കൊച്ചിയിൽ ദുബായ് ഇന്റർനെറ്റ് സിറ്റിയേക്കാൾ വലിയ സ്മാർട്ട് സിറ്റി വരും. ദൗത്യം ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. ടീകോമിനുള്ള നഷ്ടപരിഹാരം ലുലു നൽകിയേക്കുമെന്നും സൂചന. മനസു തുറക്കാതെ ലുലുവും സർക്കാരും. കരാർ പ്രകാരം സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടി. കൊച്ചി നഗരത്തിലെ കണ്ണായ 246 ഏക്കർ ഭൂമി ഇനിയെങ്കിലും വെറുതേ കാടുപിടിപ്പിക്കരുത്

17 വർഷമായിട്ടും ആറരലക്ഷം ചതുരശ്രയടിയുടെ ഒരു കെട്ടിടം, 3,000 ത്തിൽ താഴെ തൊഴിൽ, 37 കമ്പനികൾ, സ്വകാര്യ സ്‌കൂൾ, രണ്ട് സ്വകാര്യ ഐ.ടി ടവറുകൾ പൂർത്തിയാവുന്നു എന്നിവമാത്രമാണ് അവിടെ നടന്നത്.

New Update
kochi smart city
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കൊച്ചിയിലെ സ്‌മാർട്ട്സിറ്റി ദുബായ് ടീകോമിൽ നിന്ന് നഷ്ടപരിഹാരം നൽകി തിരിച്ചെടുത്ത് ലുലു ഗ്രൂപ്പിന് നൽകാനാണ് സർക്കാരിന്റെ നീക്കമെന്നറിയുന്നു. ലുലുവിന് നിലവിൽ സ്മാർട്ട് സിറ്റിയിൽ രണ്ട് കെട്ടിടങ്ങളുണ്ട്.

Advertisment

സെസ് പദവിയുള്ള സ്മാർട് സിറ്റിയിൽ സേവനങ്ങൾക്കെല്ലാം നികുതിയിളവുണ്ട്. അതിനാൽ അവിടെ വ്യവസായം തുടങ്ങാൻ ഐ.ടി കമ്പനികളുടെ ഡിമാന്റേറെയുണ്ട്.

ലുലുവിന് കൈമാറിയാൽ അവിടെ സ്മാർട്ട് സിറ്റി കരാറിലുള്ളതു പോലെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

ടീകോമിന് നൽകാനുള്ള നഷ്ടപരിഹാരം ലുലുവിൽ നിന്ന് ഈടാക്കി കൈമാറുന്നതും പരിഗണനയിലാണ്. ഇക്കാര്യങ്ങളിൽ സർക്കാരോ ലുലു ഗ്രൂപ്പോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ടീകോം ഒഴിഞ്ഞാൽ പദ്ധതി നടത്തിപ്പിന് നിരവധി കമ്പനികൾ സന്നദ്ധരാണെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു.


2,609 കോടി രൂപയുടെ നിക്ഷേപം, 10 ലക്ഷം ചതുരശ്രയടി ഐ.ടി പാർക്ക്, ആകെ 90,000 പേർക്ക് തൊഴിൽ, ആദ്യ അഞ്ചുവർഷത്തിനിടെ 5,000 തൊഴിൽ, പത്തു വർഷത്തിനിടെ 33,000 തൊഴിൽ, അന്താരാഷ്ട്ര നിലവാരത്തിൽ ടൗൺഷിപ്പ്, 58 ദശലക്ഷം ചതുരശ്രയടി സ്വകാര്യ കെട്ടിടം എന്നിങ്ങനെ ഉപാധികളോടെയായിരുന്നു ടീകോം കരാറൊപ്പിട്ടത്.


എന്നാൽ 17 വർഷമായിട്ടും ആറരലക്ഷം ചതുരശ്രയടിയുടെ ഒരു കെട്ടിടം, 3,000 ത്തിൽ താഴെ തൊഴിൽ, 37 കമ്പനികൾ, സ്വകാര്യ സ്‌കൂൾ, രണ്ട് സ്വകാര്യ ഐ.ടി ടവറുകൾ പൂർത്തിയാവുന്നു എന്നിവമാത്രമാണ് അവിടെ നടന്നത്.

smart city project

പദ്ധതി നടപ്പാക്കുന്നതിൽ ദുബായ് കമ്പനിയായ ടീകോം പരാജയപ്പെട്ടെങ്കിലും വർഷങ്ങളായി നിസംഗത പാലിച്ചിരിക്കുകയായിരുന്നു സർക്കാർ.

കൊച്ചി നഗരത്തിന്റെ കണ്ണായ പ്രദേശത്തെ 246 ഏക്കർ പാട്ടഭൂമി തിരിച്ചെടുക്കുമെന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ ഉയർന്നിരുന്നെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല.


എന്നാൽ ഐ.ടി വ്യവസായ ശൃംഖല വിപുലീകരിക്കാനുള്ള ലുലുവിന്റെ താത്പര്യം കൂടി പരിഗണിച്ചാണ് സ്മാർട്ട് സിറ്റിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പാർക്ക് കെട്ടിപ്പടുക്കാനും സർക്കാർ തീരുമാനമെടുത്തത്.


വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2007 നവംബർ 16ന് തറക്കല്ലിട്ട് 2011ൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്‌ചയാണ് ടീകോം നടത്തിയത്.

വാഗ്ദാനപ്രകാരമുള്ള നിർമ്മാണങ്ങളോ തൊഴിലോ ഉറപ്പാക്കാൻ കഴിഞ്ഞില്ല. വർഷങ്ങളായി സ്‌തംഭനാവസ്ഥയിലാണ്. ഡയറക്‌ടർ ബോർഡ് യോഗങ്ങൾ പോലും കൃത്യമായി നടന്നിട്ടില്ല.

കരാർലംഘനമുണ്ടായാൽ ടീകോമിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ട്. ടീകോമുമായി കരാറുണ്ടാക്കി 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ടീകോം ഒഴിയുന്നത്.


കരാറിലെ വ്യവസ്ഥകൾ ടീകോം ലംഘിച്ചാൽ ടീകോമിനുള്ള പാട്ടം അവസാനിപ്പിച്ച് മുഴുവൻ ഓഹരിയും സർക്കാരിന് വാങ്ങാമെന്നാണ് കരാറിലുള്ളത്. സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടിയായി കണക്കാക്കും.


ഈ സാഹചര്യത്തിൽ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ (എസ്.പി.വി.) ആസ്തികൾക്കുമേൽ ടീകോമിന് അവകാശമുണ്ടാകില്ല. സർക്കാർ ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കി ടീകോമിൽനിന്ന് ഈടാക്കാം.

ടീകോമും സർക്കാരും സംയുക്തമായി നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും തുകയെത്രയെന്ന് തീരുമാനിക്കുക.

d

പ്രത്യേക സാമ്പത്തികമേഖലയുടെ വിജ്ഞാപനത്തിലോ സ്ഥലം ഏറ്റെടുത്തു നൽകുന്നതിലോ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലോ വീഴ്ചവന്നെങ്കിൽ മാത്രമാണ് സർക്കാർ ടീകോമിന് നഷ്‌ടപരിഹാരം നൽകേണ്ടത്. ഇതിനിടയിലാണ് ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകാനുള്ള നീക്കം വിവാദമായത്.


അതേസമയം, ഈ നീക്കത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എതിർക്കുകയാണ്. 2005-ല്‍ എം.ഒ.യു വച്ചപ്പോള്‍ അഞ്ച് വര്‍ഷം, ഏഴ് വര്‍ഷം, പത്ത് വര്‍ഷം എന്നീ കാലയളവുകളില്‍ എന്താണ് ടീകോം ചെയ്യേണ്ടെന്നതു സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.


പത്ത് വര്‍ഷം കഴിയുമ്പോള്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നതായിരുന്നു ധാരണ. അഞ്ച് വര്‍ഷമാകുമ്പോള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതില്‍ നിന്നും എത്ര കുറച്ചാണോ ടീകോം നല്‍കുന്നത് അതില്‍ ഓരോ തൊഴിലിനും 6000 രൂപ നഷ്ടപരിഹരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അത്തരം വ്യവസ്ഥ പത്ത് വര്‍ഷവും ഉണ്ടായിരുന്നു.

2007-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഈ വ്യവസ്ഥകള്‍ മാറ്റി. എന്നാല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ 7, 11 വ്യവസ്ഥകള്‍ അനുസരിച്ച് എന്തെങ്കിലും വീഴ്ച ടീകോമിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ സര്‍ക്കാരിന്റെ എല്ലാ മുതല്‍മുടക്കും ചെലവഴിച്ച പണവും ടീകോമില്‍ നിന്നും ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു.

2007-ല്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ടീകോം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്.  ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.


ടീകോമിനോട് നഷ്ടപരിഹാരം ചോദിച്ചാല്‍ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തില്‍ പാസാക്കി ഭൂമി വില്‍ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.


ഒരുകാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും സതീശന്‍ പറഞ്ഞു. ഭൂമി പെട്ടന്ന് വേറെ ആര്‍ക്കോ കൊടുക്കുന്നതിനു വേണ്ടിയാണ് ഈ തിടുക്കം. അതിനു വേണ്ടിയാണ് ഈ പണി മുഴുവന്‍ ചെയ്തത്.

എന്തിനാണ് ടീകോമിന് പണം നല്‍കുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ. പല മന്ത്രിമാര്‍ക്കോ കക്ഷികള്‍ക്കോ ഇതേക്കുറിച്ച് അറിയില്ല. ഇതൊക്കെ പൊതുസമൂഹം കൂടി അറിയേണ്ടതാണ്.

പദ്ധതി ഇങ്ങനെ അവസാനിപ്പിക്കാനാണെങ്കില്‍ കരാറില്‍ എന്തിനാണ് വ്യവസ്ഥകള്‍ എഴുതി വച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ച് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നത് അംഗീകരിക്കാനാകില്ല.

പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള കാരണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള ഏകപക്ഷീയമായ നീക്കം സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Advertisment