ സഞ്ചാരികളുമായി പോകുന്ന ഹെലികോപ്ടറുകൾ താഴ്ന്നു പറക്കുന്നത് ജൈവവൈവിദ്ധ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന സിപിഐയുടെ വാദം മന്ത്രിമാർ യോഗത്തിൽ അറിയിച്ചു.
അടുത്തിടെ തുടങ്ങിയ സീ-പ്ലെയിൻ പദ്ധതിയെയും വനംവകുപ്പും സിപിഎം എംഎൽഎമാരുമടക്കം എതിർക്കുകയാണ്. അണക്കെട്ടുകൾക്കരികിൽ ഹെലിപ്പാഡുകൾ നിർമ്മിക്കുമ്പോൾ, അവിടെ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾക്കടക്കം ഹെലികോപ്റ്ററിന്റെ ശബ്ദം പ്രശ്നം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പിന്റെ എതിർപ്പ്. മലയോര മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായിരിക്കെ, ഹെലിടൂറിസം കൂടി വരുന്നത് പ്രശ്നം ഗുരുതരമാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.
/sathyam/media/media_files/LGt2HdH2qY6c0JtsuhYh.jpg)
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഹെലിടൂറിസം പദ്ധതി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനും ഹെലിടൂറിസം പദ്ധതി സഹായിക്കും.
കേരളത്തെ അനുഭവിച്ചറിയുവാൻ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാൻ ഈ പദ്ധതി മൂലം സാധിക്കും.
ഒരു ദിവസം കൊണ്ടുതന്നെ ഈ പദ്ധതി അവസരമൊരുക്കുമെന്നാണ് മന്ത്രിസഭ പരിഗണിച്ച അജൻഡയിലുണ്ടായിരുന്നത്. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല.
കേരളത്തിൽ ഹെലി ടൂറിസം നടപ്പാക്കുന്നതിനുള്ള താൽപര്യമറിയിച്ചു ചില ഏജൻസികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
/sathyam/media/media_files/2024/11/27/JlZjWI1GvVDmf7vAa8jO.jpg)
ഇടുക്കി പീരുമേട്ടിലാണു നിലവിൽ എയർസ്ട്രിപ് വികസിപ്പിച്ചിട്ടുള്ളത്. ബേക്കലിലും വയനാട്ടിലും എയർസ്ട്രിപ് പരിഗണനയിലുണ്ട്. മത്സരാധിഷ്ഠിത ടെൻഡർ വിളിച്ച് ഏതെങ്കിലും ഏജൻസികളെ നടത്തിപ്പിനു ചുമതലപ്പെടുത്താനാണുദ്ദേശിച്ചിരുന്നത്.
ഒരു ടൂറിസം കേന്ദ്രത്തിൽ നിന്ന് അടുത്തതിലേക്കെത്താൻ ഗതാഗതക്കുരുക്കും മോശം റോഡുകളും കാരണം റോഡിൽ ഏറെ സമയം നഷ്ടപ്പെടുന്നതു വിദേശ വിനോദസഞ്ചാരികളുടെ സ്ഥിരം പരാതിയാണ്. ഹെലി ടൂറിസം ചെലവേറിയതാണെങ്കിലും സമയലാഭമുള്ളതിനാൽ വിദേശസഞ്ചാരികൾ പണം മുടക്കാൻ തയാറാകും. എന്നാൽ സാധാരണക്കാരായ സഞ്ചാരികൾക്ക് പദ്ധതി കൊണ്ട് ഗുണമില്ല.
ഒരു ഹെലിപാഡ് പണിയാൻ അഞ്ച് ലക്ഷം മുതൽ 20 ലക്ഷം രൂപവരെ ചിലവുണ്ട്. കേരളത്തിലാകെ 127 സ്വകാര്യ ഹെലിപാഡുകളുണ്ട്. ഇതിൽ മിക്കതും ഉപയോഗിക്കാറില്ല. ഇവയെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കേരളത്തിൽ ഹെലിടൂറിസം നടപ്പാക്കാനൊരുങ്ങിയത്.
പ്രധാന നഗരങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് 100 - 150 കിലോമീറ്റർ ചുറ്റളവിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ ഇത് സഹായിക്കും. നിലവിൽ കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് മൂന്നാറിലേക്ക് പോകാൻ റോഡ് മാർഗം മാത്രമാണുള്ളത്. ഇതിന് നാലുമണിക്കൂറോളമെടുക്കും.
എന്നാൽ ഹെലികോപ്റ്ററിൽ 20 മിനിട്ടിനകം മൂന്നാറിലെത്താനാകും. മലയോര മേഖലയിലേക്കുള്ള സുരക്ഷിത യാത്രയും ഉറപ്പാക്കാനാകും. അടുത്തിടെ ഇടുക്കി ഡാമിലിറങ്ങുന്ന സീ പ്ലെയിൻ പദ്ധതി തുടങ്ങിയിരുന്നു.
ഹെലിപ്പാഡുകൾ 50 സെന്റ് സ്ഥലത്ത് ഒരുക്കാനാകുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നാലോ അഞ്ചോ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്ന ചെറിയ ഹെലികോപ്റ്ററുകളായിരിക്കും ഉപയോഗിക്കുക.
രാജ്യത്ത് ഗുപ്തകാശി-കേദാർനാഥ് (ഉത്തരാഖണ്ഡ്), ഡെറാഡൂൺ-ബദരീനാഥ് (ഉത്തരാഖണ്ഡ്), ഡെറാഡൂൺ-വാലി ഒഫ് ഫ്ലവേഴ്സ് (ഉത്തരാഖണ്ഡ്), കത്ര-മാതാ വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മു കശ്മീർ), സോനമാർഗ്-അമർനാഥ് (ജമ്മു കശ്മീർ) എന്നിവിടങ്ങളിലാണ് ഹെലിടൂറിസം പദ്ധതിയുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us