/sathyam/media/media_files/2024/12/05/VzhrJ1bhXhDs2gYDJJRY.jpg)
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരന്‍ ഒഴിഞ്ഞേക്കും എന്ന അഭ്യൂഹം ശക്തമായതോടെ പ്രസിഡന്‍റ് സ്ഥാനത്തിനായി കരുക്കള്‍ നീക്കി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സാമുദായിക പരിഗണകള്‍ ചൂണ്ടിക്കാട്ടി അധ്യക്ഷ സ്ഥാനത്തെത്താനാണ് നേതാക്കള്‍ ചരടുവലി ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ പ്രതിപക്ഷ നേതാവ്, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നിവരൊക്കെ നായര്‍ വിഭാഗത്തില്‍ നിന്നായതിനാല്‍ ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പരിഗണന ലഭിക്കുക.
.
ചരടുവലിച്ച് പ്രകാശ്
ആ സാധ്യത മുന്നില്‍ കണ്ട് അടൂര്‍ പ്രകാശ് എംപി പ്രസിഡന്‍റ് സ്ഥാനത്തിനായി കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അവസാന യുഡിഎഫ് സര്‍ക്കാരിന്‍റെ പതനത്തിന് കാരണമായ ബാര്‍ കോഴ ആരോപണങ്ങള്‍ പുറത്തുവിട്ട കളങ്കിത വ്യവസായി ബിജു രമേശിന്‍റെ അടുത്ത ബന്ധുവാണ് അടൂര്‍ പ്രകാശ്. സംസ്ഥാനമൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുപോലും പരിചിതനല്ലെന്നതും ന്യൂനതയാണ്.
ആഗ്രഹങ്ങളുമായി ആന്‍റോ
ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ആന്‍റോ ആന്‍റണി എംപിയാണ് മറ്റൊരു പ്രധാന സ്ഥാനമോഹി. ഇദ്ദേഹം പെന്തക്കോസ്ത് വിഭാഗത്തിന് സ്വീകാര്യനാണെങ്കിലും ക്രൈസ്തവ സഭകള്‍ക്ക് അത്ര സ്വീകാര്യനല്ലെന്നതാണ് പ്രധാന ന്യൂനതയെങ്കിലും അവകാശവാദം ക്രൈസ്തവ കാർഡാണ്.
സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ നിന്ന് ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഉരുത്തിരിയുന്ന സന്ദര്‍ഭങ്ങള്‍ മുതലാക്കി വിജയിക്കുന്നതൊഴിച്ചാല്‍ മണ്ഡലത്തില്‍ അടിക്കടി പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ഇടപെടല്‍.
കേരളത്തിലെ ഏറ്റവും ശക്തമായ യുഡിഎഫ് ലോക്സഭാ മണ്ഡലമായ പത്തനംതിട്ടയില്‍ ഒറ്റ സീറ്റില്‍ പോലും യുഡിഎഫിന് എംഎല്‍എമാരില്ല.
ആന്‍റോയുടെ ശൈലിയിലുള്ള എതിര്‍പ്പും അതുമൂലം നേതാക്കളും പ്രവര്‍ത്തകരും പാർട്ടി വിട്ടുപോകുകയോ നിര്‍ജീവമാകുകയോ ചെയ്തതു മൂലമുള്ള ദുര്‍ബലാവസ്ഥയാണ് പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനെ ഈ നിലയില്‍ എത്തിച്ചത്.
എങ്കിലും ഓരോ ലോക്സഭാ ഇലക്ഷനുകളിലും വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കി അദ്ദേഹം വിജയിച്ചു വരുന്നുമുണ്ട്.
ശ്രമിച്ചില്ലെന്ന് വേണ്ടെന്നു കരുതി ലിജുവും
അവസരവും സാമുദായിക പരിഗണനകളും ഒത്തുവന്നപ്പോള്‍ ഇനി താനായി ശ്രമിച്ചില്ലെന്ന് വേണ്ടെന്ന് കരുതിയതിനാലാകണം സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവും പ്രസിഡന്‍റ് സ്ഥാനത്തിനായി അണിയറ നീക്കങ്ങള്‍ ആരംഭിച്ചു എന്നതാണ് കോണ്‍ഗ്രസിലെ ഏറ്റവും പുതിയ വാര്‍ത്ത. ഇതിനായി വേണുഗോപാലിന്‍റെ പിന്തുണയാണ് ലിജു തേടിയിരിക്കുന്നത്.
നിലവിലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ വഴിതെറ്റിക്കുന്നതില്‍ പ്രധാനി എന്ന ആരോപണമാണ് അടുത്തിടെവരെ ലിജു നേരിട്ടിരിക്കുന്നത്. ലിജുവിന്‍റെ മോഹങ്ങള്‍ പരിധിവിടുന്നുവെന്ന് കണ്ടപ്പോഴാണ് സുധാകരന് ലിജു കണ്ണിലെ കരടായത്.
സമുദായത്തിലും ടൈറ്റാണ് !
ഈഴവ സമുദായ പരിഗണനയാണ് ലിജു ചൂണ്ടിക്കാണിക്കുന്നത്. ഈഴവ സമുദായത്തില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ് കെ ബാബുവിന് അനാരോഗ്യം മൂലം പുതിയ ആഗ്രഹങ്ങളില്ല. അതും കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള പിന്നത്തെ നേതാവ് അഡ്വ. അനില്‍ ബോസാണ്.
വേണമെങ്കില്‍ അവിടെയും ഒരു കൈ നോക്കാന്‍ അനില്‍ ബോസിന് മടിയുമില്ല; കിട്ടിയില്ലെങ്കില്‍ പതിവുപോലെ പരാതിയുമില്ല.
കൊടി നാട്ടാന്‍ സുരേഷ് !
കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ ദൗര്‍ബല്യമായ പിന്നോക്ക പരിഗണന ചൂണ്ടിക്കാട്ടി ഇത്തവണയെങ്കിലും കെപിസിസി അധ്യക്ഷനാകാനുള്ള തീവ്ര ശ്രമത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപി. കൊടിക്കുന്നിലിനെ പ്രസിഡന്‍റാക്കിയാല്‍ ആകമാനം പിന്നോക്കക്കാരുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുമെന്നതാണ് അദ്ദേഹത്തിന്‍റെ ന്യായം.
അടൂര്‍ പ്രകാശിനെ പ്രസിഡന്‍റാക്കിയാല്‍ ഈഴവ സമുദായത്തിന്‍റെ ഒന്നാകെ പിന്തുണയും ആന്‍റോയെ നിയമിച്ചാല്‍ ക്രൈസ്തവരുടെ ആകെ പിന്തുണയും കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
ബലാബലങ്ങളില്ലാതെ !
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്‍റെ പുതിയ ദൗര്‍ബല്യമാണ് സമുദായം. ഒരു സമുദായത്തില്‍ നിന്ന് ഏതെങ്കിലും ഒരാളെ പദവിയിലെത്തിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമെങ്കില്‍ ആ പാര്‍ട്ടിക്ക് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. അതിനിയും ഗാന്ധിമാർ തിരിച്ചറിഞ്ഞിട്ടില്ല. ഇനി ഇത്തരമൊരു ശ്രമത്തിന് പോലും ത്രാണി ഇല്ലാത്തതുകൊണ്ട് മാത്രം ബെന്നി ബഹന്നാൻ രംഗത്തില്ല. അല്ലെങ്കിൽ എല്ലാം പൂർത്തിയാകുമായിരുന്നു.
അതിനിടെ പാര്‍ട്ടിയെ രക്ഷിക്കണമെങ്കില്‍ മേല്‍പ്പറഞ്ഞ പേരുകാരൊന്നും പോരാ, ശക്തമായ നേതൃത്വമാണ് വേണ്ടതെന്ന പൊതുവികാരം കോണ്‍ഗ്രസില്‍ ശക്തമാണ്.
യുവനിരയില്‍ നിന്നുള്ള നേതാക്കളെ ഉന്നത പദവികളിലേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. പിസി വിഷ്ണുനാഥ്, വിടി ബല്‍റാം, റോജി എം ജോണ്‍, കെഎസ് ശബരീനാഥന്‍ പോലുള്ള യുവ നേതാക്കളെ ഉന്നത പദവികളിലേയ്ക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.
മുതിര്‍ന്ന നേതാക്കളില്‍ കെ മുരളീധരനാണ് പ്രവര്‍ത്തക പിന്തുണയുള്ളത്.