തിരുവനന്തപുരം: കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്നതായിരിക്കും വിഴിഞ്ഞം തുറമുഖം എന്ന് വ്യക്തമാക്കുന്നതാണ് വരുമാന പ്രതീക്ഷയെക്കുറിച്ചുള്ള പുതിയ കണക്കുകൂട്ടലുകൾ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് വിഴിഞ്ഞം മുതൽക്കൂട്ടായിരിക്കും.
വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള വരുമാന വിഹിതം സംസ്ഥാന ഖജനാവിനെ ബലപ്പിക്കുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028 ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയരും. ഇതോടെ 40 വർഷത്തെ കരാർ കാലയളവിൽ 54,750 കോടി വരുമാനം പ്രതീക്ഷിച്ചിരുന്നത് 2,15,000 കോടിയായി ഉയരും.
സംസ്ഥാന സർക്കാരിന് 35,000 കോടി വരുമാന വിഹിതമായി ലഭിക്കും. ഇക്കാലയളവിൽ ജി.എസ്.ടിയിനത്തിൽ 29,000 കോടി ലഭിക്കും. പുറമെ കോർപ്പറേറ്റ്, പ്രത്യക്ഷ വരുമാന നികുതിയിലും വർദ്ധനവുണ്ടാകും.
36 വർഷം കൊണ്ട് 48000 കോടി സർക്കാരിന് കിട്ടുമെന്നാണ് വിലയിരുത്തൽ. ഇത്രയും പണം ഖജനാവിലെത്തുന്നതോടെ കേരളത്തിന്റെ ധനസ്ഥിതി മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് 2034 മുതൽ സർക്കാരിന് വരുമാനവിഹിതം ലഭിക്കും. 2045ൽ പൂർത്തിയാകേണ്ടിയിരുന്ന ബാക്കി ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കും.
ആദ്യകരാർ പ്രകാരം തുറമുഖം പ്രവർത്തനം തുടങ്ങി പതിനഞ്ചാം വർഷം മുതലാണ് സർക്കാരിന് വരുമാനം കിട്ടുമായിരുന്നത്. തുറമുഖനിർമ്മാണം വൈകിയതിനാൽ 2039മുതൽ അദാനി വരുമാനവിഹിതം നൽകിയാൽ മതിയായിരുന്നു. പുതിയ ധാരണപ്രകാരമാണ് വരുമാനം നേരത്തേ കിട്ടുന്നത്.
തുറമുഖത്തിന്റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി ഇത് 45 ലക്ഷമായി ഉയരും. രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിന് 10000 കോടി അദാനി മുടക്കും. നിർമ്മാണ സാമഗ്രികളുടെ നികുതി വരുമാനത്തിലൂടെ 175.20 കോടി കണ്ടെത്താനാവും.
വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ അതിവേഗത്തിൽ സ്വീകരിക്കുകയാണ്. തുറമുഖത്തേക്കുള്ള തുരങ്ക റെയിൽപ്പാത നിർമ്മാണത്തിന് അന്താരാഷ്ട്ര കൺസൾട്ടന്റിനെ നിയമിക്കും.
നിർമ്മാണ ചുമതല കൊങ്കൺ റെയിൽവേയെ ഏൽപ്പിക്കും. റെയിൽപ്പാതയുടെ 70 ശതമാനവും നിലവിലുള്ള ബാലരാമപുരം-വിഴിഞ്ഞം റോഡിന് അടിയിലൂടെയായിരിക്കും. അതിനാൽ ഭൂമിയേറ്റെടുക്കലിനും പുനരധിവാസത്തിനുമുള്ള ചെലവ് കുറയും.
വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ റെയിൽപ്പാത വരുന്നതോടെ തുറമുഖത്തിന് റെയിൽ കണക്ടിവിറ്റിയാവും. 9.5 കിലോമീറ്റർ ടണലാണ് പാതയുടെ ആകർഷണം.
നേരത്തേ നേമം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാതയാണ് ആലോചിച്ചതെങ്കിലും 25.7 ഹെക്ടർ ഭൂമിയേറ്റെടുക്കേണ്ടിവരുമായിരുന്നു. 42 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ടണൽ നിർമ്മാണത്തിന് 36 മാസം വേണ്ടിവരും. തുറമുഖ കമ്പനിയും സർക്കാരും ചേർന്നാണ് പാത നിർമ്മിക്കുന്നത്.
റെയിൽപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഒഴികെ പൂർണമായും ഭൂഗർഭപാതയാണ്. തുറമുഖ നിർമാണത്തിനുള്ള പാരിസ്ഥിതികാനുമതിയിൽ റെയിൽവേപ്പാതയ്ക്കും അനുമതി ലഭിച്ചിരുന്നു. അതിൽ ഉപരിതലപാതയാണ് നിർദേശിച്ചിരുന്നത്. പിന്നീടാണ് ഭൂഗർഭപാത നിർമ്മിക്കാൻ തീരുമാനിച്ചത്.
കേരളത്തിന്റെ വികസനത്തിൽ നിർണായകമാവുന്ന വിഴിഞ്ഞം തുറമുഖം, സർക്കാരിന്റെ നികുതിവരുമാനവും വൻതോതിൽ കൂട്ടും. ജൂലൈ 11ന് ട്രയൽറൺ തുടങ്ങിയശേഷം 55 കപ്പലുകളെത്തി. 10 കോടിയോളം രൂപ സർക്കാരിന് നികുതിയായി കിട്ടി.
തുറമുഖം പൂർണതോതിലാവുമ്പോൾ കണ്ടെയ്നർശേഷി 30 ലക്ഷമാവും. അപ്പോൾ പ്രതിവർഷം 500 കോടിയെങ്കിലും സർക്കാരിന്കി എട്ടും. ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേലുള്ള ഐ.ജി.എസ്.ടിയുടെ പകുതി സംസ്ഥാനത്തിനാണ്.
ചരക്കുകൾ ലോഡ്, അൺലോഡ് ചെയ്യുന്നതിനുള്ള ഫീസിനും തുറമുഖം കപ്പലുകൾക്ക് നൽകുന്ന സേവനങ്ങൾക്കും ഇന്ധനംനിറയ്ക്കുമ്പോഴും നികുതി ലഭിക്കും. തുറമുഖത്തെ വരുമാനത്തിന്റെ 18% ആണ് ജി.എസ്.ടിയായി ചുമത്തുന്നത്. ഇത് സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കും.
തുറമുഖം പൂർണതോതിലായശേഷം ഒരു കപ്പൽ വന്നുപോവുമ്പോൾ ഒരുകോടി രൂപയെങ്കിലും തുറമുഖത്തിന് ലഭിക്കും. തുറമുഖം പൂർണതോതിലാവുന്നതോടെ 20,000 കോടി നിക്ഷപവും 5500 നേരിട്ടുള്ള തൊഴിലും സൃഷ്ടിക്കപ്പെടും.
തുറമുഖാധിഷ്ഠിത വ്യവസായ ഇടനാഴികളും ക്ലസ്റ്ററുകളും സ്ഥാപിക്കും. വ്യവസായ-വാണിജ്യശാലകൾ, റിന്യൂവബിൾ എനർജി പാർക്ക്, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ് പാർക്ക്, അഗ്രികൾച്ചർ പാർക്ക്, ലോജിസ്റ്റിക് ആൻഡ് വെയർഹൗസിംഗ് എന്നിവയും വരും.