തിരുവനന്തപുരം: മരിച്ചവർക്കും അപേക്ഷിക്കാത്തവർക്കും സർക്കാർ ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതായി 2023 സെപ്തംബറിൽ തന്നെ സി.എ.ജി കണ്ടെത്തി സർക്കാരിനെ അറിയിച്ചതാണെങ്കിലും ചെറുവിരൽ അനക്കിയിരുന്നില്ല.
മരിച്ച 1698 പേർക്ക് പെൻഷൻ നൽകിയതിലൂടെ 2.63 കോടി നഷ്ടമുണ്ടായി. 96,285 പെൻഷൻകാർ മരിച്ചതായി സഹകരണ സൊസൈറ്റികൾ അറിയിച്ചിട്ടും അവർക്കുള്ള 118.16 കോടി പെൻഷൻതുക സംഘങ്ങൾക്ക് കൈമാറി.
ഫണ്ട് കൈമാറ്റം തടഞ്ഞെങ്കിലും സർക്കാരിന് പലിശയിനത്തിൽ 0.87കോടി നഷ്ടമുണ്ടായി. ജില്ലകളിൽ 4701 പരേതർക്ക് പെൻഷനായി 5.93 കോടി കൈമാറ്റം ചെയ്തെന്നും സി.എ.ജി കണ്ടെത്തിയിരുന്നു.
പാവങ്ങൾക്ക് നൽകുന്ന ആശ്വാസമായ സാമൂഹ്യസുരക്ഷാപെൻഷൻ അനധികൃതമായി സർക്കാർ ജീവനക്കാർ തന്നെ കയ്യിട്ടുവാരുന്നതായ വിവരം പുറത്തുവന്നതോടെയാണ് സി.എ.ജിയുടെ പഴയ റിപ്പോർട്ട് വീണ്ടും ചർച്ചയായത്.
കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും പ്ളസ് ടു.അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കം നിലവിൽ സർവ്വീസിലുള്ള 1458 സർക്കാർ ജീവനക്കാരാണ് സാമൂഹ്യ സുരക്ഷാ പെൻഷനായി 1600രൂപ വാങ്ങുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവർക്കെതിരെ നടപടിക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ സാങ്കേതിക തകരാർ കാരണമാണ് ഈ പ്രശ്നമുണ്ടായതെന്ന് വരുത്തിതീർക്കാനുള്ള ശ്രമം തകൃതിയാണ്.
സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന രണ്ട് അസിസ്റ്റന്റ് പ്രഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളജിലും രണ്ടാമൻ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലുമാണ്. മൂന്ന് ഹയർസെക്കൻഡറി അധ്യാപകരാണ് പെൻഷൻ വാങ്ങുന്നത്.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത് 373 പേർ. പൊതുവിദ്യാഭ്യാസവകുപ്പാണ് രണ്ടാംസ്ഥാനത്ത് 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയൂർവേദവകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരുമാണുള്ളത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് 46 പേർ, ഹോമിയോപ്പതി വകുപ്പ് 41 പേർ, കൃഷി, റവന്യുവകുപ്പ് 35 പേർ വീതം, ജുഡീഷ്യറി ആൻഡ് സോഷ്യൽജസ്റ്റിസ് വകുപ്പ് 34 പേർ, ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പ് 31 പേർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് 27 പേർ, ഹോമിയോപ്പതി വകുപ്പ് 25 പേർ, വിൽപന നികുതി 14, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏഴു വീതം, വനംവന്യജീവി ഒൻപത്, സോയിൽ സർവെ, ഫിഷറീസ് ആറുവീതം പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്.
തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവസായവും വാണിജ്യവും, ഫയർഫോഴ്സ്, ക്ഷീരവികസനം, പൊതുവിതരണം, അഡ്വക്കറ്റ് ജനറൽ ഓഫിസ് നാലുവീതം, സാമൂഹിക ക്ഷേമം, റജിസ്‌ട്രേഷൻ, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യസുരക്ഷ, എക്‌സൈസ്, ആർക്കയോളജി മൂന്നുവീതം, തൊഴിൽ, ലീഗൽമെട്രോളജി, മെഡിക്കൽ എക്സാമനേഷൻ ലബോട്ടറി,എക്‌ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്, ലോ കോളജുകൾ രണ്ടു വീതം, എൻസിസി, ലോട്ടറീസ്, ജയിൽ,തൊഴിൽ, കോടതി, ഹാർബർ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ്, ഡ്രഗ്സ് കൺട്രോൾ, പിന്നാക്ക വിഭാഗ വികസനം, കയ ർവികസനം ഒന്നുവീതം എന്നിങ്ങനെയാണ് വിവിധ വകുപ്പുകളിൽ നിന്ന് സാമൂഹ്യ സുരക്ഷാപെൻഷൻ വാങ്ങുന്നവരുടെ കണക്ക്. പരിശോധന കൂടുതൽ വിപുലമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങിയേക്കും.
2023ൽ സി.എ.ജി ഇതിലും ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയിരുന്നത്. കൃത്യമായ പരിശോധനയില്ലാത്തത് മുതലെടുത്ത് 9201 സർവീസ് പെൻഷൻകാരും സർക്കാർ ജീവനക്കാരും 39.27 കോടി പെൻഷൻ വാങ്ങി. ഇത് തിരിച്ചുപിടിച്ചിട്ടില്ല.
ആധാർ ഉപയോഗിച്ചുള്ള പരിശോധനയിൽ 3990പേർ വിധവ, അവിവാഹിത എന്നീയിനങ്ങളിലെ ഇരട്ടപെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. ഇതിലൂടെ നഷ്ടം 3.83കോടി. രേഖകളില്ലാതെ 278 പേർക്ക് പെൻഷൻ അനുവദിച്ചു. അനർഹർക്ക് 68 ലക്ഷം രൂപ പെൻഷനായി നൽകി.
ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോൾ 39.27കോടി രൂപ ക്രമരഹിതമായി നൽകിയെന്ന് കണ്ടെത്തി. 19.69% ഗുണഭോക്താക്കൾ അനർഹരെന്ന് സർവേയിൽ തെളിഞ്ഞു. സാക്ഷ്യപത്രങ്ങൾ ഹാജരാക്കാതെയും പെൻഷൻ അനുവദിച്ചു.
കുന്നത്തുകാൽ, ചാത്തന്നൂർ പഞ്ചായത്തുകളിൽ അപേക്ഷിക്കാത്ത 2 പേർക്ക് പെൻഷൻ അനുവദിച്ചു. തള്ളിയ 17,278 അപേക്ഷകരിൽ 513 പേരെ പുതിയ അപേക്ഷകരായി അംഗീകരിച്ച് പെൻഷൻ നൽകി. സർക്കാർ സർക്കുലറിന് വിരുദ്ധമായി 585 വിവാഹമോചിതർക്കും ഭർത്താക്കന്മാർ ഉപേക്ഷിച്ചവർക്കും വിധവാ പെൻഷനായി 1.8 കോടി നൽകി.
ഗുണഭോക്താക്കളുടെ യോഗ്യതയുറപ്പാക്കാതെ 1500 രൂപ നിരക്കിൽ പെൻഷൻ നൽകിയതിലൂടെ 10.11 കോടി ക്രമവിരുദ്ധമായി ചെലവിട്ടു. പെൻഷൻ നേരിട്ട് അക്കൗണ്ടിൽ നൽകുന്നതിന് പകരം സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തിക്കുന്നതിൽ ക്രമക്കേടിന് പഴുതുകളേറെയുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.