/sathyam/media/media_files/2025/08/12/1490217-k-muraleedharan-2025-08-12-13-57-40.webp)
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. തൃശ്ശൂരിൽ നടന്ന എം എ ജോൺ പുരസ്കാര സമർപ്പണം വേദിയിൽ മുരളീധരൻ നടത്തിയ പ്രസംഗമാണ് സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.
വേദിയിലുണ്ടാ യിരുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. തന്നെയും സതീശനെയും നിയമസഭയിൽ പിൻ ബെഞ്ചിൽ ഇരുത്തിയവർ ഇപ്പോൾ പിന്നിലായി. ലീഡർ കെ കരുണാകരന്റെ ശാപം കിട്ടിയ നേതാവ് അല്ല വി ഡി സതീശൻ എന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രമോഷന് തടസ്സം ഉണ്ടാവില്ലെന്നുമാണ് മുരളീധരൻ തുറന്നടിച്ചത്. ഇത് ചെന്നിത്തലയ്ക്കെതിരായ വിമർശനമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത്.
ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്ന രമേശ് ചെന്നിത്തല അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് തിരുത്തല്‍വാദവുമായി കോണ്‍ഗ്രസില്‍ പിടിമുറുക്കിയതും തന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചതും മറക്കാനും പൊറുക്കാനും തയ്യാറല്ലെന്ന സന്ദേശമാണ് മുരളി നൽകിയത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ആരോടെല്ലാം പൊറുത്താലും അച്ഛനെ വഞ്ചിച്ചവരോട് പൊറുക്കില്ല. കരുണാകരന്റെ മനസ്സില്‍ വേദനയുണ്ടാക്കിയവര്‍ രാഷ്ട്രീയമായി താഴോട്ട് പതിച്ചു. ദേശീയപാത തകര്‍ന്നതുപോലെയാണ് ഇവര്‍ക്ക് സംഭവിച്ചത്. ഇതിന് കാരണം കരുണാകരനില്‍ നിന്ന് കിട്ടിയ ശാപമാണെന്ന മുരളിയുടെ വാക്കുകൾ ഇത് അരക്കിട്ടുറപ്പിക്കുന്നതാണെന്നും നിരീക്ഷണമുണ്ട്. എഴുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആദര്‍ശത്തിന്റെ മുഖവും പരിവര്‍ത്തനവാദി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന എം. എ ജോണിന്റെ പേരിലുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയ ശേഷമായിരുന്നു മുരളീധരൻ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന കോണ്‍ഗ്രസില്‍ കെ കരുണാകരന്‍ അതിശക്തനും മുഖ്യമന്ത്രിയുമായിരുന്ന 1991- 94 കാലത്താണ് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എംഐ ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് ‘തിരുത്തല്‍വാദം’ എന്ന പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്. അധികാര ശ്രേണിയിലും പാര്‍ട്ടിക്കുള്ളിലും കെ മുരളീധരന്‍ സ്വാധീനമുറപ്പിക്കുന്നതില്‍ പരിഭവിച്ചാണ് ത്രിമൂര്‍ത്തി സംഘം പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്.
ഗ്രൂപ്പിന്റെ ആവിര്‍ഭാവം കരുണാകരനെ രാഷ്ടീയമായും വ്യക്തിപരമായും ഏറെ ക്ഷീണിപ്പിച്ചിരുന്നു. കാറപകടത്തെ തുടര്‍ന്ന് കരുണാകരന്‍ ചികിത്സക്കായി അമേരിക്കയിലായിരുന്ന കാലത്താണ് ചെന്നിത്തലയും കൂട്ടരും ചേര്‍ന്ന് അദ്ദേഹത്തിനെതിരെ പട നയിച്ചത്. തിരുത്തല്‍ വാദം തുടങ്ങിയതിന്റെ പിറ്റേവര്‍ഷം തന്നെ രമേശും കാര്‍ത്തികേയനും തിരുത്തല്‍വാദം ഉപേക്ഷിച്ച് വീണ്ടും കരുണാകര പാളയത്തില്‍ ചേക്കേറിയെങ്കിലും മുരളി ഇവരെ രണ്ട് പേരെയും ശത്രുപക്ഷത്താണ് അന്ന് മുതൽ നിര്‍ത്തിയിരുന്നത്.
ഇന്നും അതില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നാണ് മുരളിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. പാർട്ടി പുനഃസംഘടനാ ചർച്ചകൾ കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയത്തുള്ള മുരളിയുടെ പരാമർശം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്ള പിന്തുണയായാണ് കണക്കാക്കപ്പെടുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്തും പ്രതിപക്ഷ നേതാവിൻ്റെ നിലപാടുകൾക്കാണ് അദ്ദേഹം പിന്തുണ നൽകിയിരുന്നത്.
കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആയിരിക്കുമ്പോൾ പലതവണ രമേശ് ചെന്നിത്തല കെ മുരളീധരനുമായി ഒത്തുപോകാൻ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചർച്ചകൾ ഒന്നും ഫലവത്തായില്ലെന്ന യാഥാർത്ഥ്യമാണ് മുരളീധരന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us