തിരുവനന്തപുരം: സർക്കാരിന്റെ പാനൽ തള്ളിക്കളഞ്ഞ് ഡിജിറ്റൽ, ടെക്നിക്കൽ യൂണിവേഴ്സിറ്റികളിലേക്ക് ഗവർണർ സ്വന്തം നിലയിൽ വൈസ്ചാൻസലർമാരെ നിയമിച്ചോതോടെ വി.സി നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും കനത്തു.
ടെക്നിക്കൽ വി.സിയായിരുന്ന പ്രൊഫ. സിസാതോമസിനെ ഗവർണർ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വി.സിയായി രണ്ടാംവട്ടവും കൊണ്ടുവന്നത് സർക്കാരിന് കനത്ത പ്രഹരമായി.
സർക്കാരിന്റെ അനുമതിയില്ലാതെ, ഗവർണറുടെ ഉത്തരവുപ്രകാരം വി.സി സ്ഥാനം ഏറ്റെടുത്തതിന് സിസാതോമസിന്റെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ് സർക്കാർ.
അതിനിടയിലാണ് സിസാതോമസിനെ രണ്ടാമതും വി.സിയായി നിയമിച്ചത്. ഗവർണർ സ്വന്തം നിലയ്ക്കു വിസിമാരെ നിയമിച്ചത് അംഗീകരിക്കില്ലെന്നു മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയതോടെ നിയമപോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
വി.സി നിയമനത്തിൽ ഹൈക്കോടതിയിലും സർക്കാരിന് തിരിച്ചടിയേറ്റിരുന്നു. കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിൽ വി.സി നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ സാങ്കേതിക സർവകലാശാലയിൽ നേരത്തേ വി.സിയായി സിസാതോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിൽ വി.സി നിയമനത്തിൽ സർക്കാരിന്റെ അഭിപ്രായം ഗവർണർ മാനിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.
ഇതുപ്രകാരം സർക്കാർ സാങ്കേതിക വി.സി നിയമനത്തിന് പാനൽ ഗവർണർക്കയച്ചപ്പോഴാണ് ഹൈക്കോടതിയിൽ ഗവർണർ വ്യക്തതാ ഹർജി നൽകിയത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഗവർണർക്ക് യുക്തമായ തീരുമാനമെടുക്കാമെന്നാണ് ഡിവിഷൻബഞ്ച് ഉത്തരവിട്ടത്. ഇതോടെ, വി.സി നിയമനത്തിന് ഗവർണർക്ക് സർക്കാരിന്റെ പാനൽ പരിഗണിക്കേണ്ടതില്ലെന്ന സ്ഥിതിയായി.
ഡിജിറ്റൽ വി.സിയായിരുന്ന ഡോ. സജിഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി. ആർ.ഷാലിജ്, ഗവ. എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സാങ്കേതിക വി.സി നിയമനത്തിന് സർക്കാർ നൽകിയത്.
ഇത് പരിഗണിക്കാതെ കുസാറ്റിലെ പ്രൊഫസറായ ഡോ. കെ ശിവപ്രസാദിനെ ഗവർണർ സാങ്കേതിക യൂണിവേഴ്സിറ്റി വി.സിയാക്കി. സർക്കാരുമായി പോരാട്ടം നടക്കുന്ന സിസാതോമസിനെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലും വി.സിയാക്കി.
സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ പരിഗണിച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാരുമായി ഒരു വിധ കൂടിയാലോചനയും ഉണ്ടായില്ലെന്നും മന്ത്രി ബിന്ദു ഗവർണറെ വിമർശിച്ചു.
സാങ്കേതിക സർവ്വകലാശാലാ നിയമപ്രകാരം സർക്കാർ നൽകുന്ന പാനലിൽ നിന്നുള്ളവരെ മാത്രമേ വൈസ് ചാൻസലർ നിയമനത്തിൽ പരിഗണിക്കാവൂ. കേന്ദ്രസർക്കാരിൻ്റെ കാവിവല്ക്കരണ അജണ്ടകൾക്ക് ബലം പകരൽ മാത്രമാണ് ചാൻസലറുടെ ഈ നടപടികൾക്കു പിന്നിൽ.
ഉന്നതവിദ്യാഭ്യാസ മേഖലയെ മുച്ചൂടും രാഷ്ട്രീയവല്ക്കരിക്കുന്ന ഈ നടപടികൾ നാം നേടിയ നേട്ടങ്ങളെയാകെ പിറകോട്ടടിക്കുന്നതാണ്. ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ നിയമപരമായ വഴികളും സർക്കാർ തേടും - മന്ത്രി ബിന്ദു വ്യക്തമാക്കി.
അതേസമയം, യൂണിവേഴ്സിറ്റികളിൽ സ്ഥിരം വി.സി നിയമനത്തിന് ഗവർണറും സർക്കാരും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. വി.സി നിയമനത്തിൽ സർക്കാരിന് യാതൊരു റോളുമില്ലെന്നാണ് ഗവർണറുടെ നിലപാട്.
പാനൽ നൽകിയാലും നിയമിക്കേണ്ടത് ഗവർണറാണ്. അതിനാൽ ഗവർണർ-സർക്കാർ പോര് ഇനിയും കടുക്കും. നിയമനാധികാരിയായ താനാണ് സെർച്ച്കമ്മിറ്റിയുണ്ടാക്കി വിജ്ഞാപനമിറക്കേണ്ടതെന്നാണ് ഗവർണറുടെ വാദം.
എന്നാൽ യു.ജി.സി, സർവകലാശാലാ ചട്ടങ്ങളിൽ സെർച്ച്കമ്മിറ്റി രൂപീകരണത്തിൽ വ്യക്തതയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. യു.ജി.യുടേതടക്കം 5 അംഗങ്ങളുള്ളതാണ് സർക്കാരിന്റെ കമ്മിറ്റി. യു.ജി.സിയുടെ പ്രതിനിധി കമ്മിറ്റിയിലുണ്ടാവണമെന്നും നിയമനം മൂന്നുമുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നായിരിക്കണമെന്നുമാണ് യു.ജി.സി ചട്ടത്തിലുള്ളത്.